
ദേശീയപാത 66 ന്റെ വികസനത്തിന് തടസമാകുന്ന നിര്‍മാണങ്ങളെല്ലാം ഉടന്‍ നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശം നല്കി. അംഗീകരിക്കപ്പെട്ട അലൈന്മെന്റില് സ്ഥാപിച്ച കല്ലുകളുടെ സ്ഥിതിവിവര പരിശോധന നടത്തവെയാണ് അനധികൃത ഇറക്കുകള്‍ സ്വയം നീക്കം ചെയ്യാത്തപക്ഷം നിയമനടപടി സ്വീകരിക്കാന്‍ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.
കലക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സര്‍വെ നടപടികള്‍ പുരോഗമിക്കുന്നത്. സ്ഥാപിച്ച കല്ലുകള്‍ക്ക് സ്ഥാനവ്യത്യാസമോ വ്യതിയാനമോ സംഭവിച്ചോ എന്നാണ് മുഖ്യമായും പരിശോധിച്ചത്. കല്ലുകളുടെ സ്ഥാനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറാണ് അലൈന്മെന്റ് പ്രകാരമാണോ കല്ലുകള്‍ എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി കൈക്കൊള്ളണം. പരിശോധന അവസാനിക്കുന്ന മുറയ്ക്ക് സര്‍വെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. കാലതാമസം വരുത്തിയാല്‍ നിയമനടപടി കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ മുന്നറിയിപ്പും നല്കി.
നിയമപ്രകാരമുള്ള നടപടികള്‍ പരാതിരഹിതമായി നടപ്പിലാക്കി ദേശീയപാത നിര്‍മാണം ത്വരിതപ്പെടുത്താനാകും. ഇതിനായി പൊതുജനങ്ങളുടെ പരമാവധി സഹകരണം കലക്ടര്‍ അഭ്യര്‍ഥിച്ചു. സുതാര്യത ഉറപ്പ് വരുത്തിയാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ പി പ്രദീപിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സാങ്കേതിക പരിശോധന നടത്തുന്നത്. ദേശീയപാത സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്. സുമീതന്‍ പിള്ള നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് അനുബന്ധ നടപടികള്‍ കൈക്കൊള്ളുന്നത്.
സ്പെഷ്യല്‍ തഹസില്‍ദാര്‍മാരായ എം വിപിന്‍ കുമാര്‍, ഉഷാകുമാരി, സജീദ്, ഉണ്ണികൃഷ്ണന്, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ നിഷ, ലെയ്സണ്‍ ഓഫീസര്‍മാരായ എസ് ശിവദാസന്‍, റഹ്മാന്, സര്‍വെ സൂപ്രണ്ട് എസ് സുനില്‍ കുമാര്‍, ഹെഡ് സര്‍വെയര്‍ എച്ച് എസ് രാജശേഖരന്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, സര്‍വെയര്‍മാര്‍ ഉള്‍പ്പെടെ റവന്യൂ ഉദ്യോഗസ്ഥരാണ് പരിശോധനാ-സര്‍വെ നടപടികളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. നടപടികള്‍ വരും ദിവസങ്ങളിലും തുടരും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ