
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ- " വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുന്ന രോഗികൾക്ക് അതു തരപ്പെടുത്തിക്കൊടുക്കുന്നതാണ് സംഘത്തിന്റെ മുഖ്യജോലി. പത്ര പരസ്യങ്ങളിലൂടെയോ നവമാദ്ധ്യമങ്ങളിലൂടെയോ രോഗിയുടെ വിവരങ്ങൾ ലഭിച്ചാൽ ബന്ധുക്കളെ സമീപിക്കും. പത്ത് ലക്ഷം രൂപ മുതൽ മുകളിലേക്കാണ് ഒരു കിഡ്നിയ്ക്ക് ആവശ്യപ്പെടുക. കിഡ്നി ദാതാക്കളെ സംഘം കണ്ടെത്തും. അഞ്ചു ലക്ഷം രൂപയാണ് കിഡ്നി ദാതാവിന് നൽകുന്നത്. ബാക്കി തുക സംഘം വീതിച്ചെടുക്കും. നിർധനരെയും മദ്യപാനികളെയുമൊക്കെയാണ് കിഡ്നി ദാതാക്കളായി കണ്ടെത്തിയിരുന്നത്. നിരവധി പേർക്ക് ഇത്തരത്തിൽ കിഡ്നി സംഘടിപ്പിച്ച് നൽകിയതായാണ് സൂചന. 25 പേരിൽ നിന്നും ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപവരെ അഡ്വാൻസ് വാങ്ങിയിട്ടുണ്ട്.
അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശിക്ക് കിഡ്നി ആവശ്യമായി വന്നിരുന്നു. സംഘത്തിന്റെ ശ്രമഫലമായി ശാസ്താംകോട്ട സ്വദേശി കിഡ്നി ദാനം ചെയ്യാൻ തയ്യാറാവുകയും ഇതിന് വേണ്ടുന്ന പേപ്പറുകൾ സംഘം വ്യാജമായി നിർമ്മിക്കുകയും ചെയ്തു. കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ ക്ളിയറൻസ് സർട്ടിക്കറ്റ് നിർബന്ധമായതിനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് സഹിതം അതിനായി അപേക്ഷ നൽകി. സംശയം തോന്നിയ ഡിവൈ.എസ്.പി പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോൾ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും വ്യക്തമായി. കൊട്ടാരക്കര ഡിവൈ.എസ്.പി പി.നാസറുദ്ദീൻ, സി.ഐ ടി.ബിനുകുമാർ, എസ്.ഐമാരായ രാജീവ്, സാബുജി, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, ബിനു ജോർജ്ജ്, അജു.ഡി.തോമസ്, രതീഷ്, സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ