ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ശുചീകരണത്തിന് തൂമ്പയെടുത്ത് തുടക്കമിട്ടപ്പോള്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാരെല്ലാം ഒപ്പം കൂടി. മാലിന്യരഹിതമായ പരിസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ശുചീകരണ പരിപാടിക്കാണ് ഇതോടെ തുടക്കമായത്.
കലക്‌ട്രേറ്റിലെ ഉദ്യാന പരിസരത്ത് നിന്ന് തുടങ്ങിയ ശുചീകരണം എല്ലാ നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. അവധി കണക്കിലെടുക്കാതെ ഉദ്യോഗസ്ഥരെല്ലാം പങ്കാളികളായി. വൃത്തിയുള്ള ഓഫീസ് പരിസരത്തിലേക്കുള്ള മികച്ച തുടക്കമായി മാറി ശുചീകരണ യജ്ഞം.
എല്ലാ ഓഫീസുകളും കലക്ടര്‍ സന്ദര്‍ശിച്ചു. ഓഫീസുകളില്‍ ഉപയോഗമില്ലാതെ ശേഷിക്കുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതത് ഓഫീസ് മേധാവികള്‍ക്കാണ് മാലിന്യം നീക്കം ചെയ്യുന്നതിന്റെ ചുമതല. പ്ലാസ്റ്റിക് വസ്തുക്കള്‍ പ്രത്യേകം തരംതിരിച്ച് വേണം നീക്കം ചെയ്യാന്‍.
ജൈവ-അജൈവ വസ്തുക്കള്‍ തരംതിരിച്ച് നീക്കം ചെയ്യാന്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തി. ഹരിത മിഷന്റെ സഹകരണം ഉറപ്പാക്കി വേണം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. എല്ലാ വകുപ്പ് മേധാവികളുടെയും പിന്തുണയും കലക്ടര്‍ അഭ്യര്‍ഥിച്ചു.
ശേഖരിക്കുന്ന മാലിന്യം പാഴ്‌വസ്തു വ്യാപാരികള്‍ക്ക് കൈമാറാനും നിര്‍ദ്ദേശമുണ്ട്. പരിസരം മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കെട്ടികിടക്കുന്ന പാഴ്‌വസ്തുക്കളെല്ലാം സമയബന്ധിതമായി നീക്കം ചെയ്യാനാണ് തീരുമാനം. ശുചീകരണം തുടര്‍പ്രക്രിയയായി നിലനിര്‍ത്തണം. മാലിന്യം കുന്നു കൂടാനുള്ള സാഹചര്യം ഒരു ഘട്ടത്തിലും ഉണ്ടാകാന്‍ പാടില്ല - കലക്ടര്‍ വ്യക്തമാക്കി.
സബ് കലക്ടര്‍ അനുപം മിശ്ര, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ