
കുന്നിക്കോട് : തീവണ്ടി കടന്നു പോകാൻ ലെവൽക്രോസ് അടയ്ക്കുന്നതിനിടെ അശ്രദ്ധമായി കടന്നു വന്ന ലോറിയിടിച്ച് ഗേറ്റ് ഒടിഞ്ഞുവീണു. ഗേറ്റിന്റെ ഭാഗങ്ങൾ റോഡിനു കുറുകെ കുടുങ്ങിയതിനെത്തുടർന്ന് കുന്നിക്കോട്-പത്തനാപുരം പാതയിൽ അഞ്ചു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഗേറ്റ് തകർത്ത ലോറി ആർ.പി.എഫ്. കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കുന്നിക്കോട്-പത്തനാപുരം പാതയിൽ ആവണീശ്വരം ലെവൽക്രോസിലാണ് സംഭവം. ചെന്നൈ-എഗ്മോർ എക്സ്പ്രസ് തീവണ്ടി കടത്തിവിടാൻ ഗേറ്റ് താഴ്ത്തുന്നതിനിടെ പത്തനാപുരം ഭാഗത്തേക്ക് പോയ ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.
ലോറിയുടെ കാബിനിൽ ഇടിച്ച് ഗേറ്റ് തകർന്നുവീഴുകയായിരുന്നു. ഗേറ്റ് പൂർണമായും താഴ്ത്തുന്നതിനു മുൻപാണ് ഒരു ഭാഗത്തെ ഗേറ്റ് തകർന്നത്. ഇതുകാരണം മറുഭാഗത്തെ ഗേറ്റ് അടയ്ക്കാനും കഴിഞ്ഞില്ല. ഗേറ്റ് പാളത്തിലേക്ക് പതിക്കാതിരുന്നതിനാൽ ചങ്ങലകൾ കുറുകേയിട്ട് മറുഭാഗത്ത് ഗതാഗതം തടഞ്ഞ ശേഷമാണ് തീവണ്ടി വേഗം കുറച്ച് കടത്തി വിട്ടത്.
ഒടിഞ്ഞു വീണ ഗേറ്റ് റോഡിൽ നിന്ന് ഉയർത്തി മാറ്റാൻ വൈകിയതോടെ ഇതുവഴി കടന്നുവന്ന വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ഒരുമണിക്കൂറിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും തകർന്ന ഗേറ്റ് നന്നാക്കാനായി അത് ഉടൻ തന്നെ അടച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെ ഗേറ്റ് പുനഃസ്ഥാപിച്ച ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഈ സമയമത്രയും ഗതാഗതം ഇടറോഡുകളിലൂടെ തിരിച്ചു വിട്ടു. അപകടമുണ്ടാക്കിയ ലോറി മലയോര ഹൈവേയുടെ നിർമാണ സാമഗ്രികളുമായി വന്നതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ