
പുനലൂര്‍:വിവിധ പഞ്ചായത്തുകളില്‍ കനാൽ ശുചീകരണം വൈകുന്നു. കനാൽ ശുചീകരണം ഡിസംബർ 31 നകം പൂർത്തിയാക്കണമെന്ന കെ.ഐ.പിയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ ത്രിതല പഞ്ചായത്തുകൾ. പലയിടത്തും ആലോചനായോഗം പോലും നടത്തിയിട്ടില്ല. തെന്മല, ഏരൂർ, അഞ്ചല്‍ പഞ്ചായത്തുകളിൽ മാത്രമാണു പണി ത്വരിതഗതിയിൽ പുരോഗമിക്കുന്നത്. കല്ലട ജലസേചന പദ്ധതിയുടെ ഇടത്–വലതുകര കനാലുകളിൽ നിന്നു കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 60 ലധികം പഞ്ചായത്തുകളിലാണു ജലവിതരണം. ഇത്തവണ കടുത്ത വേനലായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനമാണു നേരത്തെ ജലവിതരണം ആരംഭിക്കണമെന്ന കെ.ഐ.പി തീരുമാനത്തിനു പിന്നിൽ. എന്നാൽ ശുചീകരണം പൂർത്തിയാക്കാതെ ജലവിതരണം തുടങ്ങാനാകില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കനാൽ ശുചീകരണം നടത്തുന്നത്. ഇതിനാവശ്യമായ പണം എല്ലാ പഞ്ചായത്തുകളും നേരത്തെ വകയിരുത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ നടപടികൾ നീളുന്നതാണ് ശുചീകരണം വൈകുന്നതിനു കാരണം. ഇങ്ങനെ കഴിഞ്ഞ വർഷം പിറവന്തൂർ ഉൾപ്പെടെ പല പഞ്ചായത്തുകളിലും ജലവിതരണം തടസപ്പെട്ടിരുന്നു. തലവൂർ അരിങ്ങട ഭാഗത്തെ ബണ്ട് പൊളിഞ്ഞത് ശരിയാക്കാത്തതിനാൽ തലവൂരിലും സമീപ പഞ്ചായത്തുകളിലും ഇത്തവണയും ജലവിതരണം സുഗമമാകില്ല. ശുചീകരണം നടത്താൻ കഴിയാത്ത പഞ്ചായത്തുകൾ നേരത്തെ വിവരമറിയിക്കണമെന്ന കത്തിനോടു പഞ്ചായത്തുകൾ പ്രതികരിച്ചിരുന്നില്ല. ഇനി ചുരുങ്ങിയ ദിവസത്തിനുള്ളിൽ കെ.ഐ.പിക്കു നേരിട്ടു ശുചീകരണം നടത്താനും കഴിയില്ല. കനാൽജലം പ്രതീക്ഷിച്ച് കൃഷിയിറക്കിയ നൂറുകണക്കിനു കർഷകരാണ് ആശങ്കയുടെ കരിനിഴലിലായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ