*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വീടുകളില്‍ ELCB അനാവശ്യ ഉപകരണമോ ?: സുജിത് കുമാര്‍


വീടുകളിലും മറ്റും വയറിംഗ് നടത്തുമ്പോൾ ഒരു അനാവശ്യ ഉപകരണം എന്ന് കണക്കാക്കി പലരും ELCB (എർത്ത് ലീക്കേജ് സർക്കീട്ട് ബ്രേക്കർ) അഥവാ RCCB ( റസിഡ്വൽ കറന്റ് സർക്കീട്ട് ബ്രേക്കർ) ഒഴിവാക്കുന്നതോ പിന്നേയ്ക്ക് മാറ്റി വയ്ക്കുന്നതോ ആയി കാണാറുണ്ട്. ചില ഇലക്ട്രീഷ്യന്മാരാകട്ടെ എപ്പോഴും 'ട്രിപ്പ് ' ആയി ഇതൊരു വയ്യാവേലി ആകുന്നതിന്റെ ഉദാഹരങ്ങളൊക്കെ ചൂണ്ടിക്കാണിച്ച് പിൻതിരിപ്പിക്കാൻ ശ്രമിച്ചു എന്നും വരാം.

ELCB യെക്കുറിച്ച് ചില വിവരങ്ങൾ:
10 മില്ലി ആമ്പിയർ കറന്റ് നമ്മുടെ ശരീരത്തിലൂടെ കടന്ന് പോകുമ്പോൾ തന്നെ നമുക്ക് വൈദ്യുതിയുടെ സാന്നിദ്ധ്യം അറിയാനാകും. ശരീരത്തിലൂടെ കടന്നു പോകുന്ന കറന്റിന്റെ തീവ്രതയും എത്ര നേരം അത് കടന്നു പോകുന്നു എന്നതും ഏത് അവയവങ്ങളിലൂടെയാണ്‌ കടന്ന് പോകുന്നത് എന്നുമെല്ലാമാണ്‌ വൈദ്യുതാഘാതം മരണകാരണമാകുമോ എന്ന് നിശ്ചയിക്കുന്ന ഘടകങ്ങൾ. വൈദ്യുതി കടന്നു പോകുമ്പോൾ പേശികൾക്കുണ്ടാകുന്ന സങ്കോചവും അതോടനുബന്ധിച്ചുള്ള റീഫ്ലക്സ് പവർത്തനവുമാണ്‌ ഷോക്ക് ആയി അനുഭവപ്പെടുന്നത്. കൂടുതൽ നേരം വൈദ്യുതി ശരീര കലകളിലൂടെ കടന്ന് പോകുമ്പോൾ അവ വിഘടിക്കാനും പ്രതിരോധം കുറഞ്ഞ് കൂടുതൽ വൈദ്യുതി ഒഴുകാൻ കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ കയ്യിലൂടെ ഒഴുകുന്ന വൈദ്യുതി കൈകളുടെ പേശികളെ സങ്കോചിപ്പിക്കുന്നത് എത്ര അപകടകരമാണോ‌ അതിൽ പതിന്മടങ്ങ് അപകടകരമായിരിക്കും ഹൃദയ പേശികളിലൂടെ കടന്നു പോകുമ്പോൾ. ഏതാനും സെക്കന്റുകൾ ഹൃദയ പേശികൾ സങ്കോചിച്ച് ഹൃദയം പണിമുടക്കുന്നത് എത്രത്തോളം അപകടകരമായിരിക്കുമെന്ന് ചിന്തിക്കാവുന്നതല്ലേ ഉള്ളൂ. നമ്മുടെ എല്ലാ ശാരീരിക ചലനങ്ങളും ആന്തരികാവയവങ്ങളുടേതുൾപ്പെടെ നടക്കുന്നത് പേശികളുടെ സങ്കോച വികാസങ്ങൾ മൂലമാണ്‌. ഈ സങ്കോച വികാസങ്ങളെ നിയന്ത്രിക്കുന്നതാകട്ടെ മസ്തിഷ്ക കേന്ദ്രീകൃതമായ ഒരു തരത്തിലുള്ള ഇലക്ട്രിക് സിഗ്നലുകളുമാണ്. പുറത്ത് നിന്നുള്ള വൈദ്യുത പ്രവാഹം ഇതിനെ താളം തെറ്റിക്കുന്നു. ശരീരപേശികൾ ഈ വൈദ്യുത പ്രവാഹത്തിനനുസരിച്ച് സങ്കോചിച്ച് പ്രതികരിക്കും. ഇത്തരത്തിൽ ഹൃദയ പേശികളുടെ സങ്കോചം മൂലം ഹൃദയമിടിപ്പിന്റെ താളം തെറ്റാൻ 30 മില്ലി ആമ്പിയർ കറന്റ് ഒരു സെക്കന്റ് നേരത്തേക്ക് ഹൃദയ പേശികളിലൂടെ പ്രവഹിച്ചാൽ മതിയാകും എന്ന് കണക്കാക്കിയിട്ടുണ്ട്. 100 മില്ലി ആമ്പിയർ കറന്റൊക്കെ ശരീരത്തുകൂടി പ്രവഹിക്കുമ്പൊൾ അത് വളരെ അപകടകരമാകുന്നു. 200 മില്ലി ആമ്പിയറിൽ കൂടുമ്പോൾ ശരീര കലകൾ ചൂടായി പൊള്ളലേൽക്കുന്നു. അതുകൊണ്ട് തന്നെ പൊതുവേ 30 മില്ലി ആമ്പിയറിൽ കൂടുതൽ ഉള്ള കറന്റിനെ മരണകാരകമായി കണക്കാക്കുന്നു.
വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നമ്മൾ നേരിട്ട് നേരിട്ട്‌ കൈകാര്യം ചെയ്യുന്ന വൈദ്യുത ഉപകരണങ്ങളായ ഫ്രീഡ്ജ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയിൽ നിന്നുള്ള ഷോക്കേറ്റുള്ള അപകട മരണങ്ങൾ കുറവല്ല. ഒരു പക്ഷേ ഏറ്റവും കൂടൂതൽ ഷോക്കേറ്റുള്ള മരണങ്ങളിലെ വില്ലൻ ഇസ്തിരിപ്പെട്ടി ആയിരിക്കും. ത്രീ പിൻ പ്ലഗ്ഗും എർത്തിംഗും എല്ലാമുണ്ടായിട്ടും എന്തുകൊണ്ടായിരിക്കും ഇസ്തിരിപ്പെട്ടിയിൽ നിന്നും ഷോക്കേറ്റ് അപകടം സംഭവിക്കുന്നത്? ഇവിടെയാണ്‌ ELCB രക്ഷകനായി എത്തുന്നത്.
ഇപ്പോൾ പ്രചാരത്തിലുള്ള എർത്ത് ലീക്കേജ് സർക്കീട്ട്‌ ബ്രേക്കറുകൾ RCCB (റെസിഡ്വൽ കറന്റ് സർക്കീട്ട് ബ്രേക്കർ) സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നതാണ്‌. മുൻപ് ഉണ്ടായിരുന്ന ELCB കൾ വോൾട്ടേജ് സെൻസിംഗ് ആയിരുന്നു. അതായത് ഇത്തരം ELCB കൾക്ക് മാത്രമായി പ്രത്യേകമായി ഒരു എർത്തിംഗ് ആവശ്യമായി വരുന്നു. ഈ എർത്തിംഗിനും ഉപകരണങ്ങളുടെ ബോഡിയിൽ ഉള്ള എർത്തിംഗിനും ഇടയിൽ ഉള്ള വോൾട്ടേജ് തിരിച്ചറിഞ്ഞ് എർത്ത് ലീക്കേജ് മനസ്സിലാക്കുന്നു. ഈ വോൾട്ടേജ് ഒരു നിശ്ചിത പരിധിയിൽ കൂടിയാൽ ELCB ട്രിപ്പ് ആകുന്നു. ഇത്തരം വോൾട്ടേജ് സെൻസിംഗ് ELCB കൾ ഷോക്കിൽ നിന്നും സംരക്ഷണം നൽകുന്നില്ല എന്ന് മാത്രമല്ല എർത്തിംഗിൽ തകരാറുകൾ ഉണ്ടെങ്കിൽ പ്രവർത്തിക്കുകയുമില്ല. ഈ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതും ഷോക്കിൽ നിന്നും സംരക്ഷണം നൽകുന്നതുമായ കറന്റ് സെൻസിംഗ് ELCB കൾ ആണ് ഇപ്പോൾ പരക്കെ ഉപയോഗപ്പെടുത്തുന്നത്. ഇതിനെ RCCB എന്നും RCD എന്നും വിളിക്കപ്പെടുന്നു. വോൾട്ടേജ് സെൻസിംഗ് സർക്കീട്ട് ബ്രേക്കറുകൾ ആണ് അടിസ്ഥാനപരമായി ELCB എങ്കിലും ഇപ്പോൾ കറന്റ് സെൻസിംഗ് സർക്കീട്ട് ബ്രേക്കറുകൾ ആയ RCCB ഇവയുടെ സ്ഥാനം ഏറ്റെടുത്തതോടെ വോൾട്ടേജ് സെൻസിംഗ് ELCB കൾ വിപണിയിൽ നിന്നും സ്വാഭാവികമായും അപ്രത്യക്ഷമായി. കറന്റ് സെൻസിംഗ് ELCB അഥവാ RCCB എന്തിനായി ഉപയോഗിക്കുന്നു എന്നും അത് എങ്ങിനെ പ്രവർത്തിക്കുന്നു എന്നും നോക്കാം.

ELCB യുടെ പ്രവർത്തനം : ഫേസിൽ കൂടി ഒഴുകുന്ന അതേ കറന്റ് തന്നെ ന്യൂട്രലിലൂടെ തിരിച്ച് എത്തണമെന്ന് അറിയാമല്ലോ. അതായത് ഒരു 1000 വാട്ട് ഹീറ്റർ 230 വോൾട്ട് ലൈനിൽ ഘടിപ്പിച്ചിരിക്കുന്നു. ഇത് പ്രവർത്തിക്കുമ്പോൾ അതിലൂടെ 1000/230= 4.34 ആമ്പിയർ കറന്റ് കടന്നു പോകുന്നു. ഈ കറന്റ് ഫേസിലും ന്യൂട്രലിലും തുല്ല്യമായിരിക്കും അതേ സമയം വിപരീത ദിശയിലും ആയിരിക്കും. ഇനി ഫേസിൽ നിന്നും ഉപകരണത്തിലൂടെ കടന്നു പോകുന്ന കറന്റ് ന്യൂട്രലിലൂടെ തിരിച്ച് എത്തുന്നില്ല എങ്കിൽ എന്ത് അർത്ഥമാക്കാം? അതായത് 4.34 ആമ്പിയർ കറന്റ് ഫേസിലൂടെ ഒഴുകുന്നു. പക്ഷേ ന്യൂട്രലിലൂടെ തിരിച്ചെത്തുമ്പോൾ ന്യൂട്രലിൽ അത് 4 ആമ്പിയർ മാത്രമേ ഉള്ളൂ. അപ്പോൾ ബാക്കി 340 മില്ലി ആമ്പിയർ കറന്റ് എവിടെപ്പോയി? വേറെ ഏതെങ്കിലും വഴിക്ക് പോയിട്ടുണ്ടാകും എന്ന് ഉറപ്പ്? ഏതായിരിക്കും ആ വഴി? ഉപകരണങ്ങളുടെ കവചത്തിലൂടെയും മറ്റും ലീക്ക് ആയി എർത്ത് വഴി ഭൂമിയിലേക്ക് ഒഴുകുന്ന ആ കറന്റിനു പറയുന്ന പേരാണ്‌ എർത്ത് ലീക്കേജ് കറന്റ്. ELCB എന്ന ഉപകരണം ഇത്തരത്തിൽ ഫേസിലും ന്യൂട്രലിലും ഉള്ള കറന്റുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി അത് ഒരു പരിധിയിൽ കൂടുതൽ ആയാൽ ഇതിനെ ഒരു ലീക്കേജ് ആയി മനസ്സിലാക്കി ഉപകരണങ്ങളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കുന്നു. ഇവിടെ 30 മില്ലി ആമ്പിയർ ആണ്‌ സുരക്ഷിത പരിധി ആയി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്തുകൊണ്ട് 30 മില്ലി ആമ്പിയർ എന്ന് നേരത്തേ സൂചിപ്പിച്ചിട്ടുണ്ടല്ലോ.

ELCB ഷോക്കിൽ നിന്നും എങ്ങിനെ രക്ഷപ്പെടുത്തുന്നു ? നിങ്ങൾ അബദ്ധവശാൽ എങ്ങിനെ എങ്കിലും ഏതെങ്കിലും സ്വിച്ച് ബോഡിലെയോ വയറിംഗിലേയോ വൈദ്യുതി ഉള്ള ഫേസിൽ തൊട്ടു എന്നു കരുതുക. ഉടൻ തന്നെ നിങ്ങളുടെ ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക- ന്യൂട്രലിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകുന്നില്ല. അതിനാൽ ELCB അപകടം മണക്കുന്നു. അതായത് ഫേസിൽ കൂടീ ഒഴുകുന്ന കറന്റ് ന്യൂട്രലിലൂടെ തിരിച്ചു വരുന്നില്ല. അതിനാൽ എവിടെയോ ലീക്കേജ് ഉണ്ടായിരിക്കുന്നു. ഇത് ELCB യുടെ റേറ്റിംഗ് അനുസരിച്ച് 30 മില്ലി ആമ്പിയറിൽ കൂടുതൽ ആണെങ്കിൽ ഉടൻ തന്നെ വൈദ്യുത ബന്ധം വിച്ഛേദിക്കുന്നു. അതോടെ വൈദ്യുതാഘാതമേറ്റ് മരണം സംഭവിക്കാനുള്ള സാഹചര്യം ഒഴിവാക്കപ്പെടുന്നു.

എല്ലാ സമയത്തും ഇതുപോലെ ELCB രക്ഷയ്ക്കെത്തുമോ ?. ഇല്ല. നിങ്ങൾ വൈദ്യുതി ഒട്ടും കടത്തി വിടാത്ത ഒരു മരപ്പലകയിലോ റബ്ബർ മാറ്റിലോ നിന്നുകൊണ്ട് ഫേസിലും ന്യൂട്രലിലും ഒരേ സമയം കൈകൊണ്ട് തൊട്ടാൽ ഷോക്ക് അടിക്കുമെങ്കിലും ELCB യ്ക്ക് അത് തിരിച്ചറിയാനാകില്ല. എന്തുകൊണ്ടാണിത്? ഫേസിൽ നിന്നും പുറപ്പെടുന്ന കറന്റ് നിങ്ങളുടെ ശരീരത്തിലൂടെ കടന്ന് ന്യൂട്രലിൽ എത്തുന്നു. വേറെ എങ്ങോട്ടും ലീക്ക് ആയി പോകാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ഫേസിലുള്ള കറന്റും തിരിച്ച് ന്യൂട്രലിലൂടെ ഒഴുകുന്ന കറന്റും തമ്മിൽ വ്യത്യാസങ്ങൾ ഒന്നും തന്നെ ഈ ഉണ്ടാകാത്തതിനാൽ ഇവിടെ ELCB ട്രിപ്പ് ആകില്ല.

ELCB അതിലൂടെ പ്രവഹിപ്പിക്കാൻ കഴിയുന്ന പരമാവധി കറന്റ് സുരക്ഷിതമായി ട്രിപ്പ് ആകേണ്ട ലീക്കേജ് കറന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ പ്രധാനമായും വിപണിയിൽ ലഭ്യമാകുന്നത്. അതായത് 20 ആമ്പിയർ 30 മില്ലി ആമ്പിയർ ELCB എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതിലൂടെ പരമാവധി സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന ലോഡ് 20 ആമ്പിയർ ആണെന്നും 30 മില്ലി ആമ്പിയർ ലീക്കേജ് ഉണ്ടായാൽ അത് തിരിച്ചറീഞ്ഞ് വൈദ്യുത ബന്ധം വിച്ഛേദിക്കുന്നു. ഇവിടെ പൊതുവേ 30 മില്ലി ആമ്പിയർ എന്നത് തീരെ ചെറിയ ഒരു കറന്റ് ആയതിനാൽ പലപ്പോഴും ഇത്രയും സംവേദനക്ഷമമായ ELCB കൾ ഉപയോഗിക്കുന്നത് ഇടയ്ക്കിടയ്ക്ക് ട്രിപ്പ് ആകാൻ ഇടയാക്കുന്നു. അതിനാൽ അല്പം കൂടി സംവേദനക്ഷമത കുറഞ്ഞ 100 മില്ലി ആമ്പിയർ ട്രിപ്പിംഗ് കറന്റ് ഉള്ള ELCB കളും ഉപയോഗിച്ചു കാണുന്നു. അതുപോലെത്തന്നെ ആവശ്യാനുസരണം ട്രിപ്പിംഗ് കറന്റ് ക്രമീകരിക്കാനുള്ള സൗകര്യം നൽകുന്ന ELCB കളും വിപണിയിൽ ഉണ്ട്.

ELCB യെക്കുറിച്ച് പലർക്കും ധാരാളം തെറ്റിദ്ധാരണകൾ ഉണ്ട്. ഞാൻ MCB (Miniature Circuit Breaker ) വച്ചിട്ടുണ്ടല്ലോ.. എന്തെങ്കിലും ഷോർട്ട് ഉണ്ടായാൽ അത് ട്രിപ്പ് ആകുമല്ലോ പിന്നെതിനാണ് ഈ ELCB എന്നൊരു സംശയം ചിലർക്കെങ്കിലുമുണ്ടാകും. .എർത്ത് ലീക്കേജ് സർക്കീട്ട് ബ്രേക്കറുകൾ ഒരിക്കലും MCB യ്ക്ക് പകരമാകുന്നില്ല. MCB ഫ്യൂസുകളുടെ ധർമ്മം ആണ്‌ നിർവ്വഹിക്കുന്നത്. അതായത് ഓവർലോഡ് മൂലം നിശ്ചിത പരിധിയിൽ കൂടുതൽ കറന്റ് അതിലൂടെ ഒഴുകുമ്പോൾ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുന്നു. ഫ്യൂസുകളേക്കാൾ എന്തുകൊണ്ടും നല്ലത് MCB ആണ്‌. ഇപ്പോൾ MCB യും ELCB യും കൂടിച്ചേർന്ന് ഒറ്റ മോഡ്യൂൾ ആയവയും ലഭ്യമാണ്‌.

ELCB ശരിയായി പ്രവർത്തിക്കണമെങ്കിൽ - അതായത് ഏതെങ്കിലും ഉപകരണത്തിൽ എന്തെങ്കിലും ലീക്കേജ് ഉണ്ടെങ്കിൽ അത് മനസ്സിലാക്കി ഓൺ ചെയ്യുന്ന ഉടനേ തന്നെ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടണമെങ്കിൽ വീട്ടിലെ എർത്തിംഗ് കൂടീ നന്നായിരിക്കണം. ഒരു ഇസ്തിരിപ്പെട്ടിയിൽ ലീക്കേജ് ഉണ്ടെന്ന് കരുതുക. അതായത് ഫേസ് ഏതെങ്കിലും കാരണവശാൽ ഇൻസുലേഷൻ തകരാറുകൾ മൂലം ഇസ്തിരിപ്പെട്ടീയുടെ ലോഹഭാഗവുമായി സമ്പർക്കത്തിൽ വരുന്ന അവസരത്തിൽ എർത്തിംഗ് ഇല്ലെങ്കിലോ എർത്തിംഗ് ശരിയായ രീതിയിൽ ഉള്ളതല്ലെങ്കിലോ കറന്റ് എർത്തിലേക്ക് ആവശ്യമായ അളവിൽ ഒഴുകില്ല. ഈ കറന്റ് ELCB യുടെ ട്രിപ്പിംഗ് കറന്റിലും കുറവായിരിക്കും എന്നതിനാൽ സർക്കീട്ട്‌ ബ്രേക്കറിന് അത് തിരിച്ചറിയാൻ കഴിയില്ല. പക്ഷേ അതിനർത്ഥം ലീക്കേജ് ഇല്ല എന്നല്ല. പക്ഷേ ഈ അവസരത്തിലും നിങ്ങൾക്ക് ഷോക്കേൽക്കാതെ സംരക്ഷിക്കാൻ ELCB യ്ക്ക് കഴിയുന്നു എന്ന് ഓർമ്മിക്കുക. വെറുതേ ഒരു ജി ഐ പൈപ്പ് കുഴിച്ചിട്ട് അതിലൊരു ചെമ്പു കമ്പിയും ചുറ്റിയാൽ നല്ല എർത്തിംഗ് ആകുന്നില്ല ( അതിനെക്കുറിച്ച് മറ്റൊരു പോസ്റ്റായി എഴുതാം).

ELCB കൾ ഏറ്റവും കൂടുതൽ പഴി കേൾക്കുന്നത് ആവശ്യത്തിനൊപ്പം അനാവശ്യമായും അവ ട്രിപ്പ് ആകുന്നു എന്നതാണ്‌. ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രത്യേകതകൾ മൂലം നിമിഷ നേരത്തേക്കോ മറ്റോ മാത്രം നിലനിൽക്കുന്ന ചെറിയ ലീക്കേജ് ഉണ്ടായാലും ഉടൻ തന്നെ ELCB ട്രിപ്പ് ആകുന്നു. പ്രത്യേകിച്ച് സ്വിച്ച് മോഡ് പവർ സപ്ലെകൾ ഉള്ള കമ്പ്യൂട്ടറുകളും മറ്റും ഉപയോഗിക്കുമ്പോൾ. അതിനാൽ ശരിയായ തരത്തിലുള്ളതും റേറ്റിംഗിൽ ഉള്ളതുമായ ELCB തെരഞ്ഞെടുക്കേണ്ടത് പ്രാധാന്യമർഹിക്കുന്നു. ഇപ്പോൾ വിപണിയിലുള്ള നല്ല കമ്പനികളുടെ സർക്കീട്ട്‌ ബ്രേക്കറുകൾ എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് നിർമ്മിക്കപ്പെട്ടതായതിനാൽ അനാവശ്യമായ ട്രിപ്പിംഗ് വളരെ കുറവായിരിക്കും. ELCB പ്രത്യേകിച്ച് അടിക്കടി ട്രിപ്പ് ആകുന്നു എങ്കിൽ അതിനുള്ള കാരണങ്ങളും പ്രതിവിധികളും:

1. ഏതെങ്കിലും ഉപകരണത്തിലോ ഒന്നിൽ കൂടുതൽ ഉപകരണങ്ങളിലോ ലീക്കേജ് ഉണ്ടായിരിക്കും. 10 മില്ലി ആമ്പിയർ വച്ച് മൂന്ന് ഉപകരണങ്ങളിൽ ലീക്കേജ് ഉണ്ടായാലും ELCB ട്രിപ്പ് ആകും. ഇത് മനസ്സിലാക്കാൻ എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്തതിനു ശേഷം ഓരോന്നായി ഓൺ ചെയ്ത് പരിശോധിക്കുക.

2. എയർകണ്ടീഷനർ, പമ്പ് സെറ്റുകൾ തുടങ്ങിയവയിൽ ലീക്കേജിനുള്ള സാദ്ധ്യതകൾ കൂടുതലാണ്‌. മോട്ടോറുകളിലേയും എയർകണ്ടീഷനറുകളിലേയുമൊക്കെ കപ്പാസിറ്ററുകൾ പലപ്പോഴും വില്ലന്മാർ ആകാറുണ്ട്.

3. വയറീംഗിലെ ഇൻസുലേഷൻ തകരാറുകൾ. വീടിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബൾബുകളിലും സ്വിച്ച് ബോഡുകളിലും ജോയിന്റുകളിലും മറ്റും വെള്ളം കയറി ഉണ്ടാകുന്ന ലീക്കേജ്. വയറിംഗ് തകരാർ മനസ്സിലാക്കാൻ ഓരോ സെൿഷനിലുമുള്ള സർക്കീട്ട് ബ്രേക്കറുകൾ ഓഫ് ചെയ്ത് ELCB ട്രിപ്പ് ആകുന്നുണ്ടോ എന്ന് പരിശോധിക്കാം.

4. ഒന്നിൽ കൂടുതൽ ELCB കൾ പ്രത്യേകം സെൿഷനുകളിലേക്ക് ആയി ഉപയോഗിക്കുന്നത് അനാവശ്യമായ ട്രിപ്പിംഗുകൾ ഒഴിവാക്കാനായി സഹായിക്കുന്നു. ആവശ്യമായ ഉപകരണങ്ങളെയും പ്ലഗ് പോയിന്റുകളെയും തരം തിരിച്ച് അവയിലേക്ക് മാത്രമായി ELCB ഉപയോഗിക്കുന്ന മാർഗ്ഗവും അവലംബിക്കാവുന്നതാണ്‌.

നിങ്ങളുടെ വയറിംഗ് ബഡ്ജറ്റ് അല്പം കൂടിയാലും വല്ലപ്പോഴുമൊക്കെ ട്രിപ്പ് ആയി അലോസരപ്പെടുത്തുമെങ്കിലും അതിനൊന്നും നിങ്ങളൂടേയും കുടുംബാംഗങ്ങളുടേയും ജീവനേക്കാൾ വിലയില്ലെന്ന് മനസ്സിലാക്കുക.

   ലേഖകന്‍ സുജിത് കുമാർ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.