
അഞ്ചൽ: സർക്കാർ ഉത്തരവിന് വിരുദ്ധമായി തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നുമായി മുന്നൂറ് രൂപാ വീതം പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് നിർബന്ധിത പിരിവ് നടത്തുന്നതായി പരാതി. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിരണ്ട് വാർഡുകളിലേയും തൊഴിലുറപ്പ് മേറ്റുമാരെ വില്ലേജടിസ്ഥാനത്തിൽ വിളിച്ച് കൂട്ടിയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ നിർദ്ദേശം നൽകിയിട്ടുള്ളതത്രേ. ഗവ. ഉത്തരവ് പ്രകാരം നൂറ് രൂപാ വീതമാണ് തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും പിരിക്കുവാൻ നിർദ്ദേശമുള്ളത്. എന്നാൽ ഈ ഉത്തരവ് മറച്ചു വച്ച് ഒരു ദിവസത്തെ കൂലിയായ 281 രൂപാ നൽകണമെന്നാണ് യോഗത്തിൽ കർശന നിർദ്ദേശം നൽകിയതെന്ന് പറയപ്പെടുന്നു.
എന്നാൽ ചില വാർഡുകളിലെ മേറ്റു മാർ മുന്നൂറ് രൂപാ വീതം നിർബന്ധപൂർവ്വം വാങ്ങുന്നതായും എതിർക്കുന്ന തൊഴിലാളികളെ തൊഴിലിൽ നിന്നും ഒഴിവാക്കുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണത്രേ പണം വാങ്ങുന്നത്. ചില വാർഡുമെമ്പറന്മാരും ഇതിന് ഒത്താശ ചെയ്യുന്നുവെന്നാണ് തൊഴിലാളികളുടെ പരാതി. സർക്കാർ ഉത്തരവിന് വിരുദ്ധമായ ഇത്തരം നടപടിക്കെതിരേ ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്ന് തൊഴിലാളികൾ പറഞ്ഞു .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ