- കാര്‍ഷിക പാരമ്പര്യം നാം വീണ്ടെടുക്കണം-മന്ത്രി കെ.രാജു
- പുതുതലമുറ കൃഷിയില്‍ ഏറെ തല്‍പ്പരരെന്ന് മന്ത്രി

പുനലൂര്‍ : അന്യംനിന്നു പോകുന്ന കാര്‍ഷിക പാരമ്പര്യം വീണ്ടെടുക്കാന്‍ നാം ബാധ്യസ്ഥരെന്ന് മന്ത്രി കെ.രാജു. കൃഷിയില്‍ നിന്ന് മാത്രമല്ല, പ്രകൃതിയില്‍ നിന്നു തന്നെ നമ്മള് അകന്നു പൊയ്ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മാതൃഭൂമി പുനലൂരിലെ ചെമ്മന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ ആരംഭിച്ച കാര്‍ഷികമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നമുക്ക് മുന്‍പുണ്ടായിരുന്ന തലമുറ പ്രകൃതിയോട് ഇണങ്ങി, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്നവരാണ്. എന്നാല്‍ ഞാന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന തലമുറയാണ് കൃഷിയോട് അവഗണന കാട്ടുന്നത്. അതേസമയം പുതിയ തലമുറ കൃഷിയിലും പ്രകൃതി സംരക്ഷണത്തിലും ഏറെ താല്‍പ്പര്യം കാട്ടുന്നു. കൃഷി നമ്മുടെ സംസ്കാരവും പാരമ്പര്യവുമാണ്. നഷ്ടപ്പെട്ട ആ പാരമ്പര്യമാണ് നമ്മള് വീണ്ടെടുക്കേണ്ടത്-മന്ത്രി പറഞ്ഞു.വെല്ലുവിളികളെ അതീജീവിച്ച് കാര്‍ഷികമേഖലയെ എങ്ങനെ സജീവമാക്കാമെന്നാണ് മാതൃഭൂമി ലക്ഷ്യമിടുന്നത്. കൊച്ചുകുട്ടികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി നടപ്പാക്കുന്ന സീഡ് പദ്ധതി ഇതിന് ഉദാഹരണമാണ്. മാതൃഭൂമിയെ ഒഴിച്ചുനിര്‍ത്തി കേരളത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പറയാനാവില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമിയുടെ കൊല്ലം ന്യൂസ് എഡിറ്റര്‍ പി.വി.ജ്യോതി അധ്യക്ഷനായി. പുനലൂര്‍ നഗരസഭാ പ്രതിപക്ഷ ഉപനേതാവ് ജി.ജയപ്രകാശ്, മാതൃഭൂമിയുടെ കൊല്ലം റിജീയണല്‍ മാനേജര്‍ എന്‍.എസ്.വിനോദ്കുമാര്‍, ചീഫ് റിപ്പോര്‍ട്ടര്‍ ജി.സജിത്കുമാര്‍, മേളയുടെ മുഖ്യപ്രായോജകരായ അജി.എസ്.പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ സംഘനൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ, വാളകം സി.എസ്.ഐ, വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഫോര്‍ ദി ഡഫിലെ കുട്ടികള്‍ക്ക് മന്ത്രി കെ.രാജു ഉപഹാരം നല്കി. ഉദ്ഘാടനച്ചടങ്ങിന് ശേഷം ഇവര്‍ സംഘനൃത്തം അവതരിപ്പിച്ചു.

ഈമാസം 21-വരെയാണ് മേള.മേളയില്‍ പഴയ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം,ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശുവായ വെച്ചൂര്‍ പശു, കര്‍ഷകര്‍ക്ക് കാര്‍ഷിക സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാന്‍ വിദഗ്ധര്‍, വിള പരിപാലനം, പ്രദര്‍ശനം, കാര്‍ഷികോല്‍പ്പന്നങ്ങളുടേയും ഉപകരണങ്ങളുടേയും വില്പന, സംഭരണ സംവിധാനങ്ങള്‍, വളര്‍ത്തുമൃഗ സംരക്ഷണം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ അറിയാനും ആവശ്യമായവ വാങ്ങാനും അവസരമൊരുക്കുന്നതാണ് മേള. രാവിലെ 11-മുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശന സമയം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ