
അഞ്ചല്:ചരിത്ര പ്രസിദ്ധമായ അറയ്ക്കൽ മലക്കുട ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഈ മാസം 26 മുതൽ ഏപ്രിൽ അഞ്ച് വരെയാണ് മഹോത്സവം അഞ്ചൽ അറയ്ക്കൽ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ മലക്കുട മഹോത്സവത്തിന് ഔപചാരിക തുടക്കം കുറിക്കുന്ന നൊയമ്പിരിക്കൽ ചടങ്ങും മഹാകലശവും ഇന്ന് നടക്കും.ക്ഷേത്ര പൂജാരിയും ചാവരുനടയിലെ ഊരാളിയും ചേർന്ന് അറയ്ക്കൽ,മലമേൽ, തേവർതോട്ടം ,ഇടയം എന്നീ കരകളിലെ പ്രതിനിധികൾക്കും കോയ്മ അവകാശമുളള കുടുംബക്കാർക്കും വെറ്റിലയും പാക്കും നൽകിയ ശേഷം എല്ലാരുടേയും അനുഗ്രഹം വാങ്ങി നൊയമ്പിരിക്കുന്നതോടെയാണ് ഉത്സവ പരിപാടിക്ക് തുടക്കമാകുന്നത്.തുടർന്ന് ചാവർ നടയിൽ വിവിധ അനുഷ്ഠാന കലകൾ അരങ്ങേറുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒന്നാം ഉത്സവ ദിനമായ മാർച്ച് 29 വെളളിയാഴ്ച വൈകിട്ട് 6 ന് നടപ്പന്തലിന്റെ നിർമ്മാണോദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.പി ശങ്കരദാസ് നിർവ്വഹിക്കും.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. മാർച്ച് 31 ഞായറാഴ്ച രാവിലെ 7.15 ന് മംഗള പൊങ്കാലയും വൈകിട്ട് 4 ന് തിരുവാഭരണ ഘോഷയാത്രയും നടക്കും.ഏപ്രിൽ 1 ന് രാവിലെ 9.30 ന് അരത്ത കണ്ഠൻ കുളത്തിൽ അരി നിരത്തും അനുബന്ധ ചടങ്ങുകളും നടക്കും.
പുലർച്ചെ 4 മണിക്ക് പ്രസിദ്ധമായ തൃക്കൊടിയെഴുന്നള്ളത്തും കെട്ടു വിളക്കെടുപ്പും നടക്കും.ഏപ്രിൽ 2 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കെട്ടുകുതിരയെടുപ്പും കൊടിയെഴുന്നള്ളത്തും നടക്കും. സമാപന ദിവസമായ ഏപ്രിൽ 5 ന് തിട്ടക്കര മൂർത്തിക്കാവിലെ വിവിധ ആചാരാനുഷ്ഠാനങ്ങൾക്ക് ശേഷം രാത്രി 9.30 നടക്കുന്ന വലിയ ഗുരുതിയോടെ ഈ വർഷത്തെ മലക്കുട ഉത്സവത്തിന് സമാപനമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ എസ്.രാധാകൃഷ്ണൻ നായർ, കരകൺവീനർമാരായ വി.സുഗതൻ, റിനോഷ് രവി, ജി.ബാബു എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ