
പുനലൂർ:ഏറെ ദിവസങ്ങള്‍ ആയി നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച ജലവിഭവവകുപ്പ് ഇപ്പോള്‍ കുടിവെള്ളം നല്‍കുന്നത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഇഷ്ടക്കാര്‍ക്ക് അല്ലെങ്കില്‍ വേണ്ട രീതിയില്‍ കാണുന്നവര്‍ക്ക്. കുടിവെള്ള പദ്ധതിയുടെ പഴയ പൈപ്പ് മാറ്റി പുതിയവ സ്ഥാപിച്ചതിന് ശേഷം വെള്ളം പമ്പ് ചെയ്ത് നൽകുന്നതിൽ അധികൃതർ കാട്ടുന്നത് തികഞ്ഞ അലംഭാവം. രണ്ടാഴ്ചയിലേറെ കുടിവെള്ള വിതരണം മുടക്കി പൈപ്പ് മാറ്റൽ പണികൾ പൂർത്തീകരിച്ച ശേഷമാണ് ഉദ്യോഗസ്ഥരും,കരാറുകാരും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടില്‍ ഇഷ്ടക്കാർക്ക് മാത്രം ഇപ്പോൾ വെള്ളം നൽകുന്നത്. പ്രധാന പൈപ്പിൽ നിന്നും ഗാർഹിക കണക്ഷനിലേക്ക് ഇഷ്ടക്കാർക്ക് മാത്രം ബന്ധിപ്പിച്ച് നൽകുന്നതിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. രാത്രിയിലും അവധി ദിവസമായ ഞായറാഴ്ച പോലും തൊഴിലാളികളെ നിയോഗിച്ച് വാട്ടർ അതോറിറ്റി ഉദ്യാഗസ്ഥരുടെയും, ബന്ധുക്കളുടെയും,വേണ്ടപ്പെട്ട വ്യക്തികളുടെയും വീടുകളിൽ വെള്ളം എത്തിച്ച് നൽകിയ ജീവനക്കാർ മറ്റു ഉപഭോക്താക്കളെ പലരെയും അവഗണിക്കുകയായിരുന്നു. സമയബന്ധിതമായി പണികൾ പൂർത്തീകരിക്കാതെ ആഴ്ചകളോളം വലിച്ച് നീട്ടിയതോടെയാണ് പുനലൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷമായത്. ആശുപത്രികളിലടക്കം വെള്ളം കിട്ടാതായതോടെ രോഗികളുൾപ്പെടെ വലഞ്ഞത് നിരവധിയാളുകളാണ്. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ വെള്ളം കിട്ടാതായതോടെ ബന്ധുവീടുകളിലേക്ക് പലായനം ചെയ്തു പലരും താമസം മാറിപ്പോയി.
കെ.എസ്.ആര്.ടി.സി മുതൽ തൊളിക്കോട് ഭാഗത്തേക്കുള്ള വിതരണ ലൈൻ മാറ്റി പുതിയ ലൈൻ ഇടുന്നതിന് പൈപ്പ് ഇടുന്നതിനുള്ള ജോലി ഈ മാസം 22 ന് പൂർത്തിയായിരുന്നു. പഴയ വിതരണ ലൈൻ ഡീകമ്മീഷൻ ചെയ്തു. പുതിയ ലൈനിൽ കൂടി ജലവിതരണം ആരംഭിച്ചു. പുതിയ ലൈനിൽ കൂടി ജലവിതരണം ആരംഭിച്ചിട്ടും ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം കിട്ടിയില്ല കാരണം ആളുകളുടെ കണക്ഷനുകളും ഇടറോഡുകളിലേക്കുള്ള ബ്രാഞ്ച് കണക്ഷനുകളും പഴയ ലൈനിലാണ് നിലവില്‍ ഉള്ളത്. ബ്രാഞ്ചുകളും കണക്ഷനുകളും മാറ്റി നൽകാനുള്ള ജോലി കരാറുകാരൻ അലംഭാവം കാണിച്ചതിനാല്‍ സമയബന്ധിതമായി പൂർത്തിയാക്കിയില്ല. ഈ നിലയിൽ പോയാൽ ആഴ്ചകൾ കഴിയും ജലവിതരണം പൂർവ്വസ്ഥിതിയിൽ ആകുവാൻ.പരാതി പറയാൻ വാട്ടർ അതോറിറ്റി ഓഫീസിൽ ബന്ധപ്പെടുന്നവരോട് ഉദ്യോഗസ്ഥർ നിരുത്തരവാദിത്വപരമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്.
ഇതോടെ പലരും ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്കടക്കം പരാതി അയച്ചിട്ടുണ്ടത്രേ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ