
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. രാത്രികാലത്ത് നടത്തുന്ന കുറ്റകൃത്യം തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കാന്‍ ആര്‍.ടി.ഒയ്ക്കും നഗരസഭ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഖരമാലിന്യ നിര്‍മാര്‍ജനം ശക്തിപ്പെടുത്തുന്നതിനും പൊതുശൗചാലയങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനുമായി നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശം.
കക്കൂസ് മാലിന്യം ടാങ്കര്‍ ലോറികള്‍ എത്തിച്ച് കനാലുകളിലും ഓടകളിലും ഒഴുക്കിവിടുന്നു. ബൈപാസില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പതിവുമുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിക്കുള്ള നിര്‍ദ്ദേശം.
സ്വച്ഛ് ഭാരത് മിഷന്റെ അര്‍ബന്‍ മേഖലയില്‍ ഉള്‍പ്പെട്ട കരുനാഗപ്പള്ളി, പുനലൂര്‍, പരവൂര്‍, കൊട്ടാരക്കര എന്നീ മുന്‍സിപ്പാലിറ്റികളിലെയും കൊല്ലം നഗരസഭയിലെയും പൊതു ശൗചാലയങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി.
ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെയും പൊതു ശൗചാലയങ്ങളുടെയും നിര്‍മാണം ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ ഓഫീസുകള്‍ക്കും സമീപം പൊതു ശൗചാലയങ്ങള്‍ സ്ഥാപിക്കണം. ആശ്രാമം മൈതാനത്തും സിവില്‍ സ്റ്റേഷനിലും ശൗചാലയം നിര്‍മ്മിക്കുന്നതിന് നഗരസഭാ ഉദോഗസ്ഥരെ ചുമതലപ്പെടുത്തി.
ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ യു.ആര്‍. ഗോപകുമാര്‍, പ്രോഗ്രാം മാനേജര്‍ എ. ഷാനവാസ്, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ