
പുനലൂർ ∙ കേരളപ്പിറവി ദിന സമ്മാനമായി പുനലൂരിനു ലഭിച്ച ആർ.ഡി ഓഫിസ് ഉദ്ഘാടനച്ചടങ്ങുകളൊന്നും ഇല്ലാതെ പ്രവർത്തനം തുടങ്ങി. കൊല്ലം എഡിഎം ആയിരുന്ന ബി.ശശികുമാർ പ്രഥമ ആർഡിഒ ആയി ചുമതലയേറ്റു. 14 ജീവനക്കാർ ഇന്നലെ ചുമതലയേറ്റു. മറ്റുള്ള 10 പേർ വരുംദിവസങ്ങളിൽ ജോലിയിൽ പ്രവേശിക്കും.
പൊതുമരാമത്ത് സമുച്ചയത്തിന്റെ ഒന്നാം നിലയിലാണ് ആർഡി ഓഫിസ് തുടങ്ങിയത്. ആർഡിഒ കോടതി അടക്കമുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുമാസത്തിനുളളിൽ ക്രമീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് ഔദ്യോഗിക ഉദ്ഘാടനവും നടക്കും. താൽക്കാലികമായ ഇരിപ്പിടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
28 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ലാൻഡ് റവന്യൂ കമ്മിഷണർക്ക് അയച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാലുടൻ പ്രത്യേക ക്യാബിനുകൾ നിർമിക്കും. ഇന്നലെ രാവിലെ ആർഡി ഓഫിസിൽ മധുര വിതരണവും നടന്നു. ഏതാനും പൊതുപ്രവർത്തകർ മാത്രമാണു രാവിലെ ഓഫിസ് പ്രവർത്തനം ആരംഭിക്കുന്ന സമയത്ത് ഇവിടെയെത്തിയത്. പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെ 50 വില്ലേജുകൾ ഉൾപ്പെടുന്നതാണ് പുനലൂർ ആർഡിഒയുടെ പ്രവർത്തന പരിധി.
പുനലൂർ ആസ്ഥാനമായി പുതിയ റവന്യൂ ഡിവിഷനൽ ഓഫിസ് പ്രവർത്തിച്ചു തുടങ്ങുന്നതോടെ കിഴക്കൻ മേഖലയിലെ ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾക്കു വേഗത്തിൽ പരിഹാരമാകും. കുളത്തൂപ്പുഴയിലെ സാംനഗറിലും കല്ലട ജലസേചന പദ്ധതിയുടെ പുറമ്പോക്കിലും മറ്റും പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാനുണ്ട്.
ജില്ലയുടെ ആദിവാസി മേഖല പൂർണമായും പുനലൂർ റവന്യൂ ഡിവിഷനിലാകുന്നു എന്ന പ്രത്യേകതയുമുണ്ട്. അച്ചൻകോവിൽ, ആര്യങ്കാവ്, റോസ്മല തുടങ്ങിയ വിദൂര വനമേഖലകളിൽ നിന്നുള്ളവർക്കു വേഗത്തിൽ എത്തിച്ചേരാനും സാധിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ