www.kripainverterups.com

Breaking News


പുനലൂര്‍:കൊല്ലം - തിരുമംഗലം ദേശീയപാതയിലെ കോട്ടവാസല്‍ അടക്കമുള്ള നിരവധി പ്രദേശങ്ങളില്‍ മരം കടപുഴകി വീണു. ഇന്നലെ വൈകിട്ട് 6.30 ഓടെ ദേശീയപാതയില്‍ പുനലൂരിന് സമീപത്തെ വാളക്കോട്ട് രണ്ട് തേക്ക് മരങ്ങള്‍ പിഴുത് വീണ് വൈദ്യുതി ബന്ധം താറുമാറായി. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.ഇന്നലെ പുനലൂരില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ മുസാവരിയില്‍ മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.പുനലൂരില്‍ കാര്‍ വര്‍ക്ക്‌ ഷോപ്പില്‍ മരം ഒടിഞ്ഞു വീണു മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും അതില്‍ ഒരാളുടെ നില ഗുരുതരമാണ്.നിരവധി കാറുകളും തകര്‍ന്നു.പുനലൂര്‍ റെയില്‍വേ ഗേറ്റിനു സമീപം ഉള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു.പുനലൂര്‍ ഭരണിക്കാവില്‍ വിജയന്‍റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി സമീപത്ത് നിന്ന പ്ലാവ്‌ കാറ്റില്‍ ഒടിഞ്ഞു വീണു.ടി.ബി ജംഗ്ഷനില്‍ മരങ്ങള്‍ ഒടിഞ്ഞു വീണു.വൈദ്യുതി ലൈന്‍ തകര്‍ന്നതിനാല്‍ പുനലൂരും പരിസരങ്ങളിലും വൈദ്യതി മുടങ്ങി.ഇത്രയും പ്രതികൂല കാലാവസ്ഥയിലും പുനലൂര്‍ കെ.എസ്.ഈ.ബി ഉദ്യോഗസ്ഥര്‍ കയ്യും മെയ്യും മറന്നു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് പ്രശംസാര്‍ഹമാണ്. ഇന്നലെ രാത്രിയില്‍ ജില്ല കലക്ടര്‍ പുനരധിവാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.പുനലൂര്‍ താലൂക്കിലെ പ്രവര്‍ത്തനങ്ങളും പ്രശംസ അര്‍ഹിക്കുന്നു.ജില്ലാ കലക്ടറും തഹസീല്‍ദാര്‍ ജയന്‍.എം ചെറിയാനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും രാത്രിയിലും ഓഫീസ്‌ പ്രവര്‍ത്തിക്കുന്നതും പ്രശംസ അര്‍ഹിക്കുന്നു.വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പുനലൂര്‍ നഗരസഭ പരാജയം ആണെന്നാണ്‌ പൊതുജന അഭിപ്രായം.
ഇന്നലെ വൈകിട്ടും കനത്ത മഴ തുടര്‍ന്നതിനാല്‍ അഞ്ചല്‍ -പുനലൂര്‍ പാതയിലും പുനലൂരിലെ എം.എല്‍.എ റോഡിലും വെള്ളം കയറി. ഇതിന് സമീപത്തെ സ്വകാര്യ ആശുപത്രിയുടെ താഴത്തെ നില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.എം.എല്‍.എ റോഡിലുള്ള കുട്ടികളെ നോക്കുന്ന സ്വകാര്യ ആശുപത്രിയില്‍ ഭാഗികമായും വെള്ളം കയറി. ആശുപത്രിക്ക് സമീപത്തെ നഴ്സിംഗ് സ്കൂള്‍, അസംബ്ലി ഒഫ് ദി ചര്‍ച്ച്‌ അടക്കമുള്ളവയുടെ താഴത്തെ നിലയും വെള്ളത്തിലാണ്. പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയുടെ താഴത്തെനിലയില്‍ ഷോപ്പിംഗ് കോപ്ലക്സിലെ വ്യാപാരശാലകളിലെ സാധനങ്ങള്‍ നശിച്ചു. പുനലൂര്‍ താലൂക്കില്‍ വീടുകള്‍ നശിച്ചതിന് പുറമെ വ്യാപകമായ കൃഷിനാശവും ഉണ്ടായി.
 കനത്ത മഴയില്‍ മലയോര മേഖലയിലെ അച്ചന്‍കോവില്‍ കാനയാര്‍, കല്ലാര്‍ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. അച്ചന്‍കോവില്‍, കോന്നി ആറുകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
അച്ചന്‍കോവില്‍ ആവണിപ്പാറ, വടക്കേര തുടങ്ങി ആറ്റിന് അക്കരെ താമസിക്കുന്ന 37 ഓളം കുടുംബങ്ങള്‍ക്ക് ഒരാഴ്ചയായി പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. അച്ചന്‍കോവില്‍ - അലിമുക്ക് റോഡിലെ തുറ പാലത്തില്‍ നിന്ന് പത്തടി ഉയരത്തില്‍ വെള്ളം പൊങ്ങിയതിനാല്‍ ഇതുവഴിയുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെ പെയ്ത കനത്ത മഴയില്‍ അച്ചന്‍കോവില്‍ -ചെങ്കോട്ട റോഡിലെ ചെല്ലപ്പാ വളവില്‍ പാതയോരം ഇടിഞ്ഞ് ആറ്റിലേക്ക് വീണു. സമീപത്തെ വന്‍മരങ്ങള്‍ പിഴുത് 30മീറ്റര്‍ നീളത്തിലാണ് പാതയോരം ഇടിഞ്ഞത്. രാത്രി വൈകിയും മഴ ശക്തമായി തുടരുന്നതിനാല്‍ 52 കുടുംബങ്ങളെ അച്ചന്‍കോവില്‍ ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അച്ചന്‍കോവില്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജി. ഗിരീഷ്, പഞ്ചായത്ത് അംഗങ്ങളായ അച്ചന്‍കോവില്‍ സുരേഷ്ബാബു, ഗീത സുകുനാഥ്, വനപാലകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ബുധനാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലില്‍ അച്ചന്‍കോവില്‍ - അലിമുക്ക് - ചെങ്കോട്ട പാത തോടായി മാറുകയായിരുന്നു. അച്ചന്‍കോവിലിന് പുറമെ കുറവന്‍താവളത്തും ഉരുള്‍പൊട്ടി ചാലിയക്കര ആറ് കരകവിഞ്ഞ് ഒഴുകി.


അഞ്ചൽ: പകൽ  ഉച്ചക്ക് ഒരു മണിയോടെ വീശിയടിച്ച കാറ്റിൽ ഇടയം പറത്തക്കാട് ഏലായിലെ അഞ്ച് ഏക്കറോളം സ്ഥലത്തെ വാഴയും മരച്ചീനി കൃഷിയും നശിച്ചു. പനവേലി സ്വദേശി സണ്ണിയുടെ ഉടമസ്ഥതയിലുള്ള താണ് നിലം. ഇരുനൂറ്റി അമ്പതോളം വാഴയാണ് ഒടിഞ്ഞു വീണത്. എല്ലാം പകുതി വിളവെത്തിയതും കുടം വന്നതുമായ പ്രായത്തിലുള്ള താണ്.സമീപത്ത് ഇടയം നിർമ്മാല്യത്തിൽ സി.എം.ശശികുമാറിന്റെ കൃഷിയിടത്തിലെ ഇരുപത്തിയഞ്ചോളം വാഴകളും തകർന്നു.


അഞ്ചൽ: ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടുക്കൽ വയല പൂച്ചടിപ്പണയിൽ വീട്ടിൽ മനോജ് (22) ആണ് അറസ്റ്റിലായത്. അഞ്ചൽ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇയ്യാൾ ബൈക്ക് മോഷണം നടത്തിയിരുന്നു. ആഗസ്റ്റ് 12-ന് ഏറം സ്വദേശി  ദീപു വിന്റെ  ഹിറോ ഹോണ്ട സ്‌പ്ലെണ്ടർ മൊട്ടോർസൈക്കിൾ അഞ്ചൽ ചന്ത മുക്കിൽ നിന്നും മോഷണം പോയെന്ന പരാതിയിൻ മേൽ അഞ്ചൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. മനോജ് നിരവധി മോഷണകേസുകളിലെ പ്രതിയാണെന്ന് അഞ്ചൽ സി.ഐ.ടി സതികുമാർ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.