
തെന്മല: കാട്ടാന തോട്ടം തൊഴിലാളികളുടെ ഉറക്കം കെടുത്തുന്നു. കഴുതുരുട്ടി മൂന്നാം ഡിവിഷൻ ചപ്പാത്തിനു സമീപം കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ച മൂന്ന് കാട്ടാനകളാണു തൊഴിലാളികൾക്കു ഭീഷണിയാകുന്നത്. വനത്തിൽ നിന്നു കിലോമീറ്ററുകൾ അകലെയുള്ള ജനവാസ മേഖലയ്ക്കു സമീപത്താണു കാട്ടാന തമ്പടിച്ചിരിക്കുന്നത്. പുലർച്ചെ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികൾ കാട്ടാനയെ കണ്ട് ഭയന്ന് ഓടുകയാണ്.
ഓരോ ദിവസം സ്ഥലം മാറിയെത്തുന്ന കാട്ടാനകളെ പേടിച്ച് തൊഴിലാളികൾക്കു ടാപ്പിങ്ങിനു പോകാനും സാധിക്കുന്നില്ല. മാനേജ്മെന്റിനോടും വനംവകുപ്പിനോടും പരാതിപ്പെട്ടിട്ടും ഒരു നടപടിയുമില്ല. തൊഴിലാളികൾ ആനയെ പേടിച്ച് ടാപ്പിങ് ചെയ്തില്ലെങ്കിൽ കൂലിയില്ലാത്ത സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. അടിക്കടി തോട്ടം തൊഴിലാളികൾ ആനയുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നതാണ് ഇവരുടെ ഇപ്പോഴത്തെ ആനപ്പേടിക്കു കാരണം.
തോട്ടത്തിന്റെ അതിർത്തിയിലുള്ള സ്വകാര്യ വസ്തുക്കളിലെ തെങ്ങും വാഴയും ആന നശിപ്പിച്ചിട്ടിരിക്കുകയാണ്. വനത്തിൽ വെള്ളമില്ലാതായതോടെയാണു നെടുമ്പാറ തോട്ടിലേക്കു കാട്ടാനക്കൂട്ടം എത്തിയിരിക്കുന്നത്. നാട്ടിലെത്തിയ കാട്ടാനകളെ തിരികെ കയറ്റിവിടാൻ ഒരു നടപടിയും വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ