
പുനലൂർ:റവന്യൂ വകുപ്പ് കഴിഞ്ഞ നവംബർ 22 നു വിലക്കേർപ്പെടുത്തിയ ഭാഗത്തു വീണ്ടും കുന്നിടിക്കാൻ തുടങ്ങിയതു നാട്ടുകാരും പുനലൂർ സാംസ്കാരിക സമിതി പ്രവർത്തകരും തടഞ്ഞു.എന്നാല്‍ പിന്നീട് ജിയോളജി വകുപ്പിന്റെ അനുമതിപ്പത്രം ഹാജരാക്കി പോലീസ് സംരക്ഷണയോടെ കുന്നിടിക്കാന് ശ്രമം ആരംഭിച്ചു.
പുനലൂർ എം.എൽ.എ റോഡിന്റെയും വെട്ടിപ്പുഴ തോടിന്റെയും വശത്തു നഗരസഭയിലെ കോമളം കുന്ന് വാർഡിൽപ്പെട്ട സ്ഥലത്താണ് 25 അടിയോളം ഉയരത്തിൽ മണ്ണിടിച്ചു നീക്കിയത്. ഇവിടെ എം.എൽ.എ റോഡിൽ ടാറിങ് നടത്തുന്നതിനാൽ ഇതുവഴി ഭാഗികമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ആളൊഴിഞ്ഞ നേരത്താണു കുന്നിടിക്കൽ വീണ്ടും തുടങ്ങിയത്.
റവന്യൂ വകുപ്പിൽനിന്നു 10 സെന്റ് ഭൂമി നിരപ്പാക്കാൻ മാത്രമാണു നേരത്തേ അനുമതി വാങ്ങിയിരുന്നത്. കൂടുതൽ സ്ഥലത്തു കുന്ന് പൂർണമായി ഇടിച്ചതോടെ തഹസിൽദാരും സംഘവും എത്തി തടയുകയായിരുന്നു.
കലക്ടറേറ്റിൽനിന്നു പരിശോധനാ വിഭാഗവും എത്തിയിരുന്നു. തോടിന്റെ നിരപ്പിൽ നിന്ന് 50 അടി ഉയരമുള്ള കുന്നാണിത്. ഇപ്പോൾ രണ്ട് മണിക്കൂർ മഴ പെയ്താൽ എം.എൽ.എ റോഡിലും ചെമ്മന്തൂർ ഏലാ ഭാഗത്തും വെള്ളം കയറുന്ന സ്ഥിതിയാണ്.മേഖലയിൽ ചട്ടം ലംഘിച്ച് കുന്നിടിച്ചിലും മണ്ണെടുപ്പും നടക്കുന്നുണ്ട്.
കുറച്ചു സ്ഥലം വീടു വയ്ക്കാനോ മറ്റ് ആവശ്യങ്ങൾക്കോ നിരപ്പാക്കാൻ അനുമതി വാങ്ങുകയും ഈ രേഖകളുടെ മറവിൽ സമീപത്തെ വസ്തുക്കളിൽനിന്നു മണ്ണെടുപ്പ് നടത്തുകയും ചെയ്യുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.ഇവിടെ വെട്ടിപ്പുഴ തോടിനു തീരെ വീതിയില്ലാത്ത ഭാഗമാണ്. വശത്തു കോൺക്രീറ്റ് ഭിത്തി നിർമിച്ച ശേഷം കുന്നിടിക്കുകയായിരുന്നു.ഭാവിയിൽ തോട് കയ്യേറ്റത്തിനുള്ള സാധ്യത നിലനിൽക്കുന്നതായും ആരോപണമുണ്ട്.പ്രദേശത്തെ അവാസവ്യവസ്ഥക്ക് കോട്ടം പറ്റുന്ന നിലയില്‍ ഭൂമാഫിയക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ജിയോളജി വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉന്നതതല അന്വേഷണം വേണമെന്ന് പുനലൂർ സാംസ്കാരിക സമിതി പ്രവർത്തകര്‍ ആവശ്യപ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ