
പുനലൂര്‍ : കടുത്ത വേനലില്‍ കുടിവെള്ളത്തിന് നട്ടം തിരിഞ്ഞ് പുനലൂര്‍ നിവാസികള്‍,എല്ലാ വേനല്‍ക്കാലങ്ങളിലും ഇതിന് പരിഹാരം കാണും എന്ന് പറയുന്നതല്ലാതെ വര്‍ഷങ്ങളായി ഒന്നും നടക്കാറില്ല. ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കല്ലടയാറ്റില്‍ ജലനിരപ്പ് കുത്തനെ കുറഞ്ഞു. ഇതുമൂലം വിവിധ ജലവിതരണ പദ്ധതികള്‍ക്ക് വെള്ളം പമ്പ് ചെയ്യുന്നത് പ്രതിസന്ധിയിലായി. പുനലൂര്‍ നഗരസഭയ്ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പുനലൂര്‍ ജലവിതരണ പദ്ധതിയാണ് ഏറെ പരുങ്ങലിലായത്. ആറ്റില്‍ വെള്ളം പമ്പ് ചെയ്യുന്നതിനായി നിര്‍മിച്ചിട്ടുള്ള കിണര്‍ ജലനിരപ്പിനുമേല്‍ തെളിഞ്ഞു. ഇതുമൂലം കിണറ്റിലേക്ക് വെള്ളമിറങ്ങാത്തത് പമ്പിങ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കടുത്ത ജലക്ഷാമത്തില്‍ നട്ടംതിരിയുകയാണ് പുനലൂര്‍.
മീനാട്, കുണ്ടറ എന്നിവയടക്കം ജില്ലയിലെ പല പ്രധാന ജലവിതരണപദ്ധതികള്‍ക്കും വെള്ളമെടുക്കുന്നത് കല്ലടയാറ്റില്‍നിന്നാണ്. പുനലൂരിലാണ് ഇവയുടെ പമ്പ് ഹൗസ് സ്ഥാപിച്ചിട്ടുള്ളത്. തൂക്കുപാലത്തിനും താഴെ നിര്‍മിച്ചിട്ടുള്ള കിണറ്റില്‍നിന്നാണ് പുനലൂര്‍ ജലവിതരണപദ്ധതിക്ക് വെള്ളമെടുക്കുന്നത്. ആറ്റില്‍ ജലനിരപ്പ് കുറഞ്ഞതുമൂലം ഈ ഭാഗത്തേക്ക് ഇപ്പോള്‍ വേണ്ടത്ര വെള്ളമൊഴുകിയെത്തുന്നില്ല. ആറ്റില്‍ നിര്‍മിച്ചിട്ടുള്ള കല്ലടപ്പാലത്തിന്റെ കൂറ്റന്‍ തൂണുകള്‍ െറയില്‍വേ ഗേജ്മാറ്റത്തിന്റെ ഭാഗമായി വീതികൂട്ടി കോണ്‍ക്രീറ്റ് ചെയ്തതോടെ ഒഴുക്കും കുറഞ്ഞു. നിലവില്‍ കിണറ്റില്‍ വെള്ളം നിറയുന്നതിനുവേണ്ടി ഓരോ രണ്ടുമണിക്കൂറിലും പമ്പിങ് നിര്‍ത്തിവയ്ക്കുകയാണ്.
50 ലക്ഷം ലിറ്റര്‍ വെള്ളമാണ് ദിവസവും നഗരസഭാ പ്രദേശത്ത് വിതരണം ചെയ്തിരുന്നത്. ഇപ്പോഴിത് 30 ലക്ഷം ലിറ്ററായി ചുരുങ്ങി. നേരത്തെ 24 മണിക്കൂറും വെള്ളം പമ്പ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 12-14 മണിക്കൂര്‍ മാത്രം. ഇതുമൂലം കടുത്ത ജലക്ഷാമത്തിലാണ് പുനലൂര്‍. ഉയര്‍ന്ന സ്ഥലങ്ങളിലൊന്നും വെള്ളമെത്തുന്നില്ല. പേപ്പര്‍മില്ലിന് സമീപത്തെ തടയണ ഉയര്‍ത്തുകയാണ് ഇതിന് പരിഹാരം. എന്നാല്‍ വര്‍ഷാവര്‍ഷം എസ്റ്റിമേറ്റ് തയ്യാറാക്കുന്നതല്ലാതെ നിര്‍മാണ പ്രവര്‍ത്തനത്തിന് നടപടിയില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ