
പുനലൂർ: സീറോ വേസ്റ്റ് നഗരസഭയാകാന്‍ ഒരുങ്ങി ശുചീകരണ ബോധവൽകരണ പ്രവർത്തനങ്ങൾ ഇന്നു പുനലൂരിൽ തുടങ്ങും. 9 നു ചെമ്മന്തൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. പുനലൂർ രൂപതാ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യാതിഥിയാകും. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സ്കൂൾ കോളജ് വിദ്യാർഥികൾ, ഗ്രീൻവൊളന്റിയർമാർ, സാക്ഷരതാ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകും.
3 നു പുനലൂർ ശ്രീരാമവർമപുരം മാർക്കറ്റ് ശുചീകരിക്കും. 4 മുതൽ എല്ലാ വാർഡുകളിലും ശുചീകരണം നടക്കും. 10 മുതൽ സീറോ വേസ്റ്റ് ക്യാംപെയ്ന്റെ ഭാഗമായി എല്ലാ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് ശുചീകരണ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തും. 27നും 28നും നഗരസഭാ മേഖലയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞയെടുക്കും. 29നു സ്കൂളുകളിലും പ്രതിജ്ഞ ചൊല്ലും. നവംബർ 1നു സീറോ വേസ്റ്റ് പുനലൂർ പ്രഖ്യാപനം നടക്കും.
നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളുന്നതു തടയും. ലോക്കൽ കലക്‌ഷൻ സെന്ററിൽ ഗ്രീൻ വൊളന്റിയർമാരല്ലാതെ മാലിന്യം കൊണ്ടിട്ടാൽ പിഴ ഈടാക്കും. ചെമ്മന്തൂർ തോടിനെ മാലിന്യമുക്തമാക്കാൻ കരയിൽ ഹരിത വേലികൾ സ്ഥാപിക്കും. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും കർശനമായി തടയുന്നതിനു നിയമനടപടി എടുക്കുമെന്നും പിഴ ഈടാക്കുമെന്നും മുനിസിപ്പൽ ചെയർമാൻ എം.എ.രാജഗോപാൽ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ