കേരള മാരിടൈം ബോര്‍ഡ് പുതിയ കോഴ്സുകളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 15)
നീണ്ടകരയിലെ കേരള മാരിടൈം അക്കാദമിയില്‍ ആരംഭിക്കുന്ന പുതിയ കോഴ്സുകളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 15) വൈകിട്ട് നാലിന് തുറമുഖ-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, എന്‍ കെ പ്രേമചന്ദ്രന് എം പി എന്നിവര്‍ മുഖ്യാതിഥികളാകും. എന്‍ വിജയന്‍പിള്ള എം. എല്‍. എ അധ്യക്ഷനാകും.
തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗം ഹെന്‍ട്രി എക്സ് ഫെര്‍ണാണ്ടസ്, മാരിടൈം ബോര്‍ഡ് ചെയര്മാന് അഡ്വ വി ജെ മാത്യൂ, അംഗങ്ങളായ പ്രകാശ് അയ്യര്‍, അഡ്വ എം പി ഷിബു, അഡ്വ എം കെ ഉത്തമന്, സി ഒ ഒ കെ.ആര്.വിനോദ്, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റര്‍ എബ്രഹാം വി. കുര്യാക്കോസ്, തുറമുഖ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, കാമ്പസ് മാനേജര്‍ മരിയപ്രോണ്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജലയാനങ്ങളില്‍ ജോലി ചെയ്യുന്നതിനാവശ്യമായ ലാസ്കര്‍, സ്രാങ്ക്, എഞ്ചിന് ഡ്രൈവര്‍, എന്നീ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍, സെക്കന്റ് ക്ലാസ് മാസ്റ്റര്‍, ഫസ്റ്റ് ക്ലാസ് എഞ്ചിന് ഡ്രൈവര്‍, സെക്കന്റ് ക്ലാസ് എഞ്ചിന് ഡ്രൈവര്‍ എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്.
പ്രസിഡന്റ്സ് ട്രോഫി പോസ്റ്റര്‍ പ്രകാശനം ഇന്ന് (നവംബര്‍ 15)
ദേശിംഗനാടിന്റെ ദേശീയോത്സവമായ പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ പ്രചരണാര്‍ഥം തയ്യാറാക്കിയ ബഹുവര്‍ണ പോസ്റ്ററിന്റെ പ്രകാശനം ഇന്ന് (നവംബര്‍ 15). ബോട്ട് ജെട്ടിക്ക് സമീപമുള്ള ഡി ടി പി സി ഓഫീസിലെ ജലോത്സവ കമ്മിറ്റി ഓഫീസില്‍ ഉച്ചയ്ക്ക് 12ന് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഡി ടി പി സി സെക്രട്ടറി സി സന്തോഷ് കുമാറിന് കൈമാറി പ്രകാശനം നിര്‍വഹിക്കും.
പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്മാന്മാരായ എം എ സത്താര്‍, ഗോപിനാഥന്, എം സജീവ്, എന്‍ എസ് വിജയന്, ജോയിന്റ് കണ്‍വീനര്‍ പി ആര് സാബു, മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വര്‍ണാഭമായ ശിശുദിനാഘോഷം;കുട്ടികള്‍ക്ക് എതിരെയുള്ള ചൂഷണം അനുവദിക്കില്ല : ജില്ലാ കലക്ടര്‍
ചാച്ചാജിയുടെ വേഷത്തിലെത്തിയ കുരുന്നുകളും വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ എത്തിയ സ്കൂള്‍ വിദ്യാര്‍ഥികളും നഗരത്തെ കുട്ടിക്കാലത്തിലേക്ക് തിരികെ കൊണ്ടു പോയി. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശിശുദിനറാലിയിലാണ് വര്‍ണ്ണക്കാഴ്ചകള്‍ ഉള്‍പ്പടെ നിരന്നത്.
ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ടി ഷീല ശിശുദിന റാലി ഫ്ളാഗ്ഓഫ് ചെയ്തു. കുട്ടികളുടെ പ്രസിഡന്റായ വിമലഹൃദയ ഗേള്‍സ് ഹൈസ്കൂളിലെ ആഗ്നസ് അന്ന ബിബിനും പ്രധാനമന്ത്രിയായ സെന്റ് ജോസഫ് കോണ്‍വെന്റ് സ്കൂളിലെ ഐറിഷ് ടോമിയും സ്പീക്കറായ ചിറ്റൂര്‍ ഗവ എല്‍ പി സ്കൂളിലെ എസ് ദിവ്യയും ശിശുദിന റാലിക്ക് നേതൃത്വം നല്കി.
തുടര്‍ന്ന് തേവള്ളി ബോയ്സ് ഹൈസ്കൂളില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. നാളെയുടെ സമ്പത്തായ കുഞ്ഞുങ്ങളെ ന•യുടെ വഴിയിലേക്ക് നയിക്കാന്‍ മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ശിശുദിന സന്ദേശത്തില്‍ പറഞ്ഞു.
ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ വിദ്യാലയങ്ങളില്‍ നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ശിശുദിന സ്റ്റാംപ് പ്രകാശനം സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗം സി ജെ ആന്റണി നിര്‍വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ആര് സന്തോഷ്, ട്രഷറര്‍ അഡ്വ പി സജി തുടങ്ങിയവര്‍ പങ്കെടുത്തു. ബാലികാമറിയം എല്‍ പി സ്കൂള്‍ വിദ്യാര്‍ഥി സാദിയ സ്വാഗതവും, സെന്റ് ജോസഫ് എച്ച് എസ് എസിലെ ഗൗരി ലക്ഷ്മി നന്ദിയും പറഞ്ഞു.
ലോക പ്രമേഹ ദിനം;ആരോഗ്യ സംരക്ഷണ സന്ദേശവുമായി കൂട്ടനടത്തം
ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായ പരിപാടിയില്‍ നടത്തിയ കൂട്ടയോട്ടത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നേതൃത്വം നല്കി.
കന്റോണ്‍മെന്റ് മൈതാനിയില്‍ തുടങ്ങിയ കൂട്ടനടത്തം സിറ്റി പൊലിസ് കമ്മിഷണര്‍ പി കെ മധു ഫ്ളാഗ് ഓഫ് ചെയ്തു. നഴ്സിംഗ് കോളേജ് വിദ്യാര്‍ഥികള്‍, ആരോഗ്യവകുപ്പ് - ദേശീയ ആരോഗ്യദൗത്യം ജീവനക്കാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ വിദ്യാര്‍ഥികള്‍, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സമാപനം. 'കുടുംബവും പ്രമേഹവും' എന്ന വിഷയം ആസ്പദമാക്കിയാണ് ഇത്തവണത്തെ പ്രമേഹദിനാചരണം. 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം ' ആണ് പ്രമേഹദിന സന്ദേശം.
പ്രമേഹ ദിനപരിപാടികളുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍വഹിച്ചു. സുരക്ഷിത ഭക്ഷണശീലങ്ങളിലേക്ക് സമൂഹം മാറി ചിന്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ഡി എം ഒ ഡോ സി ആര് ജയശങ്കര്‍ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ആര് ഹരികുമാര്‍ സന്ദേശം നല്കി. ഡെപ്യൂട്ടി ഡി എം ഒ ഡോ ആര് സന്ധ്യ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ ജെ മണികണ്ഠന്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വസന്ത ദാസ്, ആര് സി എച്ച് ഓഫീസര്‍ ഡോ കൃഷ്ണവേണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കാക്കരിശ്ശി നാടകവും അരങ്ങേറി. രോഗത്തിനെതിരെ സ്വീകരിക്കണ്ട മുന്‍കരുതലുകള്‍ സന്ദശമാക്കിയ നാടകമാണ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് അരങ്ങേറിയത്. കുട്ടികള്‍ വരെ പ്രമേഹത്തിന്റെ പിടിയിലാകുന്നതും അതിന്റെ അനന്തരഫലങ്ങളും സരസമായി അവതരിപ്പിച്ച നാടകം കൗതുകമായി.
ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍, ഇരവിപുരം, പെരുമണ്‍, ചടയമംഗലം, വിളക്കുടി, വെളിയം, കെ എസ് പുരം, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ റെറ്റിനോപ്പതി ക്യാമ്പ് സംഘടിപ്പിച്ചു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ കേരളോത്സവം തുടങ്ങി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ പോലെ തന്നെ യുവജനങ്ങള്‍ക്കും തങ്ങളുടെ കലാകായിക മികവുകള്‍ പ്രകടിപ്പിക്കുവാനുള്ള വേദിയാണ് കേരളോത്സവത്തിലൂടെ ലഭിക്കുന്നതെന്ന് ചിന്താ ജെറോം പറഞ്ഞു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ചിറ്റുമല ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് അധ്യക്ഷനായി. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്ലാവറ ജോണ്‍ഫിലിപ്പ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, ബ്ലോക്ക് പഞ്ചായത്ത അംഗങ്ങളായ വി ശോഭ, പി ബാബു, ഗീതാ ബാലകൃഷ്ണന്, കെ തങ്കപ്പന് ഉണ്ണിത്താന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുട്ടികളുടെ അഭിരുചികള്‍ വളര്‍ത്തിയെടുക്കാനുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കപ്പെടണം - ജില്ലാ കലക്ടര്‍
കുട്ടികളെ പഠനമുറികളില്‍ തളച്ചിടാതെ അവരുടെ അഭിരുചിക്കള്ക്കനുസരിച്ചുള്ള കാഴ്ചപാടുകള്‍ വളര്‍ത്തിയെടുക്കാനുള്ള ചുറ്റുപാടുകളാണ് രക്ഷിതാക്കള്‍ സൃഷ്ടിക്കേണ്ടതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷവും ബാലഭവന് വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ കെട്ടുപാടുകള്ക്കുള്ളില് വളര്‍ത്താതെ സ്വതന്ത്രമായ ചിന്താഗതിയിലൂടെയും ആശയങ്ങളിലൂടെയും വളരാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
കുട്ടികളുടെ പ്രധാനമന്ത്രിയായ ശ്രീഹരി സുരേഷ് ചടങ്ങില്‍ അധ്യക്ഷനായി. ബാലഭവന് ചെയര്മാന് ഡോ കെ ശ്രീവത്സന്‍, ജില്ലാ ശിശു ക്ഷേമസമിതി ചെയര്മാന് അഡ്വ കെ പി സജി നാഥ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സനല്‍ വെള്ളിമണ്‍, ബാലഭവന് മാനേജര്‍ എ മുഹമ്മദ് ഷെറീഫ്, അധ്യാപകന് വി സജി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മസ്റ്ററിംഗ് നടത്തണം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് ലഭിക്കുന്നവര്‍ തുടര്‍ പെന്ഷന് ലഭിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം. പെന്ഷന് ബുക്ക്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നീ രേഖകളുമായി അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് മസ്റ്ററിംഗ് നടത്തേണ്ടത്.
ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ ശിശുദിനാഘോഷം
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കിഴക്കേ കല്ലട മുട്ടം എസ് എം ജെ എല്‍ പി സ്കൂള്‍, സി വി കെ എം എച്ച് എസ് എസ്, ഈസ്റ്റ് കല്ലട സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവയെ പങ്കെടുപ്പിച്ച് ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ബാന്റ് മേളം, എന്‍ എസ് എസ്, സ്കൗട്ട്, കലാരൂപങ്ങള്‍ തുടങ്ങി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയായിരുന്നു റാലി. മുട്ടം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളും നടന്നു.
ബോധവല്‍ക്കരണ ക്ലാസ്സും പൊതുസമ്മേളനവും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സുബിതാ ചിറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് അധ്യക്ഷനായി. സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതീപ്കുമാര്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജി പ്രസന്നകുമാരി, ജില്ലാ ശിശു വികസന പദ്ധതി ഓഫീസര്‍ ഗീതാകുമാരി, പ്രോഗ്രാം ഓഫീസര്‍ ടിജു റെയ്ച്ചല്‍, കെ പി സജിനാഥ്, യമുനാ ഷാജി, ബിന്ദു മോഹന്‍, തങ്കപ്പന് ഉണ്ണിത്താന്, ജോണ്‍ ഫിലിപ്പ്, തങ്കമണി ശശിധരന്, സുമേഷ് ആനന്ദന്, സ്കൂള്‍ മനേജര്‍ ഡോ ജോസഫ് ഡി ഫെര്‍ണാണ്ടസ്, അരുണ്‍കുമാര്‍, വിജി, ഹെഡ്മാസ്റ്റര് പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എസ് സി വെരിഫിക്കേഷന്
പോലീസ് കോണ്‍സ്റ്റബിള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 104/17) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊല്ലം, പത്തനംതിട്ട ജില്ലകളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള വെരിഫിക്കേഷനും ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബര്‍ 15, 16 തീയതികളില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.
സന്നദ്ധ സംഘടനകളുടെ യോഗം നവംബര്‍ 16ന്
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സ്ഫിയര്‍ ഇന്ത്യയും സംയുക്തമായി ദുരന്തനിവാരണ പദ്ധതി പരിഷ്കരിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി നവംബര്‍ 16ന് രാവിലെ 11.30ന് കലക്ട്രേറ്റില്‍ യോഗം ചേരും. ജില്ലയിലെ സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സന്നദ്ധസംഘടനകള്‍ക്കും പങ്കെടുക്കാം.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്ന അംഗങ്ങള്‍ ഡിസംബര്‍ 20 നകം ലൈഫ് സര്‍ട്ടിക്കറ്റ് സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും മാനേജര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ പോസ്റ്റ്, കോഴിക്കോട്-673004 വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0495-2720577 നമ്പരില്‍ ലഭിക്കും.
തൊഴില്‍ നൈപുണ്യവികസന കോഴ്സ്
കെല്‍ട്രോണ്‍ വഴുതക്കാട് നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്സ്, മെക്കാനിക് ലേണിംഗ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഐ ഒ ടി, പൈത്തണ്‍, ജാവ, പി എച്ച് പി എന്നിവയാണ് കോഴ്സുകള്‍. വിദ്യാഭ്യാസ യോഗ്യത - എസ് എസ് എല്‍ സി, പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി. വിശദ വിവരങ്ങള്‍ 0471-2325154/4016555 എന്നീ നമ്പരുകളില്‍ ലഭിക്കും.
ശാസ്ത്ര പ്രബന്ധ രചനാ മത്സരം
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രാദേശികമായി നടത്തുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തനത് മാതൃകകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ കോളേജ് അധ്യാപകര്‍ക്കായി സംസ്ഥാന തലത്തില്‍ ശാസ്ത്ര പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കും. പ്രബന്ധം ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്തതായിരിക്കണം. രചന 2000 വാക്കുകള്‍ കവിയരുത്.
രണ്ട് ചിത്രങ്ങള്‍ പ്രബന്ധത്തോടൊപ്പം സമര്‍പ്പിക്കാം. എന്‍ട്രികള്‍ മുമ്പ് പ്രസിദ്ധീകരിച്ചതോ പകര്‍ത്തി എഴുതിയതോ ആകരുത്. പ്രിന്റ് തപാലിലും സോഫ്റ്റ് കോപ്പി പി ഡി എഫ് ആയി ksbbentries@gmail.comവിലാസത്തിലും സമര്‍പ്പിക്കണം. രചയിതാവിനെപ്പറ്റി പ്രൊഫോര്‍മയില്‍ രേഖപ്പെടുത്തണം, മാതൃകാ പ്രവര്‍ത്തനം ഉള്‍പ്പെട്ട പ്രദേശത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, അധ്യക്ഷന്‍/സെക്രട്ടറി എന്നിവരുടെ പേരും രേഖപ്പെടുത്തണം.
പ്രൊഫോര്മ സഹിതം എന്‍ട്രികള്‍ ഡിസംബര്‍ 15 നകം മെമ്പര്‍ സെക്രട്ടറി, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, ബെല്‍ഹാവന്‍ ഗാര്ഡന്, കവടിയാര്‍, തിരുവനന്തപുരം-695003 വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 9447978921 നമ്പരില്‍ ലഭിക്കും.
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
2019-20 വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ കേന്ദ്രീയ സൈനിക ബോര്‍ഡിന്റെ വെബ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ സൈനികക്ഷേമ ഓഫീസിലും 0474-2792987 നമ്പരിലും ലഭിക്കും.
ക്രമക്കേട്: പുന്നല അക്ഷയ കേന്ദ്രം റദ്ദാക്കി
വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ പുന്നല അക്ഷയ കേന്ദ്രം ജില്ലാ കലക്ടര്‍ റദ്ദാക്കി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും അമിതമായി സേവന നിരക്ക് ഈടാക്കുന്നുവെന്നും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നേരത്തെ കേന്ദ്രം സസ്പെന്‍ഡ് ചെയ്തിരുന്നു.
സസ്പെന്ഷന് കാലാവധിയിലും ക്രമക്കേടുകള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് റദ്ദാക്കല്‍ നടപടി. സേവനങ്ങളും പെന്‍ഷന്‍കാരുടെ മസ്റ്ററിംഗും തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങളില്‍ ചെയ്യാമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
മസ്റ്ററിംഗ് നടത്തണം
ജില്ലയിലെ അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതി, കേരള ഗാര്‍ഹിക, അലക്ക്, ബാര്‍ബര്‍ തൊഴിലാളി ക്ഷേമ പദ്ധതികളില്‍ നിന്നും റിട്ടയര്‍മെന്റ്/അവശത പെന്ഷന് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ നവംബര്‍ 30 നകം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് രേഖകളുമായി അക്ഷയ കേന്ദ്രത്തിന്റെ സേവനം ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തണം.
മസ്റ്ററിംഗിന്റെ ഫീസ് സര്‍ക്കാര്‍ നല്‍കും. രസീത് അക്ഷയയില്‍ നിന്നും ലഭിക്കും. ഫീസ് നല്‍കേണ്ടതില്ല. സമയബന്ധിതമായി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. നിലവില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കും ഇതു ബാധകമാണ്. വിശദ വിവരങ്ങള്‍ 0474-2749847, 0471-2464240 എന്നീ നമ്പരുകളില്‍ ലഭിക്കും.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന്
ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പദ്ധതി ഓഫീസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 18ന് രാവിലെ 11ന് നടക്കും.
യോഗ്യത - അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം എ/എം എസ് സി സൈക്കോളജിയും ഗവണ്മെന്റ് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം ഫില്‍ അല്ലെങ്കില്‍ പി എച്ച് ഡി അല്ലെങ്കില്‍ ഡി എം ഇ യുടെ പരിധിയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ക്ലിനിക്കല്‍ സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്ട്രേഷന് ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സിവില്‍ സ്റ്റേഷനിലെ
ഒറ്റപ്പെട്ടവര്‍ക്ക് താങ്ങായി കുടുംബശ്രീ
ഒറ്റപ്പെട്ടവര്‍ക്ക് കൈത്താങ്ങ് ഉറപ്പ് വരുത്തുന്നതിന് 'സ്നേഹിത കോളിംഗ് ബെല്‍' സമാശ്വാസ പദ്ധതിയുമായി കുടുംബശ്രീ. 1255 കുടുംബങ്ങള്‍ ഒറ്റപ്പെടലിന്റെയും ഇല്ലായ്മകളുടെയും പ്രശ്നങ്ങള്‍ നേരിടുന്നതായി ജില്ലാമിഷന് കണ്ടെത്തിയിട്ടുണ്ട്.
നവംബര്‍ 15, 16, 17 തീയതികളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ജനപ്രതിനിധികളുടെ സഹകരണത്തോടെ ഭവന സന്ദര്‍ശനം നടത്തി ഓരോ വ്യക്തിയുടെയും സവിശേഷമായ പ്രശ്നങ്ങള്‍ വിലയിരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കും.
സനേഹിതാ കോളിംഗ് ബെല്‍ വാരാചരണത്തിന്റെ ഭാഗമായി തുടര്‍ അന്വേഷണങ്ങളിലൂടെ വിട്ടുപോയ വ്യക്തികളെയും കുടുംബങ്ങളെയും പദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കും. 'ആരും ഒറ്റയ്ക്കല്ല സമൂഹം ഒപ്പമുണ്ട്' എന്ന സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം.
മസ്റ്ററിംഗ് നടത്തണം
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, പെന്ഷന് ഐ ഡി നമ്പര്‍ എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തിരം നവംബര്‍ 18 മുതല്‍ 30 വരെ മസ്റ്ററിംഗ് നടത്തണം.
കിടപ്പു രോഗികളായ സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രം പ്രതിനിധികള്‍ ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ ഗുണഭോക്താക്കളുടെ വീട്ടില്‍ നേരിട്ട് എത്തി ചെയ്യും. ഗുണഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ കുടുംബാഗങ്ങള്‍ നവംബര്‍ 29 നകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു പെന്ഷന് ലഭിക്കില്ല. മസ്റ്ററിംഗിന് ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തില്‍ ഫീസ് നല്‍കേണ്ടതില്ല.
വാഹന ലേലം
കൊല്ലം എക്സൈസ് ഡിവിഷനില്‍ കണ്ടുകെട്ടിയ 16 വാഹനങ്ങള്‍ നവംബര്‍ 27ന് രാവിലെ 11ന് ചിന്നക്കട എക്സൈസ് കോംപ്ലക്സില്‍ ലേലം ചെയ്യും. ടെണ്ടറും സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫീസിലും ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലും 0474-2745648 നമ്പരിലും ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ