
കേരള റൂറല്‍ ഡെവലപ്മെന്റ് ഏജന്‍സിയുടെ കീഴില്‍ കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന 'എന്റെ റേഡിയോ 91.2' ന് ദേശീയ പുരസ്കാരം ലഭിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളുടെ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി അമിത്ഖാരെ ഉള്‍പ്പെടെയുള്ള ജൂറിയാണ് അവാര്‍ഡിനായി എന്റെ റേഡിയോയെ തിരഞ്ഞെടുത്തത്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 262 കമ്മ്യൂണിറ്റി റേഡിയോകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ റേഡിയോകള്ക്കുള്ള അവാര്‍ഡില്‍ 'കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ്' വിഭാഗത്തിലാണ് എന്റെ റേഡിയോ 91.2 ന് പുരസ്കാരം ലഭിച്ചത്.
ഏഴാമത് കമ്മ്യൂണിറ്റി റേഡിയോ ദേശീയ സമ്മേളനത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്റെ റേഡിയോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എം. അനില്‍ മുഹമ്മദിന് പുരസ്കാരം കൈമാറി. ട്രോഫിയും പ്രശസ്തി പത്രവും ഇരുപതിനായിരം രൂപയുമാണ് പുരസ്കാരം.
എന്റെ റേഡിയോ ശ്രോതാക്കളുടെ കൂട്ടായ്മയായ സ്നേഹസേനയിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. വിശപ്പുരഹിത കരുനാഗപ്പള്ളി, ലൈബ്രറി ആന്റ് റീഡിങ് ക്ലബ് ആക്ടിവിറ്റീസ്, ഭക്ഷണ വിതരണം, അഗതി-അനാഥര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക അഭിനന്ദനങ്ങളും ലഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ