വിമാനം തകര്‍ന്നു മരിച്ച ഫ്ലൈറ്റ് എന്‍ജിനിയര്‍ അനൂപ്കുമാറിന് കണ്ണീരോടെ വിട
വിമാനം തകർന്നു മരിച്ച സൈനികന് ജന്മനാടിന്റെ യാത്രാമൊഴി: അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ
നാടിന്റെ പ്രിയസൈനികന് ജന്മനാട് വീരോചിതമായി വിടചൊല്ലി. അരുണാചൽ പ്രദേശിൽ വിമാനം തകർന്ന് മരിച്ച അനൂപ്കുമാറിന് വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്വവസതിയോടു ചേർന്ന സ്ഥലത്ത് ചിതയൊരുങ്ങിയത്.
വെള്ളിയാഴ്ച രാവിലെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് വായുസേന വിമാനത്താവളത്തിൽ എത്തിച്ച അനൂപിന്റെ ഭൗതികശരീരം തിരുവനന്തപുരത്തു നിന്നും മന്ത്രി കെ.രാജുവും, ജില്ലാകലക്ടർ അടക്കമുള്ളവരും ചേർന്നാണ് ഏറ്റുവാങ്ങിയത്. ഒമ്പതുമണിയോടെ പ്രത്യേക സൈനിക വാഹനത്തിലാണ് ജന്മനാട്ടിൽ എത്തിച്ചത്. രാവിലെ ഏരൂർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലും സ്വവസതിയിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് അന്തിമോപചാരമർപ്പിച്ചത്. ഉച്ചയോടെ ഔദ്യോഗിക സൈനിക ബഹുമതകളോടെയായിരുന്നു സംസ്കാരം. അനൂപ് അടുത്തിടെ സ്വന്തമായി പണികഴിപ്പിച്ച വീടിന്റെ ചാരത്തുതന്നെയാണ് നിത്യനിദ്രയ്ക്ക് ചിതയൊരുക്കിയത്. ആറുമാസം മുമ്പ് അവസാനമായി വിടപറഞ്ഞു പോയ വീട്ടിലേക്ക് സൈനികന്റെ ചേതനയറ്റ ശരീരം മടങ്ങിയെത്തിയപ്പോൾ നാട് ആദർവോടെ കണ്ണീർപൊഴിച്ചു. വായുസേനയുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം അനുജൻ അനീഷ്കുമാറാണ് ചിതയിലേക്ക് അഗ്നിപകർന്നത്. ആലഞ്ചേരിയുടെ പ്രിയ സൈനികന് നാട് വീരോചിതമായ യാത്രയയപ്പ് നൽകുമ്പോൾ അച്ഛന്റെ വേർപാടറിയാതെ ഒന്നരവയസുകാരൻ മകൻ ദ്രോണ ബന്ധുക്കളുടെ ഒക്കത്തിരുന്ന് വാവിട്ടുകരഞ്ഞത് നാടിന്റെ വേദനയായി. അനൂപിന്റെ വിധവ വൃന്ദയെയും മാതാപിതാക്കളെയും മന്ത്രി മാരായ കെ.രാജു,ജെ.മേഴ്സിക്കുട്ടി'അമ്മ, എസ്.ജയമോഹൻ , മുൻ എം എൽ എമാരായ പി.എസ് സുപാൽ, പുനലൂർ മധു അടക്കമുള്ളവരുടെ നേതൃത്വത്തിൽ ആശ്വസിപ്പിച്ചു. ജൂൺ മൂന്നിന് അനൂപ് ഉള്‍പ്പെടെ 13 സൈനികരെയാണ് വിമാനം തകർന്ന് കാണാതായത്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ജൂൺ മൂന്നിന് ഉച്ചയ്ക്ക് 12.30ന് മെന്ചുകയിലെ അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എ.എന്‍ 32 എന്ന വിമാനമാണ് തകർന്നത്. ഒരാഴ്ചയ്ക്കുശേഷം ശേഷമാണ് ജനവാസം ഇല്ലാത്ത സ്ഥലത്ത് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. വ്യോമസേനയുടെ ഏഴ് ഓഫീസര്‍മാരും ആറ് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ