
അഞ്ചല്:മനസിൽ ആശങ്കയുയർത്തി മലയോര ഹൈവേ അഞ്ചൽ അഗസ്ത്യക്കോട് ആലഞ്ചേരി റോഡരികിൽ താമസിക്കുന്നവരാണ് മലയോര ഹൈവെയെ കുറിച്ചുള്ള ആശങ്കകളുമായി കഴിയുന്നത്.
മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് അഞ്ചൽ അഗസ്ത്യക്കോട് ആലഞ്ചേരി റോഡിൽ സർവ്വെ ജോലികൾ പുനരാരംഭിച്ചു. അഞ്ചൽ - പുനലൂർ പാതയിൽ അഗസ്ത്യക്കോട് അമ്പലംമുക്ക് മുതൽ അഞ്ചൽ - കുളത്തൂപ്പുഴ പാതയിലെ ആലഞ്ചേരിയിൽ എത്തുന്ന കുശിനി മുക്ക് വഴിയുള്ള രണ്ട് കിലോമീറ്ററോളമുള്ള പാതയുടെ പരിസരത്തെ താമസക്കാരും വ്യാപാരികളും തർക്ക മുന്നയിച്ചതിനെത്തുടർന്ന് ഇതുവഴിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നില്ല.
പാതയരികിലെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭാഗീകമോ പൂർണ തോതിലോ ഉള്ള നാശഷ്ടം ഉണ്ടാകുമെന്നതിനാൽ തദ്ദേശവാസികൾ പ്രതിഷേധവുമായി മുന്നിട്ടു വന്നിരുന്നു. റോഡ് നിർമ്മാണത്തിനായി ഭൂമിഏറ്റെടുക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടത്തിന് മതിയായ നഷ്ട പരിഹാരം ലഭിക്കുമെന്നുറപ്പില്ലാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനത്തെയാണ് നാട്ടുകാർ എതിർത്തത്. ഇവിടം തർക്ക പ്രദേശമായതിനാൽ ഈ പ്രദേശം ഒഴിച്ചിട്ടാണ് നിർമ്മാണ പ്രവർത്തനം നടന്നുവരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം താലൂക്ക് സർവ്വേ വിഭാഗം ഉദ്യോഗസ്ഥരെത്തി കയ്യേറ്റ ഭൂമിയുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.നിലവിൽ ഏഴ് മീറ്റർ വീതിയുള്ള റോഡാണ് 15 മീറ്റർ വീതിയിൽ പുനർനിർമ്മിക്കുന്നത്. അപ്പോൾ റോഡ് വക്കിലുള്ള ഭൂമി പലരും വിട്ടു നൽകേണ്ടി വരും.മലയോര ഹൈവേ അഞ്ചൽ ആർ. ഓ ജംഗ്ഷൻ വഴി കടന്നു പോകത്തക്ക വിധമായിരുന്നു ആദ്യം വിഭാവനം ചെയ്തിരുന്നത്. ഇത് ടൗണിലെ നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം വരുത്തുമെന്നുള്ള പരാതിയുണ്ടായതിനെത്തുടർന്നാണ് അഗസ്ത്യക്കോട് കുശിനിമുക്ക് വഴിയാക്കാൻ അധികൃതർ തീരുമാനിച്ചത് എന്ന് ആരോപണമുണ്ട്. ഇലക്ഷൻ അടുത്ത വന്നതോടെ പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് വീണ്ടും സർവ്വെ ജോലികൾ ആരംഭിച്ചിരിക്കുന്നത് എന്നും മലയോര ഹൈവേ ഈ വഴി തന്നെയാണോ കടന്ന് പോകുന്നത് എന്നും ഇത് വഴിയാണെങ്കിൽ ജനങ്ങൾക്കുണ്ടാക്കുന്ന നഷ്ടങ്ങൾക്ക് എന്ത് പരിഹാരമാണ് നൽകുന്നത് എന്ന് അധികാരികൾ പ്രദേശവാസികളെ ബോധവൽക്കരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത് എന്നും ഇത് ചെയ്യാതെ ഇടക്കിടക്ക് പ്രദേശവാസികളുടെ പുരയിടങ്ങളിൽ കയറി സർവ്വെ നടത്തി ആ ശങ്കകളുണ്ടാക്കുന്നത് ഒഴിവാക്കണമെന്ന് കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റി അഞ്ചൽ ഈസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡൻറ് ശ്രീകുമാരൻ നായർ പറഞ്ഞു.മലയോര ഹൈവെയെക്കുറിച്ചുള്ള പ്രദേശവാസികളുടെ സംശയം ദൂരീകരിക്കാൻ അധികാരികൾ എത്രയും വേഗം ഇടപെടണമെന്നാണ് പൊതുജന അഭിപ്രായം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ