
പത്തനാപുരം: മാലിന്യസംസ്ക്കരണ പദ്ധതികളെല്ലാം നിലച്ചതിനെതുടര്ന്് നഗര ഹൃദയത്തില്‍ മാലിന്യം കുന്നുകൂടുന്നു. പൊളിച്ച് മാറ്റിയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ സ്ഥലത്തേക്ക് കൂടി മാലിന്യം വ്യാപിച്ചിരിക്കയാണ്. പൊതുമാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്തിട്ട് ആഴ്ചകളാകുന്നു.
മത്സ്യമാംസാവശിഷ്ടങ്ങള്‍ കുന്നുകൂടി പുഴുവരിച്ച നിലയില്‍ ദുര്‍ഗന്ധം വമിക്കുകയാണ്. ഈ അവസ്ഥ വ്യാപാരികളെയും പൊതുജനങ്ങളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു . പ്രദേശമാകെ ദുര്‍ഗന്ധം പരക്കുന്നത് കാരണം ഠൗണിലൂടെ പോലും മൂക്കുപൊത്താതെ യാത്ര ചെയ്യാന്‍ കഴിയാറില്ല.
മാലിന്യസംസ്കരണത്തിനായി അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു. മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതും സംസ്കരണത്തിനായി പ്രത്യേകസ്ഥലം കണ്ടെത്താന്‍ കഴിയാത്തതുമാണ് പ്രധാന പ്രശ്നം. എസ് എഫ് സി കെയുടെ പറങ്കിമാംതോട്ടത്തിലും പഞ്ചായത്തിന്റെ നീലിക്കോണത്തെ വസ്തുവിലും മാലിന്യനിക്ഷേപത്തിന് ശ്രമമുണ്ടായെങ്കിലും നടന്നില്ല.
പിന്നീട് പല തവണ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ അവലോകന യോഗങ്ങള്‍ നടന്നെങ്കിലും മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. മാര്‍ക്കറ്റിനുള്ളില്‍ വൈദ്യുതി ഉത്പാദനത്തിനായി ബയോഗ്യാസ് പ്ലാന്റും ജൈവവള നിര്‍മാണത്തിനായി എയ്റോബിക് പ്ലാന്റും സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇവ ഫലപ്രദമല്ല.
മാര്‍ക്കറ്റിലെ വ്യാപാരികള്‍ അതാത് വ്യാപാരശാലകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും നിര്‍ദേശം നല്‍കിയെങ്കിലും അതും പ്രായോഗികമായില്ല. ദുര്‍ഗന്ധം കാരണം വ്യാപാരശാലകളില്‍ എത്താനും ജനം മടിക്കുന്നു.
മാലിന്യനീക്കത്തിനായി മാത്രം പ്രതിമാസം നാല്‍പ്പതിനായിരം രൂപയാണ് പത്തനാപുരം പഞ്ചായത്ത് ചിലവഴിക്കുന്നത്. പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുമ്ബോഴും പൊതുജനത്തിന്റെ ബുദ്ധിമുട്ടിന് പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ