
പുനലൂര്‍: പണമുണ്ടെങ്കില്‍ എത്ര വേണെങ്കിലും വനഭൂമിയും പതിച്ചു കിട്ടും.തെന്മല വില്ലേജില്‍ റിയ എസ്റ്റേറ്റിന് പതിച്ചു നല്‍കിയതില്‍ 206.51 ഏക്കറും വനഭൂമിയെന്ന് വിവരാവകാശ രേഖ. പ്ലാന്റേഷന്‍സ് വര്‍ക്കഴ്സ് യൂണിയന് (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് സി.ആര്. നജീബ് നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് തഹസീല്‍ദാര്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2011-ല്‍ നല്കിയ വിവരാവകാശ അപേക്ഷയിലാണു പത്തനാപുരം തഹസീല്‍ദാറുടെ മറുപടി. വനം മന്ത്രി കെ.രാജുവിന്റെ നിയോജക മണ്ഡലം ഉള്‍പ്പെടുന്ന ആര്യങ്കാവില്‍ 382 ഏക്കര്‍ വനഭൂമി പതിച്ചു നല്‍കിയതിനു പിന്നാലെയാണ് റിയയ്ക്കു നല്കിയതും വനഭൂമിയെന്നു തെളിയുന്നത്.
പഴയ പത്തനാപുരം താലൂക്കില്‍പ്പെടുന്ന സര്‍വേ നമ്പര്‍ 1/1 മുതല്‍ 1/34 വരെ 84.880 ഹെക്ടറും 2/5 ല്‍ 02.330 ഹെക്ടറും വനഭൂമിയാണ്. ഇത് അതാത് ഭൂമികളുടെ തണ്ടപ്പേരില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു. സര്‍വേ നമ്പര്‍ 0/1 മുതല്‍ 2/11 വരെ സര്‍വേ നമ്പരുകളില്‍പെട്ട ഭൂമിയാണ് റിയയ്ക്കു പതിച്ചു നല്‍കിയത്. സര്‍വേ നമ്പരുകള്‍ 1/2 ല്‍ 05. 29 ഹെക്ടര്‍, 1/3അല്‍ 17.05 ഹെക്ടര്‍, 2/4ല്‍ 15.77 ഹെക്ടര്‍, 2/5ല്‍11 ഹെക്ടര്‍ എന്നിങ്ങനെയാണ് വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചത്. ഇതില്‍നിന്നു റിയയ്ക്ക് നല്കിയതും വനഭൂമിയാണെന്നു വ്യക്തം.
പുനലൂര്‍ താലൂക്ക് വന്നതോടെയാണ് ഈ സര്‍വേ നമ്പരുകള്‍ ഉള്‍പ്പെടുന്ന ആര്യങ്കാവ്, തെന്മല വില്ലേജുകള്‍ അവിടേയ്ക്കു മാറ്റിയത്. 1988 ജൂലൈ രണ്ടിന് ഇറങ്ങിയ ബി. രണ്ട്-1896/88 നമ്പര്‍ ഉത്തരവ് പ്രകാരമാണ് സര്‍വേ നമ്പര്‍ 1/1 മുതല്‍ 1/34 വരെ 84.880 ഹെക്ടറും 2/5 ല്‍ 02.330 ഹെക്ടറും നിക്ഷിപ്ത വനഭൂമിയായി പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ തിരിച്ചെടുക്കുകയും വില്ലേജ് രേഖയായ തണ്ടപ്പേരില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തതെന്നും തഹസീര്‍ദാര്‍ മറുപടിയില്‍ പറയുന്നു.
ആര്യങ്കാവ് വില്ലേജില്‍ പ്രിയ എസ്റ്റേറ്റിന്റെ കൈവശമുള്ള 382 ഏക്കര്‍ വനഭൂമിക്കു കരം സ്വീകരിച്ചത് വിവാദമാകുകയും കരം സ്വീകരിച്ച വില്ലേജ് ഓഫീസര്‍ക്കെതിരേ നടപടിക്കു റവന്യു വകുപ്പ് തയാറാകുകയും ചെയ്തു. റിയയുടെ ഭൂമിക്കു കരം സ്വീകരിക്കാന്‍ ഭൂമി അളക്കാന്‍ ഉപയോഗിച്ചത് ലിത്തേമാപ്പ് ആണെന്ന് വില്ലേജ് ഓഫീസര്‍ കലക്ടര്‍ക്കു നല്കിയ റിപ്പോര്‍ട്ടിലുണ്ട്. ഈ ലിത്തോമാപ്പ് സര്‍ക്കാരിന്റേതല്ലെന്നും വ്യാജമായി ഹാരിസണ്‍സ് മലയാളം കമ്പനിക്കാര് നിര്‍മിച്ചതാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. 1923-ലെ എന്ന പേരില്‍ താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള ലിത്തോമാപ്പില്‍ 1966-നു ശേഷം രാജ്യത്തു നടപ്പാക്കിയ ഹെക്ടര്‍ അളവാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതോടെയാണ് മാപ്പ് വ്യാജമാണെന്നു വ്യക്തമായത്. ഈ വിവരം പുറത്തുവന്നിട്ടും അതേ മാപ്പാണ് ഹാരിസണ്‍സ് വിറ്റ റിയയുടെ ഭൂമി അളക്കാന്‍ ഉപയോഗിച്ചത്.
ഹാരിസണ്‍സിന്റെ വിവാദമായ 1600/1923 എന്ന ആധാരത്തില്‍ 1/1 മുതല്‍ 2/11 വരെ സര്‍വേ നമ്പരുകളില്‍പെട്ട 424.88 ഏക്കര്‍ വരുന്ന തെന്മല എസ്റ്റേറ്റിനെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഇതില്‍പ്പെടുന്ന 206.51 ഏക്കര്‍ ഭൂമിയാണു റിയ കമ്പനിക്കു കൈമാറിയത്. കൈമാറ്റ ആധാരത്തിലും പ്രതിപാദിക്കുന്നത് 1/1 മുതല്‍ 2/11 വരെ സര്‍വേ നമ്പരുകളില്‍പെട്ട ഭൂമിയെന്നാണ്. 424.88 ഏക്കറില്‍, ഏതുഭാഗത്തു സ്ഥിതിചെയ്യുന്ന ഏതെല്ലാം സര്‍വേ നമ്പരുകളില്പെട്ടതാണു 206.51 ഏക്കര്‍ ഭൂമി എന്ന് ആധാരത്തില്‍ വ്യക്തമായി പറയുന്നില്ല. ആധാരം അവ്യക്തമായിട്ടും വില്ലേജ് ഓഫീസര്‍ തന്നിഷ്ടപ്രകാരം സര്‍വേ നമ്പരുകള്‍ രേഖപ്പെടുത്തി ഭൂമിക്കു കരം സ്വീകരിക്കുകയായിരുന്നു.
കലക്ടറുറെ നിര്‍ദേശ പ്രകാരമാണു തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നാണു തെന്മലയിലെയും ആര്യങ്കാവിലെയും വില്ലേജ് ഓഫീസര്‍മാര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ കൊല്ലം ജില്ലാ കലക്ടര്‍ക്ക് ഇക്കാര്യത്തിലുള്ള പങ്ക് ചോദ്യംചെയ്യപ്പെടുന്നു. പുനലൂര്‍ താലൂക്കിലെ ആര്യങ്കാവ് വില്ലേജില്‍ ഉള്‍പ്പെടുന്നതാണു പ്രിയ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന 492.13 ഏക്കര്‍ ഭൂമിയും. ഇതില്‍ 382 ഏക്കറും വനഭൂമിയാണെന്നാണു രേഖകള്‍. ഇതു മറച്ചുവച്ച് 492.13 ഏക്കറിനും കരം സ്വീകരിക്കുകയായിരുന്നു.
കമ്പനികളുടെ കരം സ്വീകരിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. ഇതേച്ചൊല്ലി വിവാദങ്ങള്‍ ഉയര്ന്നിരിക്കെയാണു കരം സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് സ്വന്തം നിലയ്ക്ക് ഉത്തരവ് നല്‍കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ