
പത്തനാപുരം: മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയില്‍ മലയോരമേഖലയിലെ ജനങ്ങള്‍ ദുരിതത്തില്‍. ഇവിടുത്തെ മിക്കപ്രദേശങ്ങളിലും വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഇതും വെള്ളപ്പൊക്കത്തിന് കാരണമായി. പത്തനാപുരം മേഖലയില്‍ കല്ലടയാറിന്റെ ഇരുകരകളിലുമായുളള എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഏകദേശം 37 ഓളം പേരെയാണ് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയത്.
പട്ടാഴി വടക്കേക്കര പഞ്ചായത്ത് മിച്ചഭൂമി പ്രദേശത്തെ ആറ് കുടുംബങ്ങളെ ഏറത്ത് വടക്ക് ഗവ.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്ബിലേക്കും പിറവന്തൂര്‍ പഞ്ചായത്തിലെ എലിക്കാട്ടൂരില്‍ കല്ലടയാറിന്റെ തീരത്ത് താമസിച്ച രണ്ട് കുടുംബങ്ങളെ എലിക്കാട്ടൂര്‍ ഗവ.എല്‍.പി.എസിലേക്കുമാണ് മാറ്റി പാര്‍പ്പിച്ചത്. മരങ്ങള്‍ ഒടിഞ്ഞുവീണതിനാല്‍ ചെമ്പനരുവി മേഖലയിലെ വെെദ്യുതബന്ധം പൂര്‍ണമായും താറുമാറായി. മാക്കുളം പാലനിര്‍മ്മാണത്തെ തുടര്‍ന്ന് സ്ഥാപിച്ച താത്കാലിക പാലം മുങ്ങിയതോടെ കമുകുംചേരി, മാക്കുളം, ചെന്നിലമണ്‍ നിവാസികള്‍ ഒറ്റപ്പെട്ടു. തര്യന്‍തോപ്പ് കടവിലെ തൂക്കുപാലത്തില്‍ കയറാനാകാത്ത വിധം ഇരുകരകളിലും വെള്ളംകയറി. പിടവൂര്‍, സത്യന്‍മുക്ക് ഗുരുമന്ദിരം പാലത്തില്‍ വെള്ളംകയറിയത് നാട്ടുകാരെ ദുരിതത്തിലാക്കി.
പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി, തലവൂര്‍, വിളക്കുടി പഞ്ചായത്തുകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് സംഭവിച്ചത്.
കല്ലടയാറിന്റെ തീരത്തുള്ള ഏതാനും കുടുംബങ്ങള്‍ വീടുവിട്ട് പോകാന്‍ ഇനിയും തയാറായിട്ടില്ല. റവന്യു വകുപ്പ് അധികൃതര്‍ മഴക്കെടുതിയില്‍ നാശം സംഭവിച്ച ചില പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഏതാനും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ