
തെന്മല: വെള്ളിമലയിൽ ഓട്ടോയിൽ ഇടിച്ച ലോറി നിർത്താതെ പോയി; ഈ ലോറിയാണെന്നു കരുതി മറ്റൊരു സ്ഥലത്ത് അപകടത്തിൽപ്പെട്ട ലോറി, പൊലീസും നാട്ടുകാരും ചേർന്നു തടഞ്ഞു. നിജസ്ഥിതി മനസിലാക്കിയതോടെ ഈ ലോറി വിട്ടുനൽകി. ഇന്നലെ വൈകിട്ട് നാലിനാണു വെള്ളിമലയിൽ ഓട്ടോയിൽ ഇടിച്ച ലോറി നിർത്താതെ പോയത്. നാട്ടുകാർ ഉടൻ ഇടമൺ, ഉറുകുന്ന് എന്നിവിടങ്ങളിലെ ഓട്ടോറിക്ഷക്കാരെയും പൊലീസിനെയും വിവരം അറിയിച്ചു. ഈ സമയം ചാലിശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട കർണാടക റജിസ്ട്രേഷൻ ലോറി എത്തി.
ഓട്ടോ – ടാക്സി ഡ്രൈവർമാരും പൊലീസും പിന്തുടർന്ന് ഈ ലോറി പിടികൂടി, ഡ്രൈവറെ ചോദ്യം ചെയ്തു. തങ്ങളുടെ വാഹനമല്ല ഓട്ടോയിൽ തട്ടിയതെന്ന് ഡ്രൈവറും സഹായിയും പറഞ്ഞെങ്കിലും ലോറിയിൽ അപകടത്തിന്റെ അടയാളം കണ്ടതു സംശയത്തിന് ഇടയായി. ലോറി ജീവനക്കാർ കഴിഞ്ഞ ദിവസം നടന്ന അപകടമാണെന്നു പറയുകയും ഇതിന്റെ തെളിവായി ചാരിശേരി പൊലീസ് സ്റ്റേഷനിലെ നമ്പർ തെന്മല പൊലീസിനു കൈമാറുകയും ചെയ്തു. പൊലീസ് ചാലിശേരി സ്റ്റേഷനിൽ വിളിച്ചു നിജസ്ഥിതി ബോധ്യപ്പെട്ടതോടെ ലോറി വിട്ടയച്ചു. വെള്ളിമലയിൽ അപകടം വരുത്തിയ ലോറി വൈകിയും കണ്ടെത്തിയില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ