പത്തനാപുരം മുത്തൂറ്റ് മൈക്രോ ഫിന്നില്‍ 2910 രൂപ വായ്പാ കുടിശ്ശിക ; വീട്ടമ്മയെ ബാങ്കില്‍ വിളിച്ചു വരുത്തി തടഞ്ഞു വെച്ചു
പത്തനാപുരം : മുത്തൂറ്റ് മൈക്രോ ഫിന് പത്തനാപുരം ശാഖയില്‍ ലോണ്‍ കുടിശ്ശിക വരുത്തിയ വീട്ടമ്മയെ ബാങ്കില്‍ വിളിച്ചു വരുത്തി തടഞ്ഞു വെച്ചതായി പരാതി. ലോണ്‍ അടച്ചിട്ടു പോയാല്‍ മതി എന്ന് പറഞ്ഞ് വാതില്‍ അടച്ചു തടഞ്ഞു വെച്ചതായാണ് പരാതി. ഇത് സംബന്ധിച്ച് പുനലൂര്‍ ഡിവൈഎസ്പിക്കും പത്തനാപുരം സി.ഐക്കും വീട്ടമ്മ പരാതി നല്കി.
എരൂര്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആയിരനെല്ലൂര്‍ പ്ലാവിള വീട്ടില്‍ മഞ്ചു എന്ന വീട്ടമ്മ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് എടുത്ത 2 വര്‍ഷക്കാലാവധിയുള്ള മൈക്രോ വായ്പ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് ഒരു മാസത്തെ കുടിശ്ശികയായിരുന്നു. ബാങ്കില്‍ നിന്നും വിളിച്ചതനുസരിച്ച് എങ്ങനെയെങ്കിലും വായ്പത്തുക അടച്ചുതീര്‍ക്കുവാനുള്ള പരിശ്രമത്തിലായിരുന്നു ഈ വീട്ടമ്മ. അങ്ങനെയിരിക്കെ വായ്പ പുതുക്കി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പത്തനാപുരത്തെ ശാഖയില്‍ വിളിച്ചു വരുത്തി തടഞ്ഞു വെച്ചെന്നാണ് വീട്ടമ്മയുടെ പരാതി. വായ്പ്പാത്തുകയുടെ തവണകള്‍ മുത്തൂറ്റ് മൈക്രോ ഫിന് പത്തനാപുരം ശാഖക്കുവേണ്ടി സ്വീകരിച്ചുകൊണ്ടിരുന്ന ഭരത് എന്നയാള്‍ മുഖാന്തിരമാണ് വീട്ടമ്മയെ സ്ഥാപനത്തില്‍ എത്തിച്ചത്.
വായ്പ വീണ്ടും പുതുക്കി നല്‍കാമെന്ന് മാനേജര്‍ പറഞ്ഞുവെങ്കിലും ഇനിയും വായ്പ വേണ്ടെന്നും കഴിവതും വേഗം നിലവിലുള്ള കുടിശ്ശിക അടച്ചു തീര്‍ത്തു കൊള്ളാമെന്നും വീട്ടമ്മ പറഞ്ഞു. കുടിശ്ശിക തുകയും പലിശയും ചേര്‍ത്തു കൊണ്ട് ഉയര്‍ന്ന തുകക്കുള്ള പുതിയ ലോണ്‍ എടുത്ത് കൂടുതല്‍ ബാധ്യതയിലേക്ക് പോകേണ്ട എന്ന് വീട്ടമ്മ കരുതി. ഇത് മാനേജരെ കുപിതനാക്കിയെന്നാണ് കരുതുന്നത്.
ഇതിനെത്തുടര്‍ന്ന് കുടിശിഖ തുക മുഴുവന്‍ ഇപ്പോള്‍ തന്നെ പണമായി അടക്കണമെന്ന് മാനേജര്‍ നിര്‍ബന്ധം പിടിക്കുകയും രൂക്ഷമായ ഭാഷയില്‍ അപമാനിക്കുകയും ചെയ്തെന്ന് വീട്ടമ്മ പറയുന്നു. ഇതോടെ വീട്ടമ്മയുടെ കൂടെ വന്നിരുന്ന ഒരു സ്ത്രീ തന്റെ പക്കല്‍ ഉണ്ടായിരുന്ന പണത്തില്‍ നിന്നും കുടിശ്ശിക തീര്‍ക്കാനുള്ള 2910 രൂപ നല്കി പ്രശ്നം പരിഹരിച്ചു. വീട്ടമ്മയെ തടഞ്ഞുവെച്ചത് വിവാദമാകുമെന്നറിഞ്ഞ ബാങ്ക് ജീവനക്കാര്‍ വീട്ടമ്മയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മഞ്ചു പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പുനലൂര്‍ ഡി.വൈ.എസ്.പിക്കും പത്തനാപുരം സി.ഐക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ഇതുപോലെ വായ്പകുടിശ്ശിക വന്നിരുന്നുവെന്നും അതിന്റെപേരില്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും വീട്ടമ്മ പറയുന്നു. "നീ ഒറ്റയ്ക്ക് ആയിരുന്നേല്‍ കാണിച്ചു തന്നേനെ" എന്ന് മോശം ആംഗ്യം കാണിച്ചു പറഞ്ഞതായും അന്നത്തെ അസിസ്റ്റന്റ് മാനേജര്‍ ജോബിയില്‍ നിന്നാണ് തനിക്ക് ഇത് കേള്‍ക്കേണ്ടിവന്നതെന്നും മഞ്ചു പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ