
പുനലൂര്‍: പുനലൂര്‍ -ചെങ്കോട്ട റെയില്‍പാതയിലെ ഗേജുമാറ്റ ജോലികള്‍ മന്ദഗതിയിലായതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളുമെന്ന് ആശങ്ക.
ന്യൂ ആര്യങ്കാവ് മുതല്‍ ഇടമണ്‍ വരെയുളള നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.
ദക്ഷിണ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ മനോഹരന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞമാസം പാത പരിശോധിച്ചിരുന്നു. തുടര്‍ന്ന് ന്യൂ ആര്യങ്കാവ് മുതല്‍ ഇടമണ്‍ വരെ പരീക്ഷണാര്‍ത്ഥം ട്രെയിന്‍ ഓടിക്കുകയും ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം അതെല്ലാം അടിയന്തരമായി പരിഹരിക്കണമെന്നും ഇടമണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കൊടുംവളവില്‍ അലൈന്മെന്റ് മാറ്റി പുതിയ ട്രാക്ക് നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ജോലികള്‍ ഇപ്പോള്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത്.
തെന്മല 13 കണ്ണറ പാലത്തിന് സമീപത്തെ തുരങ്കങ്ങളുടെ ഉയരം കൂട്ടുകയും ഇതിന്റെ ഇരുഭാഗത്തും ആര്‍ച്ചുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കമ്മിഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് വിശ്വസിച്ച് അടുത്തമാസം 31നകം പാത കമ്മിഷന് ചെയ്യുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗേജുമാറ്റ പ്രവര്‍ത്തനങ്ങള്‍ നടന്ന റീച്ചുകളിലെ ശേഷിക്കുന്ന ജോലികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഇടമണില്‍ പുതിയ ട്രാക്കിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുമില്ല. ഇതാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളുമെന്ന ആശങ്കയ്ക്ക് കാരണം.
അഞ്ച് മാസം മുമ്ബ് ഇടമണ്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്തെ കൊടുംവളവില്‍ ഷണ്ടിംഗിനിടെ ഗുരുവായൂര്‍ - ഇടമണ്‍ ഫാസ്റ്റ് പാസഞ്ചറിന്റെ എന്ജിന് പാളം തെറ്റിയിരുന്നു. പിന്നീട് ഒറ്റക്കല്ലില്‍ മെറ്റില് ഇറക്കിയ ശേഷം ഇടമണിലേക്ക് വന്ന ഗുഡ്സും ഇവിടെ പാളം തെറ്റി. കൊടുംവളവായതിനാലാണ് ഇവിടെ എന്ജിന് പാളം തെറ്റാന്‍ കാരണമെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാളം മാറ്റി സ്ഥാപിച്ചെങ്കിലും അലൈന്മെന്റില് കാര്യമായ മാറ്റം വരുത്തിയില്ല. സുരക്ഷാ പരിശോധനയ്ക്കിടെ കമ്മിഷണര്‍ ഇത് കണ്ടെത്തുകയും ഇടമണ്‍ സ്റ്റേഷന് കിഴക്ക് ഭാഗത്തെ അലൈന്മെന്റ് മാറ്റി ഇവിടെ പുതിയ ട്രാക്ക് പണിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതിനുള്ള ഒരു പ്രവര്‍ത്തനവും ഇനിയും തുടങ്ങിയിട്ടില്ല. പണിആരംഭിച്ചാല് തന്നെ പൂര്‍ത്തിയാകാന്‍ ഒന്നര മാമെങ്കിലും വേണ്ടിവരുമെന്നാണ് കരാറുകാര്‍ പറയുന്നത്. അതേസമയം ഇടമണ്‍ ഭാഗത്തെ അലൈന്മെന്റ് മാറ്റിയുളള നിര്‍മ്മാണ ജോലികള്‍ രണ്ടാഴ്ചയ്ക്കുളളില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
2010 സെപ്തംബറിലാണ് ഇതുവഴി ഉണ്ടായിരുന്ന മീറ്റര്‍ ഗേജ് ട്രെയിന്‍ സര്‍വീസ് ഗേജുമാറ്റ പ്രവര്‍ത്തനങ്ങള്‍ക്കായി നിറുത്തിവച്ചത്. മൂന്ന് വര്‍ഷത്തിനുളളില്‍ പണി പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഏഴ് വര്‍ഷം പിന്നിട്ടിട്ടും ഉറപ്പ് പാലിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ