
പത്തനാപുരം: കൊട്ടാരക്കര -പിടവൂര്‍ - പത്തനാപുരം പാതയില്‍ തലവൂരില്‍ കെ.എസ്.ആര്.ടി.സി ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.നാല് പേര്‍ക്ക് പരിക്കേറ്റു . ബൈക്ക് യാത്രികനായ തലവൂര്‍ മേലേപ്പുരയില്‍ താമസിക്കുന്ന തലവൂർ കണ്ടംകൊട്ട് ഗോപകുമാര്‍ ഉണ്ണിത്താന് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പറങ്കിമാംമുകള്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം.
കൊട്ടാരക്കര ഭാഗത്തു നിന്നും പത്തനാപുരം വഴി പുന്നലയിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് എതിരെ വന്ന ഇരുചക്ര വാഹന യാത്രികനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓടികൂടിയ നാട്ടുകാര്‍ ഗോപകുമാറിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട കെ.എസ്.ആര്.ടി.സി ബസ് സമീപത്തെ വൈദ്യുതി പോസ്റ്റിലും കൂട്ടിയിട്ടിരുന്ന പാറയിലും ഇടിച്ചാണ് നിന്നത്. ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവര്‍ കുഞ്ഞുമോന് ( 53), കണ്ടക്ടര്‍ സി.വിജയകുമാരി (42) എന്നിവര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
അജ്ഞലിയാണ് ഗോപകുമാറിന്റെ ഭാര്യ. മക്കള്‍: നിരജ്ഞന (7), നിരജ്ഞന് (5). താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ