
കുളത്തൂപ്പുഴ: തെന്മല പരപ്പാർ അണക്കെട്ടു പ്രദേശത്തു നിന്നു കുടിയൊഴിപ്പിച്ചു സാംനഗറിൽ പുനരധിവസിപ്പിച്ച കുടുംബങ്ങൾക്കുള്ള കൈവശഭൂമിക്കു പട്ടയം നൽകാനുള്ള പദ്ധതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിൽ. പട്ടയ പദ്ധതിയുടെ നടപടികൾ പൂർത്തിയാക്കിയ വനം വകുപ്പ് കേന്ദ്രത്തിനു സമർപ്പിക്കുന്നതിനു അനുമതി ലഭിച്ചാലുടൻ റവന്യു വകുപ്പ് സാംനഗറിൽ സർവേ നടപടികൾക്കു തുടക്കമിടും. ഇതിനായി സർവേ വിഭാഗത്തിനു സർവേയർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു പുനലൂർ താലൂക്ക് വിഭാഗം കത്തു നൽകി.
കുടിയൊഴിപ്പിക്കപ്പെട്ടു പുനരധിവസിപ്പിച്ചപ്പോൾ 400 കുടുംബങ്ങളായിരുന്നു. ഇതിപ്പോൾ ആശ്രിതർ കൂടിയായി 660 കുടുംബങ്ങളായി. ഇവർക്കാണു പട്ടയം നൽകേണ്ടത്. പുനരധിവസിപ്പിച്ചതു വനഭൂമിയാണ്. ഇതിനു പട്ടയം നൽകാൻ പകരം റവന്യു ഭൂമി ഇടുക്കി കീഴാന്തൂർ വില്ലേജിൽ കണ്ടെത്തിയ 90 ഏക്കർ വനം വകുപ്പിനു കൈമാറിയിട്ടുണ്ട്. ഈ ഭൂമി വനവൽക്കരണത്തിന് അനുയോജ്യമെന്ന റിപ്പോർട്ടും ഭൂമി കൈമാറ്റം സംബന്ധിച്ച നടപടികളുമാണു കേന്ദ്രത്തിനു സമർപ്പിച്ചിട്ടുള്ളത്.
സാംനഗർ കൈവശ ഭൂമിക്കു കേന്ദ്രത്തിന്റെ അനുമതി ലഭ്യമാക്കാനായി പിസിസിഎഫ് പി.കെ.കേശവനെയാണു സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രാനുമതി ലഭ്യമാക്കി പട്ടയ വിതരണം മൂന്നു മാസത്തിനകം നടത്തണമെന്നായിരുന്നു 2017 സെപ്റ്റംബർ 20നു മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചത്. മൂന്നു മാസം പിന്നിട്ടിട്ടും കേന്ദ്രാനുമതി കടമ്പയായി തുടരുന്നതു പട്ടയവിതരണ നടപടികളെ ആശങ്കയിലാക്കുന്നു.
ഒരേക്കർവരെ കിട്ടിയ കൈവശഭൂമിക്കു പട്ടയം ഇല്ലാത്തതിനാൽ മൂന്നു പതിറ്റാണ്ടിലേറെയായി ഗുണഭോക്തൃ കുടുംബങ്ങൾ സാമ്പത്തിക ആവശ്യങ്ങൾക്കും മറ്റും ഭൂമി ഇടപാട് നടത്താനാകാതെ വലയുകയാണ്. സാംനഗറിന് ഒപ്പം റോസ്മല ദർഭക്കുള മിച്ചഭൂമി പ്രശ്നത്തിനും പരിഹാരം കാണുമെന്നായിരുന്നു വാഗ്ദാനം. അനുവദിച്ച ഭൂമി യഥാസമയം കൈവശപ്പെടുത്താതെ ഉപേക്ഷിച്ചതാണു ദർപ്പക്കുളം മിച്ചഭൂമി അനാഥമാകാൻ കാരണം.
വനവൽക്കരണവുമായി ബന്ധപ്പെട്ട നിർദിഷ്ട ഭൂമി വനം വകുപ്പ് ഏറ്റെടുത്തിരുന്നു. സാംനഗറിൽ ഒരേക്കറായിരുന്നു പകരം ഭൂമി. ആശ്രിതരുടെ എണ്ണം കണക്കിലെടുത്ത് ഇതിൽ താഴെയാകും. ഭൂമിയായി പട്ടയം നൽകുകയെന്നാണു വിവരം. സർക്കാർ സമർപ്പിച്ച പദ്ധതിയിൽ കേന്ദ്രാനുമതിക്കു തടസ്സമായി ഒന്നുമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണു വനം റവന്യു വകുപ്പുകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ