
പുനലൂര്‍:സംസ്ഥാനത്ത് പ്രളയത്തെ അതിജീവിക്കുന്ന വിധത്തില്‍ രൂപകല്പന ചെയ്ത റോഡുകള്‍ നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പറഞ്ഞു. പുനലൂര്‍ ടി.ബി. ജംഗ്ഷനില്‍ മലയോര ഹൈവേ നിര്‍മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരോ നിയോജകമണ്ഡലത്തിലും ഇത്തരം 50 റോഡുകളെങ്കിലും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം എല്ലാ റോഡുകളുടേയും ആധുനീകരണവും ഉറപ്പാക്കും.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 5000 കോടി രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. തുക ലഭ്യമാക്കുന്ന മുറയ്ക്ക് രണ്ടര ലക്ഷം കിലോമീറ്റര്‍ റോഡുകളുടെ നവീകരണം സാധ്യമാകും.
സംസ്ഥാനത്തിന്റെ പണം വിനിയോഗിച്ച് നിര്‍മിക്കുന്ന മലയോര - തീരദേശ ഹൈവേകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുകയാണങ്കില് 2020-ല്‍ ദേശീയ പാത നാലു വരിയാക്കി വികസിപ്പിക്കാനാകും - മന്ത്രി പറഞ്ഞു.
നാലായിരം കോടിയിലധികം രൂപയുടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പുനലൂര്‍ മണ്ഡലത്തില്‍ മാത്രം 600 കോടി രൂപയുടെ പ്രവര്‍ത്തനം തുടരുകയാണന്നും അദ്ദേഹം വ്യക്തമാക്കി.
പുനലൂര്‍ നഗരസഭാ ചെയര്മാന് എം.എ. രാജഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രഞ്ജു സുരേഷ്, അരുണാദേവി, കശുവണ്ടി വികസന കോര്പറേഷന് ചെയര്മാന് എസ്. ജയമോഹന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ചീഫ് എഞ്ചിനീയര്‍ വി.വി. ബിനു, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി. സാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ