
പുനലൂര്‍: ട്രാക്കിലേയ്ക്ക് മരങ്ങള്‍ വീണ് സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് ഇന്നെലെ റെയില്‍വേ സുരക്ഷാ വിഭാഗം കൊല്ലം-ചെങ്കോട്ട പാതയില്‍ കിളികൊല്ലുരിനും ആര്യങ്കാവിനുമിടയില്‍ സുരക്ഷാ പരിശോധന നടത്തി.
ഈ ലൈനില്‍ നിരന്തരമായി മരങ്ങള്‍ വീണ് സര്‍വീസ് തടസപ്പെടുന്നത് കണക്കിലെടുത്താണ് പരിശോധന നടത്തിയത്. മരങ്ങള്‍ വീഴുന്നതിനെ തുടര്‍ന്നുള്ള ഭീഷണി കണക്കിലെടുത്ത് പാലരുവി എക്സ്പ്രസ് കൊല്ലത്തിനും തിരുനെല്‍വേലിക്കും ഇടയില്‍ ഒരാഴ്ചത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.
കൂടാതെ ഈ പാതയില്‍ ട്രെയിനുകളുടെ വേഗത 30 കിലോമീറ്ററില്‍ നിന്നും 20 ആയി കുറച്ചു. പ്രത്യേകം തയാറാക്കിയ ട്രോളിയില്‍ ഇന്നലെ രാവിലെ 10.30 ഓടെ കിളികൊല്ലൂരില്‍ നിന്നും ദക്ഷിണ റെയില്‍വേയുടെ മധുര ഡിവിഷനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആണ് പരിശോധന നടത്തിയത്. ട്രാക്കിന് ഇരുവശവും റെയില്‍വേ ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും നില്ക്കുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
മരം മുറിച്ചുമാറ്റാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അടിയന്തിര നോട്ടീസ് നല്‍കും. ഗാട്ട് സെക്ഷന്‍ വരുന്ന ഇടമണിനും ഭഗവതിപുര ത്തിനും ഇടയ്ക്ക് ട്രാക്കിനോട് ചേര്‍ന്ന് വനഭൂമിയില്‍ നില്ക്കുന്ന മരങ്ങള്‍ കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വനം വകുപ്പാണ് ഈ മരങ്ങള്‍ മുറിച്ചു മാറ്റേണ്ടത്.ഇതിനായി വനംവകുപ്പിനും നോട്ടീസ് നല്‍കും. സുരക്ഷാ പരിശോധനയ്ക്ക് സീനിയര്‍ ഡിവിഷന് എഞ്ചിനീയര്‍ ഐ.പ്രഭാകരന്, ഡി വിഷന്‍ സേഫ്റ്റി കമ്മീഷണര്‍ പി.ബാലചന്ദ്രന്, ചെങ്കോട്ട സബ് ഡിവിഷന് എന്ഞ്ചീനീയര് ഉത്തമന് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ