
പുനലൂർ: ശബരിമലയിലെ സ്ത്രീ പ്രവേശന ഉത്തരവിനെ തുടർന്നു ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പസേവാ സമാജത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ പുനലൂരിൽ ഭക്തജന കൂട്ടായ്മയും പ്രതിഷേധവും നാമജപ റാലിയും സംഘടിപ്പിച്ചു.ജാതി, മത,വര്‍ഗ്ഗ ഭേദമന്യേ വിവിധ ആളുകള്‍ പങ്കെടുത്ത നാമജപ റാലിയില്‍ ശരണംവിളികളും അയ്യപ്പ സ്തുതിഗീതങ്ങളുടെ ആലാപനവും മാത്രമാണുണ്ടായിരുന്നതെങ്കിലും ഫലത്തിൽ കോടതി ഉത്തരവ് വേഗത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മയായി മാറി.
ഒരു കൊടിപോലുമില്ലാതെ,നേതാക്കള്‍ ഇല്ലാതെ പ്രത്യേകം ആരും അണിനിരക്കാതെ സംഘടിപ്പിച്ച റാലിയിൽ ഏകദേശം അയ്യായിരത്തിലധികം ഭക്തജനങ്ങൾ പങ്കെടുത്തു. വിവിധ ക്ഷേത്രോപദേശക സമിതികളും ക്ഷേത്രം ഭാരവാഹികളും എസ്.എൻ.ഡി.പി, എൻ.എസ്.എസ്, ശൈവവെള്ളാള സഭ, വിവിധ വിശ്വകർമ സംഘടനകൾ, കെ.പി.എം.എസ്, ആദിവാസി സംഘടനകൾ, മുന്നാക്ക ക്ഷേമസഭ, ആർ.എസ്.എസ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും മഹിളാ സംഘടനകളും റാലിയിൽ ആദ്യവസാനം പങ്കെടുത്തു. പുനലൂർ ടി.ബി ജംക്ഷനിൽ നിന്ന് ആരംഭിച്ച റാലി, തൂക്കുപാലം ജംങ്ഷൻ, കെ.എസ്.ആർ.ടി.സി, ആശുപത്രി ജംങ്ഷൻ, പോസ്റ്റ് ഓഫിസ് ജംങ്ഷൻ വഴി തിരികെ പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. ഒരു മണിക്കൂറോളം നഗരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം പുനലൂർ മധു, ബി.ജെ.പി മുൻ സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി,മാത്ര സുന്ദരേശന് തുടങ്ങി വിവിധ ഭാരവാഹികൾ മുൻനിരയിലുണ്ടായിരുന്നു.
പുനലൂര്‍ ന്യൂസിന്റെ മുഴുവന്‍ സമയ ഫേസ്ബുക്ക് ലൈവും ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ