ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ഇന്നത്തെ പ്രധാന അറിയിപ്പുകള്‍

കാലവര്‍ഷം - അവലോകന യോഗം ഇന്ന് (ഓഗസ്റ്റ് 10)
കാലവര്‍ഷം ശക്തമായ പശ്ചാത്തലത്തില്‍ കെടുതികള്‍ നേരിടാന്‍ ജില്ലാതലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ഇന്ന് (ഓഗസ്റ്റ് 10) ഉച്ചക്ക് മൂന്നിന് യോഗം ചേരും. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ കൊല്ലം, പുനലൂര്‍ ആര്‍ ഡി ഒമാരും എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും തഹസില്‍ദാര്‍മാരും പങ്കെടുക്കണം എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ദുരന്തപ്രതികരണ മാര്‍ഗരേഖ പ്രകാരം സ്വീകരിച്ച നടപടികള്‍ ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥര്‍ വിശദീകരിക്കാനും നിര്‍ദേശിച്ചു.

കാലവര്‍ഷം: ഫിഷറീസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറുന്നു
കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി ഫിഷറീസ് വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറുന്നു. ജില്ലാ ഫിഷറീസ് ഓഫീസ്, നീണ്ടകര ഫിഷറീസ് സ്റ്റേഷന്‍, അഴീക്കല്‍ ഹാര്‍ബര്‍ എന്നിവിടങ്ങളിലായാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുക. പ്രത്യേക പരിശീലനം നേടിയ സീ റെസ്‌ക്യൂ സ്‌ക്വാഡുകള്‍, 60 മത്സ്യത്തൊഴിലാളികള്‍, 40 മത്സ്യബന്ധന യാനങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഫിഷറീസ് വകുപ്പിന്റെ പട്രോള്‍ ബോട്ടുകളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും തയ്യാറായിട്ടുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികള്‍ നാല് ദിവസത്തേക്ക് കടലില്‍ പോകരുതെന്നും അടിയന്തര സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി അറിയിച്ചു.
ഫോണ്‍: 0474 2792850 (ജില്ലാ ഫിഷറീസ് ഓഫീസ്), 0476 2680036 (ഫിഷറീസ് സ്റ്റേഷന്‍ നീണ്ടകര), 9188787036 (അഴീക്കല്‍).

കാലവര്‍ഷം : മൃഗ-പക്ഷികള്‍ക്കായും കണ്‍ട്രോള്‍ റൂം
കാലവര്‍ഷ കെടുതി നേരിടുന്ന ജില്ലയിലെ മൃഗപക്ഷികള്‍ക്ക് ദുരിതാശ്വാസമേകാന്‍ മൃഗസംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് 24 മണിക്കുറും സേവനസജ്ജമായ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറി മുങ്ങിപ്പോയ ഫാമുകളും പ്രദേശങ്ങളും നിരീക്ഷിക്കുന്നുണ്ട്. ഓരോ ഗ്രാമപഞ്ചായത്തിലും വെറ്ററിനറി സര്‍ജന്‍മാര്‍ക്കാണ് ഏകോപന ചുമതല. താലൂക്ക് തലത്തില്‍  അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.
മൃഗങ്ങള്‍ക്കും വളര്‍ത്തുപക്ഷികള്‍ക്കുമായി ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ തുറക്കും.  ഇതിനായി അവശ്യമരുന്നുകളും ജീവന്‍രക്ഷാ മരുന്നുകളും കരുതിയിട്ടുമുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രത്യേക സംഘവും രൂപീകരിച്ചതായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ കെ കെ തോമസ് അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍ - 9847136387 ,9447422948.

കാലവര്‍ഷം- ദേശീയപാതയിലെ യാത്ര: ജാഗ്രത പാലിക്കണം
അതിശക്തമായ കാലവര്‍ഷം മൂലം പുനലൂര്‍ - കോട്ടവാസല്‍ ദേശീയപാതയില്‍ മണ്ണ് ഇടിയാനും നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യത ഉള്ളതിനാല്‍ ഇതുവഴിയുള്ള യാത്രയില്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ശുചിത്വ സാഗരം: 30 ടണ്‍ മാലിന്യം ശേഖരിച്ച് സംസ്‌കരിച്ചു
കടലിലെ ജീവജാലങ്ങളുടെ ജീവനും നിലനില്പ്പിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി തുടങ്ങിയ ശുചിത്വസാഗരം പദ്ധതിക്ക് വന്‍ മുന്നേറ്റം. ഇതുവരെ 30 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലില്‍ നിന്നും ശേഖരിച്ച് സംസ്‌ക്കരിച്ചത്.
ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുകളും ശുചിത്വ മിഷന്‍, കെ എസ് സി എ ഡി സി, നെറ്റ് ഫിഷ്, എം പി ഇ ഡി എ, സാഫ് ഏജന്‍സി, ബോട്ട് ഓണേഴ്‌സ് അസ്സോസിയേഷന്‍ സംയുക്ത സഹകരണത്തോടെയാണ് പ്രവര്‍ത്തനം.
മത്സ്യബന്ധനത്തിനിടെ  കടലില്‍ നിന്നും ബോട്ടുകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷ്രെഡിംഗ് യൂണിറ്റുകളിലെത്തിച്ചാണ് പൊടിച്ച് സംസ്‌ക്കരിച്ച് ഉപഉത്പ്പന്നങ്ങളാക്കി മാറ്റുന്നത്.  ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ 2017 ഓഗസ്റ്റിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഫിഷറീസ് വകുപ്പ് ഏജന്‍സിയായ സാഫ് ല്‍ നിന്നും തിരഞ്ഞെടുത്ത 25 വനിതകള്‍ ഉള്‍പ്പെടെ 28 പേരാണ് രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നത്. ശേഖരിച്ച മാലിന്യങ്ങളില്‍ 25 ടണ്ണോളം ഷ്രെഡ് ചെയ്തു. ഇങ്ങനെ ലഭിച്ച 4400 കിലോഗ്രാം ഉത്പന്നങ്ങള്‍ പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എന്നിവ വഴി റോഡ് ടാറിംഗിനായി ഉപയോഗപ്പെടുത്തി.
ഷ്രെഡിംഗ് മെഷീന്‍ ഉപയോഗിച്ച്  ഒരു ദിവസം ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സംസ്‌ക്കരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമേ സമീപ ജില്ലകളില്‍ നിന്നുള്ളവയും സംസ്‌കരിക്കുന്നുണ്ട്.   ജില്ലയില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ശുചിത്വ സാഗരം പദ്ധതി മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന്  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

സ്വീകാര്യതയേറി 'വായന വസന്തജാലകം'
അലയമണ്‍ ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്കായി വായനയുടെ വസന്തജാലകം തുറന്നിട്ട് ഒരാണ്ടാകുന്നു. പഞ്ചായത്തിന്റെ തനത് പദ്ധതിയാണിത്. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനൊപ്പം പൊതു അറിവുകളിലേക്ക് നയിക്കുന്ന മത്സരങ്ങളും ഉള്‍പ്പെടുത്തിയതോടെയാണ് വായന വസന്തജാലകത്തിന് സ്വീകാര്യത ഏറിയത്.
കുട്ടികളുടെ കലാ - സാഹിത്യ വാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പാഠ്യ - പഠ്യേതര വിഷയങ്ങളില്‍ അറിവ് നേടുന്നതിനും പദ്ധതി സഹായകമാണ്. ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന എട്ട് പൊതുവിദ്യാലയങ്ങളിലാണ് കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്നത്. ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയ പദ്ധതിക്കായി പഞ്ചായത്ത് 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
അലയമണ്‍ ഡബ്‌ള്യു യു പി എസ്, ആനക്കുളം വെല്‍ഫെയര്‍ യു പി എസ്, പുത്തയം ഓള്‍ സെയിന്റ്‌സ് എച്ച് എസ്, കണ്ണങ്കോട് എം ടി യു പി എസ്, മൂങ്ങോട് സെന്റ് മേരീസ്‌യു പി എസ്, മൂങ്ങോട് എല്‍ പി എസ്, കരുകോണ്‍ ജി എച്ച് എസ് എസ്, ചണ്ണപ്പേട്ട എം ടി എച്ച് എസ് എന്നീ സ്‌കൂളുകളിലാണ് ഇതു നടപ്പിലാക്കിയത്. 
എട്ട് സ്‌കൂളുകളിലെയും ലൈബ്രറികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ പഞ്ചായത്ത് നല്‍കുന്നു. ഓരോ സ്‌കൂളിലും നിത്യേന മൂന്ന് മലയാള പത്രങ്ങളും ഒരു ഇംഗ്ലീഷ് പത്രവും നല്‍കുന്നുണ്ട്. എല്‍ പി, യു പി വിഭാഗത്തിലെ കുട്ടികള്‍ക്കായി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളുമുണ്ട്.
വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയതിനൊപ്പം കുട്ടികളിലെ വായനാ മികവ് കണ്ടെത്തുന്നതിനായി ആഴ്ചതോറും ക്വിസ് മത്സരങ്ങളും നടത്തി വരുന്നു. ഇതോടെ കൂടുതല്‍ കുട്ടികള്‍ പുസ്തകങ്ങളിലേക്ക് ആകൃഷ്ടരായിട്ടുമുണ്ട്.
പുസ്തകങ്ങളും പത്രങ്ങളും വായിക്കുന്ന കുട്ടികള്‍ക്ക് സര്‍ഗ്ഗവാസനയും അറിവും വര്‍ധിക്കുന്നതിനൊപ്പം മത്സര പരീക്ഷകളില്‍ മികവ് പുലര്‍ത്തുന്നതിന് കൂടി സഹായകമാകും എന്ന വിലയിരുത്തലോടെയാണ് പദ്ധതി നിര്‍വഹണം  എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹംസ പറഞ്ഞു.
രണ്ടു പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും പഞ്ചായത്ത് നല്‍കി വരുന്നു. ഗ്രാമീണ മേഖലകളില്‍ നിന്നുള്ള കുട്ടികള്‍ക്കായാണ് പദ്ധതി. അലയമണ്‍ ഡബ്‌ള്യു. യു പി എസ്, ആനക്കുളം വെല്‍ഫെയര്‍ യു പി എസ് എന്നീ സ്‌കൂളുകളിലാണ് ഭക്ഷണം നല്‍കുന്നത്.  പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 3 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി വിനിയോഗിക്കുന്നത്.

ഗതാഗത നിയന്ത്രണം
കൊല്ലം റെയില്‍വേസ്റ്റേഷന്‍ മുതല്‍ ചെമ്മാമുക്ക് വരെയും ക്യു എ സി റോഡിലെയും അപകടാവസ്ഥയില്‍ നില്‍ക്കുന്ന വന്‍മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ഇന്ന് (ആഗസ്റ്റ് 10) മുതല്‍ രണ്ട് ദിവസത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും അയത്തിലേക്ക് പോകുന്ന ബസുകള്‍ ശാരദാമഠം റോഡിലൂടെ ക്രമീകരിക്കും. 

പി എസ് സി ഇന്റര്‍വ്യൂ
കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം എച്ച് എസ് എ (മലയാളം) (കാറ്റഗറി നമ്പര്‍ 272/17) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ആഗസ്റ്റ് 20, 21 തീയതികളില്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍  കൊല്ലം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കൊല്ലം ജില്ലയില്‍ എന്‍ സി സി/ സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (വിമുക്ത ഭടന്‍മാര്‍ മാത്രം) (എന്‍ സി എ- ഐല്‍ സി/എ ഐ) കാറ്റഗറി നമ്പര്‍ 412/2016, (എന്‍ സി എ-മുസ്ലിം) കാറ്റഗറി നമ്പര്‍ 411/2016 തസ്തികളിലേക്കുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.

അളവ്-തൂക്ക പുനപരിശോധനാ ക്യാമ്പ് മാറ്റിവച്ചു
ചാത്തന്നൂര്‍ പഞ്ചായത്ത് ഓഫീസില്‍ ആഗസ്റ്റ് 12 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അളവ്തൂക്ക ഉപകരണങ്ങളുടെ വാര്‍ഷിക പുനപരിശോധനയും മുദ്രവയ്പ്പ് ക്യാമ്പും 19 ന് പകല്‍ 10.30 ന് ചാത്തന്നൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍: 82816 98023.

ദേശീയപാത സ്ഥലമെടുപ്പ് : ഹിയറിങ് 24 ന്

ദേശീയപാത (66)ന്റെ വികസനവുമായി ബന്ധപ്പെട്ട്  കാവനാട് കാര്യാലയത്തില്‍ ഓഗസ്റ്റ് 12 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിയറിങ് 24 -ാം തീയതിയിലേക്ക് മാറ്റി.
അഭിമുഖം മാറ്റി
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യില്‍ ഐ എം സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളിലെ പരിശീലകന്റെ തസ്തികയിലേക്ക് ഓഗസ്റ്റ് 14 ന് നടത്താനിരുന്ന അഭിമുഖം 16 ന് രാവിലെ 11 ന് നടക്കും.

ആയമാരുടെ അഭിമുഖം 14 ന്
എസ് എസ് കെ കൊല്ലം ജില്ലയിലെ വിവിധ ബി ആര്‍ സി കളിലായി പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററുകളിലേക്ക് ആയമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 14 ന് രാവിലെ 10 ന് നടക്കും. എസ് എസ് കെ ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടിയുടെ മാതാവായിരിക്കണം. സാമ്പത്തികമായി പിന്നാക്കമായവര്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫക്കറ്റുകളും പകര്‍പ്പുമായി എത്തണം. ഫോണ്‍: 0474 2794098.

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് : പുനപരീക്ഷ 14 ന്

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് രണ്ടുവര്‍ഷ മെട്രിക് ട്രേഡുകളുടെ വര്‍ക്ക് ഷോപ്പ് കാല്‍ക്കുലേഷന്‍ ആന്റ് സയന്‍സ് പുനപരീക്ഷ ആഗസ്റ്റ് 14 ന് അതത് കേന്ദ്രങ്ങളില്‍ പഴയ ടൈംടേബിളില്‍ സമയക്രമം പാലിച്ച് നടക്കും. 2019 ആഗസ്റ്റ് രണ്ടിന് നടത്തിയിരുന്ന പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ റദ്ദ് ചെയ്തിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.