
പുനലൂർ: അയ്യപ്പ സ്തുതിഗീതങ്ങളും ശരണംവിളികളും മന്ത്രോച്ചാരണങ്ങളും നിറഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആര്യങ്കാവ്, അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രങ്ങളിലേക്കു പുനലൂരിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു. ഇന്നലെ രാവിലെ പുനലൂർ പുതിയിടം ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ നിന്ന് പുറത്തെടുത്ത തിരുവാഭരണം മുല്ലപ്പന്തലിൽ ദർശനത്തിനു വച്ചു. അച്ചൻകോവിൽ കറുപ്പസ്വാമി കോവിലിലേക്കുള്ള വെള്ളിയങ്കികളും ഇതോടൊപ്പമുണ്ട്.
10.35ന് ക്ഷേത്രം മേൽശാന്തി കർപ്പൂരം ഉഴിഞ്ഞു. ശരണം വിളികളോടെ അയ്യപ്പഭക്തർ തിരുവാഭരണ പേടകങ്ങൾ പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ സ്ഥാപിച്ചു. തിരുവാഭരണം ദർശിക്കാൻ രാവിലെ മുതൽ വൻ ഭക്തജന തിരക്കായിരുന്നു.
അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിച്ച് തിരുവാഭരണം വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തിയതോടെ ഘോഷയാത്രയ്ക്കു സമാപനമായി.
അച്ചൻകോവിൽ ധർമശാസ്താവിന്റെ തിരുവാഭരണങ്ങൾ ഉണ്ണിക്കൃഷ്ണൻ നായർ, ഗിരിദാസ് എന്നിവരും, കറുപ്പസ്വാമി കോവിലിലേത് അനന്തപത്മനാഭൻ, ശ്രീരാജ് എസ്.പിള്ള എന്നിവരും ആര്യങ്കാവിലേത് വത്സലകുമാരൻ നായരും തലയിലേന്തി.
ഘോഷയാത്രയ്ക്കു ദേവസ്വം അസി.കമ്മിഷണർ ടി.രാധാകൃഷ്ണപിള്ള, സബ് ഗ്രൂപ്പ് ഓഫിസർ ജി.ബിനു, ഉപദേശക സമിതി ഭാരവാഹികളായ ബിജുലാൽ പാലസ്, എം.എസ്.ഉദയകുമാർ, ഗീതാ സുകുനാഥ്, സരസൻ എസ്.സുരേഷ്, ക്ഷേത്ര മേൽശാന്തിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, പി.പ്രസാദ്, അഭിഷേക് മുരളി തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്തർ ഘോഷയാത്രയെ അനുഗമിച്ചു. ആര്യങ്കാവ് ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് അച്ചൻകോവിൽ ഹൈസ്കൂൾ ജംക്ഷനിൽ സ്വീകരണം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ