
പുനലൂര്‍:പ്രളയാനന്തര കേരളത്തിലെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് 700 കോടി രൂപയുടെ പുനര്‍ജ്ജനി പദ്ധതി സഹായകമാകുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പദ്ധതിയുടെ ഭാഗമായ കര്‍മപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കരവാളൂര്‍ പഞ്ചായത്തിലെ അടുക്കളമൂല ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലക്ക് മൂന്ന് കോടി രൂപ നല്‍കും. ഗുണമേന്മയുള്ള വിത്തിനങ്ങളും തൈകളും ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്കി കാര്‍ഷിക അഭിവൃദ്ധി ഉറപ്പാക്കും.
മൃഗസംരക്ഷണ മേഖലയില്‍ 200 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. പശുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് 30000 രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. പകരം പശുവിനെ വാങ്ങുന്നവര്‍ക്ക് 60000 രൂപ നല്‍കുന്നത് പരിഗണനയിലാണ്.
പ്രളയ ദുരിതബാധിതരായ കര്‍ഷകര്‍ക്ക് ബാങ്കിലെ കടം വീട്ടുന്നതിന് ഒരു വര്‍ഷത്തെ സാവകാശം ഉറപ്പാക്കും. ജപ്തി നടപടികളും ഈ കാലയളവില്‍ നിര്‍ത്തി വയ്ക്കും. പ്രകൃതിദുരന്തത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കലുങ്കുകളും വീടുകളുമൊക്കെ പുനര്നിര്മാണഘട്ടത്തിലാണ്. പുതിയ കേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാജന് അധ്യക്ഷനായി. ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിര്‍വഹിച്ചു. പച്ചക്കറി തൈ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാലും കശുമാവ് ഗ്രാഫ്റ്റ് തൈ വിതരണം കശുവണ്ടി വികസന കോര്പറേഷന് ചെയര്മാന് എസ്. ജയമോഹനും മൈക്രോ ന്യൂട്രിയന്റ് കിറ്റിന്റെ വിതരണം ക്വയിലോണ്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ ചെയര്മാന് അഡ്വ. ജോര്‍ജ് മാത്യുവും ഉദ്ഘാടനം ചെയ്തു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, വിവിധ ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എച്ച്. നജീബ്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി. തേജസ്വി ഭായി, വി. അനിതാ മണി, വി. ജയ, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. കുരികേശു തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ