
പുനലൂര്‍: പുനലൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന്റെ നിര്‍മാണം ആരംഭിച്ച് പതിനഞ്ച് വര്‍ഷം പിന്നിടുമ്പോഴും പൂര്‍ത്തിയാക്കാന്‍ ആയില്ല.
മാസ്റ്റര്‍പ്ലാന്‍ പോലും തയാറാക്കാതെ വികസനത്തിനായി കോടികള്‍ മുടക്കിയിട്ടും ഇപ്പോഴും പാതിവഴിയില്‍ നിലച്ച മട്ടാണ്. അറുപതിലധികം വര്‍ഷം പഴക്കമുള്ളതടക്കം അസൗകര്യമായി തുടരുന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി ഉള്ള സ്ഥലം പൂര്‍ണമായും പ്രയോജനപ്പെടുത്തുവാന്‍ നടപടികളില്ലാത്തതാണ് വികസനത്തിന് തടസം.
ബസ് സ്റ്റാന്റ് നിര്‍മ്മാണം ആരംഭിച്ചതുമുതല്‍ വിവാദങ്ങളും തടസങ്ങളും പതിവായിരുന്നു. ബസ് സ്റ്റാന്റ് ഇവിടെ നിന്നും വെട്ടിപ്പുഴയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതി കോടതിയും കേസുമായി ഒരു വ്യാഴവട്ടകാലം പോയി. ഒടുവില്‍ കല്ലടയാറിന്റെയും വെട്ടിപ്പുഴ തോടിന്റേയും പുറമ്പോക്കുമടക്കം എണ്‍പത്തി അഞ്ചു സെന്റ്സ്ഥലം റവന്യു വകുപ്പില്‍ നിന്നും നഗരസഭ പതിച്ചു വാങ്ങിയാണ് ഒടുവില്‍ ബസ് സ്റ്റാന്റ് നവീകരണം തുടങ്ങിയത്.
2002 ല്‍ എം.പി അച്ചുതന് എം.പിയുടെ ഫണ്ടില്‍ ആരംഭം കുറിച്ച പുനലൂര്‍ ബസ് സ്റ്റാന്റ് നിര്‍മ്മാണം ഒന്നര പതിറ്റാണ്ടു കഴിയുമ്പോഴും എങ്ങുമെത്തിയില്ല.എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.എന്‍.ബാലഗോപാല്‍, സ്ഥലം എം.എല്‍.എ കെ.രാജു എന്നീ ജനപ്രതിനിധികളുടെ പ്രാദേശിക ഫണ്ടില്‍ നിന്നും കൂടാതെ നഗരസഭയുടെ അടക്കം കോടി കണക്കിന് രൂപയാണ് അനുവദിച്ച് കെട്ടിടം വിപുലീകരണം അടക്കമുള്ള പണികള്‍ തുടങ്ങിയത്.
നഗരസഭ വക ഷോപ്പിംഗ് കോംപ്ളക്സ് കൂടി ഉള്‍പ്പെട്ടതാണ് ഈ കെട്ടിട സമുച്ചയം. വസ്തു നഗരസഭയുടെയും, കെട്ടിടം കെ.എസ്.ആര്.ടി.സിയുടെയും ആയത് വകുപ്പുകള്‍ തമ്മില്‍ നിയമ പരമായ തര്‍ക്കങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ട്.
മുന്‍ നഗരസഭാ ഭരണാധികാരികള്‍ വാടക ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സിക്ക് കത്ത് നല്‍കിയിരുന്നു. അതിനെതിരേ കെ.എസ്.ആര്.ടി.സി നിയമ നടപടിയുമായി മുന്നോട്ടു പോയി. ഇപ്പോഴും വകുപ്പുകള്‍ തമ്മില്‍ ധാരണ എത്തിയിട്ടില്ല.
നിലവില്‍ 12 മുറികള്‍ നഗരസഭയുടെ കൈവശമാണ് . മുറികള്‍ തര്‍ക്കം കാരണം അടച്ചിട്ടിരിക്കുന്നതിനാല്‍ ലക്ഷക്കണക്കിനു രൂപാ നഗരസഭയ്ക്കു വരുമാനം നഷ്ടപ്പെടുകയാണ്. ഈ കെട്ടിടങ്ങളുടെ ഷട്ടറുകളും മറ്റും ദ്രവിച്ചു തുടങ്ങി. എന്നിട്ടും തര്‍ക്കങ്ങള്‍ ഇരുംവരും തീര്‍ക്കുന്നില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ബസ് സ്റ്റാന്റ് വികസനത്തിന് സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ.രാജു രണ്ട് ഘട്ടമായി രണ്ട് കോടി രൂപ അനുവദിക്കുകയും പ്രത്യേക താല്പര്യമെടുത്ത് എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ ചെയ്ത് കോണ്‍ട്രാക്ടറെ പണി ഏല്പിച്ചു. ഇതും പാതിവഴിയില്‍ നിലച്ച മട്ടാണ്.
80 ലക്ഷം രൂപ തറ നിരപ്പാക്കി ടൈല്‍ പാകി മനോഹരമാക്കുന്നതിനും കെട്ടിട നിര്‍മാണത്തിന് 80 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ഇത് കുറവാണെന്ന് കണ്ടാണ് പിന്നീട് 40 ലക്ഷം രൂപ കൂടി അനുവദിച്ചത്. കെട്ടിട നിര്‍മാണത്തിന് ആറുമാസ കാലാവധിയും ടൈല്‍സ് പാകുന്നതിന് നാലു മാസവുമാണ് നിര്‍മ്മാണ കാലാവധി.
പണികള്‍ ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞെങ്കിലും പകുതി പോലും പൂര്‍ത്തിയാക്കാനായില്ല. എന്നാല്‍ സ്റ്റാന്‍ഡില്‍ അസൗകര്യമായി നില്ക്കുന്ന കെട്ടിടം പൊളിക്കുവാന്‍ കെ.എസ്.ആര്.ടി.സി തയാറാകാത്തതിനാല്‍ പണികള്‍ ഇഴഞ്ഞ് നീങ്ങുകയാണെന്ന് കരാറുകാരന് പറയുന്നു.
പൊതുമരാമത്തു വിഭാഗമാണ് മേല്‍നോട്ടം വഹിക്കുന്നത്. ഇവര്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നത് പോലുമില്ല. ടൈല്‍ പാകല്‍ കാലവധി ഇനി ഒരു മാസമാണ് അവശേഷിക്കുന്നത്. കെട്ടിട നിര്‍മാണമടക്കം ഇങ്ങനെ പോയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും പൂര്‍ത്തിയാകില്ല. മാത്രമല്ല പണിഎടുത്ത കരാറുകാരന് അടങ്കല്‍ തുകയില്‍ നിന്നും 25 ശതമാനം കുറച്ചാണ് ജോലി ഏറ്റെടുത്തിട്ടുള്ളത്.
പണികള്‍ നീണ്ടാല്‍ തന്നെ എസ്റ്റിമേറ്റില്‍ പറഞ്ഞിരിക്കുന്ന അളവിലും ഗുണമേന്മയിലും അപാകത ഉണ്ടാകും എന്നും സംശയിക്കേണ്ടിയിരിക്കുന്നു. 34500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് സ്റ്റാന്‍ഡില്‍ ടൈല്‍ പാകുന്നത്. പണി ആരംഭിച്ചതോടെ ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം പുനലൂര്‍ ചെമ്മന്തൂരിലുള്ള മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലേക്കു മാറ്റി.അതോടെ ജനത്തിന്റെ ദുരിതവും പണച്ചിലവും വര്‍ദ്ധിച്ചു.
ഈ രണ്ടു സ്റ്റാന്റുകള്‍ തമ്മില്‍ രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട്. മുനിസിപ്പല്‍ സ്റ്റാന്റില്‍ നിന്നും ട്രിപ്പ് ഒപ്പറേറ്റുചെയ്ത് ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റില്‍ വന്നു പോകുവാന്‍ തീരുമാനിച്ചു സര്‍വീസ് ആരംഭിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഹനങ്ങള്‍ ഒന്നും തന്നെ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റിനു സമീപം വരാതെ ആയി. ചെമ്മന്തൂര്‍ സ്റ്റാന്റില്‍ നിന്നും കൊല്ലം ഭാഗങ്ങളിലേക്കു പോകുന്ന ബസുകള്‍ കെ.എസ്.ആര്.ടിസി ജംഗ്ഷനില്‍ വരാത്തതും യാത്രക്കാര്‍ക്ക് ചെമ്മന്തൂര്‍ എത്തിച്ചേരുന്നതിന് ലോക്കല്‍ ബസ് ട്രിപ്പുകള്‍ ഇല്ലാത്തതും ബുദ്ധിമുട്ടായി.
അതുപോലെ കൊല്ലത്തു നിന്നും പുനലൂരില്‍ വരുന്ന ബസ് ചെമ്മന്തൂരില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നത് യാത്രക്കാരെ പാതി വഴിയില്‍ ഇറക്കിവിടുന്നതിനു തുല്യമായി. ഇത് വ്യാപകമായ പരാതിക്കിടയാക്കിയതോടെ നിവൃത്തികെട്ട് വീണ്ടും കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റില്‍ നിന്ന് തന്നെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.
മഴ കൂടിയായതോടെ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റിന്റെ പണി നടക്കുന്നില്ല. സ്റ്റാന്‍ഡിലെ പഴയ കെട്ടിടം ഇതു വരെ പൊളിച്ചു മാറ്റിയിട്ടില്ല. പണിയുടെ നിര്‍മ്മാണച്ചുമതല ഉള്ള പൊതുമരാമത്തു വകുപ്പിനു പോലും ഡിപ്പോ നവീകരണം എന്ന് തീരുമെന്നറിയില്ല.
മന്ത്രി കൂടിയായ സ്ഥലം എം.എല്‍.എക്ക് ഈ വിഷയത്തില്‍ ഇടപെട്ട് സമയബന്ധിതമായി തീര്‍ക്കുവാന്‍ സമയമില്ലേ എന്ന ചോദ്യം അവശേഷിക്കുകയാണ്. പുനലൂരിന്റെ വികസനം എന്നും ഇങ്ങനെയാണ് തുടങ്ങി വെക്കും എന്നാല്‍ ഒന്നും പൂര്‍ത്തിയാവുകയില്ല.സമീപപ്രദേശങ്ങള്‍ പുരോഗതി പ്രാപിക്കുമ്പോള്‍ എന്നും പുനലൂരിന് മാത്രമാണ് ഈ ദുര്‍ഗ്ഗതി ഉള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ