
പുനലൂർ:താലൂക്ക് ആശുപത്രിയിൽ രോഗികളുടെ എണ്ണം വർധിച്ചതോടെ സായാഹ്ന ഒപിയും തുടങ്ങി. നേരത്തെ ഉച്ചതിരിഞ്ഞ് ഒ.പി ഇല്ലായിരുന്നു. അതിനാൽ പനി അടക്കമുള്ള ചെറിയ കേസുകൾ പോലും അത്യാഹിത വിഭാഗത്തിൽ എത്തുന്നതു മൂലം വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. രാവിലെയുള്ള ഒ.പിക്കു പുറമേ ആരംഭിച്ച ഒ.പി ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണു പ്രവർത്തിക്കുക. എന്നാൽ രാത്രിയിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ആയിരത്തോളം പേരെ നോക്കാൻ വളരെ ജൂനിയറായ ഒരേയൊരു ഡോക്ടർ മാത്രമേ ഇവിടെയുള്ളൂ.
ഈ പ്രശ്നത്തിനുകൂടി പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ആകെയുള്ളത് 20 ഡോക്ടർമാർ. പീഡിയാട്രീഷന്റെ ഒരു തസ്തിക സർക്കാർ പുതുതായി അനുവദിച്ചെങ്കിലും ഡോക്ടറെ നൽകിയില്ല. രാത്രിയിൽ പലപ്പോഴും ചികിത്സ കിട്ടില്ലെന്നു മാത്രമല്ല, ഡോക്ടറെ ഒരുനോക്ക് കാണാൻ പോലും കഴിഞ്ഞെന്നു വരില്ല.പൊതുവേ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരില്ലാത്ത ഈ ആശുപത്രിയിൽ രാത്രിയിൽ സ്ഥിതി ഗുരുതരമാണ്. വൈകിട്ട് ആറിന് ആരംഭിക്കുന്ന രാത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ അർധരാത്രിയിലൊക്കെയാണു തിരികെ പോകുന്നത്. ഇതിനിടെ അപകടത്തിൽപ്പെട്ടു വരുന്നവർ, വൈദ്യപരിശോധനയ്ക്കായി പൊലീസ് എത്തിക്കുന്നവർ, മറ്റു കേസിലെ ഇരകളും പ്രതികളും ഒക്കെയാകുമ്പോൾ ആശുപത്രി പ്രവർത്തനം കലുഷിതമാകും. രോഗികള്‍ക്ക് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കാത്തത് പൊതുജനത്തിന് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ