റാന്നി ആതിര ഹോട്ടലില്‍ നടന്ന അടി യദാര്‍ത്ഥ സംഭവ വികാസങ്ങള്‍ എന്താണ്
റാന്നി ബ്ലോക്ക് പടിയിലെ ആതിര ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ വിമുക്തഭടനെ നടുറോഡില്‍ തല്ലിച്ചതക്കുന്ന വീഡിയോ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയായില്‍ കറങ്ങുകയാണ്. ഒറ്റ നോട്ടത്തില്‍ അടിയേല്‍ക്കുന്ന ആളിനോട് സഹതാപവും അതോടൊപ്പം തല്ലുന്ന ആളുകളോട് ദേഷ്യവും തോന്നും. പുറത്ത് റോഡില്‍ നടന്ന മര്‍ദ്ദനം അവിടെ നിന്ന ആരോ മൊബൈലില്‍ പകര്‍ത്തി വാട്ട്സ് ആപ്പില്‍ ഇട്ടതാണ് പ്രചരിച്ചത്. ഇതിനു മുമ്പുള്ള ദൃശ്യങ്ങള്‍ ആരും കണ്ടിരുന്നില്ല. വീഡിയോ കണ്ടവരുടെയും ഷെയര്‍ ചെയ്തവരുടെയും അഭിപ്രായവും ഇത് ക്രൂരതയെന്നാണ്.
എന്നാല്‍ ഇതിനുപിന്നിലുള്ള സംഭവ വികാസങ്ങള്‍ മറ്റൊന്നാണ്. തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെ റാന്നി ബ്ലോക്ക് പടിയില്‍ ഉള്ള ആതിര ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ചെറുകോല്‍ താനത്തു വീട്ടില്‍ എം.ശിവകുമാര്‍ (34) ആണ് പ്രശ്നത്തിനു തുടക്കമിട്ടത് എന്ന് പറയുന്നു. കമ്പം സ്വദേശിയായ ഇയാള്‍ ചെറുകോല്‍പ്പുഴയിലെ ഭാര്യവീട്ടിലാണ് താമസം. തൊട്ടടുത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന റാന്നി – പുതമണ്‍ സ്വദേശി ജിജോയെ (32) യാതൊരു കാരണവുമില്ലാതെ അസഭ്യം പറഞ്ഞതാണ് വിഷയം. ക്യാഷ് കൌണ്ടറില്‍ ഇരുന്ന ഹോട്ടലുടമയുടെ ഭാര്യ വിഷയത്തില്‍ ഇടപെടുകയും പ്രശ്നം ഉണ്ടാക്കരുതെന്നു പറയുകയും ചെയ്തു. ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ സി.സി.റ്റി.വി റെക്കോഡ് ഉണ്ട്. തുടര്‍ന്ന് ഹോട്ടലിന്റെ പുറത്തിറങ്ങിയ ഇയാള്‍ ഭക്ഷണം കഴിച്ചു പുറത്തുവന്ന വയലത്തല പുത്തന്‍പുരയ്ക്കല്‍ ജിജോയെ മര്‍ദ്ദിക്കുകയായിരുന്നു. ശക്തമായ മര്‍ദ്ദനത്തില്‍ ജിജോ തറയില്‍ വീണു. സംഭവം കണ്ട് പുറത്തുവന്ന ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ശിവകുമാറിനെ മര്‍ദ്ദിച്ചു. ഈ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
വിമുക്തഭടന്റെ മർദനത്തിൽ പരിക്കേറ്റ വയലത്തല പുത്തൻപുരയ്ക്കൽ ജിജോമോൻ (34) റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെവിക്കും തലക്കും പരിക്കുണ്ട്.മർദനമേറ്റ വിമുക്തഭടൻ ചെറുകോൽ താനത്ത് പുത്തൻവീട്ടിൽ ശിവകുമാർ(35) കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലും റാന്നി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ഹോട്ടലുടമ ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ കുഴികാലായിൽ കെ.ആർ.പ്രകാശ്(50), ജീവനക്കാരായ കൊല്ലം പവിത്രേശ്വരം സ്വദേശി ശൈലേന്ദ്രൻ(54), തെങ്കാശി സ്വദേശി മണി(28), തെക്കേപ്പുറം അനീഷ് ഭവനിൽ അനീഷ് കുമാർ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കണ്ടാല്‍ അറിയാവുന്ന 3 പേര്‍ക്കെതിരെയും കേസുണ്ടെന്ന് റാന്നി പോലീസ് അറിയിച്ചു.
എന്നാല്‍ പോലീസ് പറയുന്നത് തിങ്കളാഴ്‌ച ഉച്ചയ്‌ക്കുശേഷം രണ്ടേകാലോടെ ബ്ലോക്ക് പടിക്കു സമീപം ആതിര ഹോട്ടലിനു മുമ്പിലായിരുന്നു സംഭവം. ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയ ശിവകുമാറിന് തണുത്ത പൊറോട്ടയും കറിയും നല്‍കിയത് ചോദ്യം ചെയ്‌തതാണ് സംഘര്‍ഷത്തിന് തുടക്കമെന്നാണ് പോലീസ് പറയുന്നത്. വാക്കുതര്‍ക്കത്തിനിടെ പുറത്തുനിന്നുള്ള ചിലര്‍ ഇടപെട്ടത് അടിപിടിയില്‍ കലാശിച്ചു.
ശിവകുമാറിന്റെ അടിയേറ്റ് ഒരാള്‍ ബോധരഹിതനായി നിലത്തു വീണു. തുടര്‍ന്ന് കടയുടമ സ്‌ഥലത്ത് എത്തിയതോടെ ചിലര്‍ ശിവകുമാറിനെ വളഞ്ഞിട്ടു തല്ലി. നിലത്തുവീണ ശിവകുമാറിനെ ചവിട്ടുകയും പാല്‍ കൊണ്ടുവരുന്ന ട്രേ ഉപയോഗിച്ച് അടിക്കുകയും ചെയ്‌തു. പോലീസെത്തിയാണ് ഇദ്ദേഹത്തെ താലൂക്കാശുപത്രിയേക്കു മാറ്റിയത്. അവിടെനിന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഹവീല്‍ദാര്‍ ആയിരുന്ന ശിവകുമാറിന് കാര്‍ഗില്‍ യുദ്ധത്തിനിടെ ഷെല്ലാക്രമണത്തില്‍ വലതു കാല്‍മുട്ടു തകര്‍ന്നിരുന്നു. പിന്നീട് പ്ലാസ്‌റ്റിക് മുട്ടു വച്ചുപിടിപ്പിക്കേണ്ടിവന്നു. തിങ്കളാഴ്‌ച വാഹനത്തിന്റെ രേഖകള്‍ ശരിയാക്കാന്‍ റാന്നി ജോയിന്റ് ആര്‍.ടി.ഓഫീസില്‍ പോയി മടങ്ങുമ്പോഴായിരുന്നു ബ്ലോക്കു പടിക്കലെ ഹോട്ടലില്‍ വച്ച് ഇദ്ദേഹത്തിനു മര്‍ദ്ദനമേറ്റതെന്ന് ശിവകുമാറിന്റെ ഭാര്യ രമ്യ പറഞ്ഞു.
സംഭവത്തില്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധിച്ചു. അക്രമത്തിനു പിന്നില്‍ കഞ്ചാവ് – മയക്കുമരുന്ന്‍ മാഫിയാ ആണെന്നും ഹോട്ടലിലും പുറത്തും സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകള്‍ ഇവരുടെ ഇടപാടുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നെന്നും പലപ്രാവശ്യം ക്യാമറകള്‍ നശിപ്പിച്ചിരുന്നുവെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവന്‍ പറഞ്ഞു. ഇന്നലെ മദ്യപിച്ചിട്ടാണ് ഇയാള്‍ ഹോട്ടലില്‍ വന്നതെന്നും മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചതാണെന്നും പ്രസാദ് പറഞ്ഞു. പ്രതിഷേധ യോഗത്തില്‍ റാന്നി യൂണിറ്റ് പ്രസിഡന്റ് സോണി അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്ര കുമാര്‍, കെ.എം.രാജാ, നവാസ് തനിമ, ബാബു എന്നിവര്‍ സംസാരിച്ചു.
സംഭവത്തില്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു. ലക്ഷങ്ങള്‍ മുടക്കി വ്യാപാരം ചെയ്യുന്നവര്‍ക്ക് ഒരു സംരക്ഷണവും ലഭിക്കുന്നില്ലെന്നും അക്രമികളും സാമൂഹ്യ വിരുദ്ധരും നാട്ടില്‍ അഴിഞ്ഞാടുകയാണെന്നും സ്വസ്ഥമായി വ്യാപാരം ചെയ്യുവാന്‍ പറ്റാത്ത അവസ്ഥയാണെന്നും ജില്ലാ പ്രസിഡന്റ് എ.ജെ ഷാജഹാന്‍ പറഞ്ഞു. ഹോട്ടലുടമയെയും ജീവനക്കാരെയും മാത്രം കുറ്റവാളികളാക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ട്. യഥാര്‍ഥ കുറ്റവാളി പുറത്തുനിന്നും ഹോട്ടലില്‍ വന്ന് പ്രശ്നമുണ്ടാക്കിയ ആള്‍ ആണെന്നും ഇയാള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഷാജഹാന്‍ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ