
മഴബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും എലിപ്പനി പ്രതിരോധം ഉര്ജ്ജിതമാക്കുന്നതിനായി 'ഡോക്സി കോര്‍ണര്‍' സജ്ജീകരിച്ച് ആരോഗ്യ വകുപ്പ്. പ്രധാന ദുരിതാശ്വാസ ശേഖരണ കേന്ദ്രമായ ടി.എം വര്‍ഗീസ് ഹാളിലാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ച് ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വെള്ളപ്പൊക്ക മേഖലകളില്‍ നിന്ന് വീടുകളിലേക്ക് തിരികെ പോകുന്നവര്‍, പ്രളയബാധിത ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോകുന്നവര്‍, മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരാണ് നിര്‍ബന്ധമായും ഗുളികകള്‍ കഴിക്കേണ്ടത്. ആഴ്ചയിലൊരിക്കല്‍ ഭക്ഷണത്തിന് ശേഷം 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. കുളത്തിലും വെള്ളക്കെട്ടുകളിലും കുളിക്കാന്‍ ഇറങ്ങുന്നവരും കഴിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഗുളിക സൗജന്യമായി ലഭിക്കും.
കന്നുകാലികളുമായോ മറ്റ് വളര്‍ത്തു മൃഗങ്ങളുമായോ ഇടപഴകുമ്പോള്‍ ശരീരത്തിലെ മുറിവുകള്‍, ശ്വസന അവയവങ്ങള്‍ എന്നിവ വഴി രോഗം ബാധിക്കാം. കടുത്ത പനി, തലവേദന, പേശിവേദന, വിറയല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. മലിനജലവുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ ഷൂസ്, ഗ്ലൗസ് എന്നിവ ധരിക്കണം. വെള്ളത്തില്‍ കലര്‍ന്ന രോഗാണുക്കളെ നശിപ്പിക്കാന്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കാം.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്, കൂത്താടി നശീകരണം എന്നിവ കൂടുതല്‍ ശക്തമാക്കും. കുടിവെള്ളം പുറത്തുനിന്നും വാങ്ങി ഉപയോഗിക്കുന്നവര്‍ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്ന ക്ലോറിന്‍ ടാബ്ലെറ്റുകള് വെള്ളത്തില്‍ നിക്ഷേപിച്ച് ശുദ്ധീകരിച്ചു ഉപയോഗിക്കണം.
ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. ആര്. സന്ധ്യ, ഡോ. ജെ. മണികണ്ഠന്, ആര്.സി.എച്ച്. ഓഫീസര്‍ ഡോ. കൃഷ്ണവേണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ