
പുനലൂർ: പുനലൂര്‍ ഇന്ന് സീറോ വേസ്റ്റ് മുനിസിപ്പാലിറ്റി ആകും.ഖരമാലിന്യ പരിപാലനത്തിൽ മാതൃകാ പ്രവർത്തനങ്ങൾ നടത്തിവരുന്ന പുനലൂരിന് സീറോ വേസ്റ്റ് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നു.ഇന്ന് 2.30ന് പ്ലാച്ചേരിയിൽ മന്ത്രി എ.സി.മൊയ്തീൻ സീറോ വേസ്റ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തുമെന്ന് മുനിസിപ്പൽ ചെയർമാൻ എം.എ.രാജഗോപാൽ അറിയിച്ചു.അജൈവ പാഴ് വസ്തുക്കളിൽ നിന്ന് കലാമൂല്യമുള്ള ശില്പങ്ങൾ ഒരുക്കിയ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയം ജംഗിൾ പാർക്ക് നഗരസഭ പ്ലാച്ചേരിയിൽ ഒരുക്കിയിട്ടുണ്ട്. ജംഗിൾ പാർക്കിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.മന്ത്രി കെ.രാജു അധ്യക്ഷത വഹിക്കും. അജൈവ പാഴ് വസ്തുക്കൾ സമഗ്രമായി പരിപാലിക്കാൻ ആധുനിക സംവിധാനങ്ങളോടെ പ്ലാച്ചേരിയിൽ നിർമിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.ഹരിതായനം ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർഥികൾക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി സർട്ടിഫിക്കറ്റുകൾ നൽകും.അഴുകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിച്ചും അഴുകാത്ത പാഴ് വസ്തുക്കൾ ഹരിത കർമസേന വഴി വീടുകൾ , സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സമാഹരിച്ചു ഫലപ്രദമായി പരിപാലിച്ചുമാണ് സീറോ വേസ്റ്റ് മുനിസിപ്പാലിറ്റിയായി മാറുന്നത്.ഖരമാലിന്യ പരിപാലനത്തിൽ സ്വച്ഛ ഭാരത് മിഷൻ - ഹരിത കേരള മിഷൻ മാർഗരേഖകൾ കൃത്യമായി പാലിച്ചതിനാണ് സർക്കാർ പുനലൂരിനെ സീറോ വേസ്റ്റ് മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്നത്. നാളെയുടെ കുരുന്നുകൾക്കായി നമ്മുടെ നാടിനെ കാത്തു സൂക്ഷിക്കാൻ നഗരസഭ നടപ്പാക്കുന്ന ഹരിതായനം പദ്ധതിയുടെ ഭാഗമായാണ് സീറോ വേസ്റ്റ് പദ്ധതിയും നടപ്പാക്കിയതെന്നും ചെയർമാൻ എം.എ.രാജഗോപാൽ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ