
പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളിലൂടെ അടുത്ത സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി എ കെ ബാലന് പറഞ്ഞു. കോര്പ്പറേഷന് പുതുതായി ആരംഭിച്ച ഉപജില്ല ഓഫീസിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം 600 കോടി രൂപയുടെ വായ്പയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. പിന്നാക്ക, മത-ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായി ചുരുങ്ങിയ പലിശയിലാണ് വായ്പകള്‍ നല്‍കുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള കുടുംബശ്രീ സി ഡി എസുകള്‍ക്ക് ഒരു കോടി മുതല്‍ രണ്ട് കോടിവരെ കേവലം 2.5 ശതമാനം പലിശയില്‍ വായ്പ നല്‍കുന്നുണ്ട്. കൊല്ലം ജില്ലയില്‍ മാത്രം 11 സി ഡി എസുകള്‍ക്കായി 14 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. മൈക്രോ ഫിനാന്‍സ്, പ്രൊഫഷണലുകള്‍ക്കായി സ്റ്റാര്‍ട്ട് അപ്, പ്രവാസി പുനരധിവാസത്തിനായി റിട്ടേണ്‍, ഭവനരഹിതര്‍ക്ക് എന്റെ വീട്, വിദേശ പഠനത്തിന് സ്കോളര്‍ഷിപ്പ്, വിവാഹ ധനസഹായം തുടങ്ങി നിരവധി ഭാവനാ പൂര്‍ണമായ ധനസഹായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. 97.5 ശതമാനം തിരിച്ചടവുള്ള ശക്തമായ സാമ്പത്തിക സ്ഥാപനമായി പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് മാറിയതായി മന്ത്രി പറഞ്ഞു.
കരുനാഗപ്പള്ളിയില്‍ സാംസ്കാരിക സമുച്ചയം നിര്‍മിക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന ആര് രാമചന്ദ്രന് എം എല്‍ എ പറഞ്ഞു. വിവിധ വായ്പാ പദ്ധതികളിലായി 2.85 കോടി രൂപ ചടങ്ങില്‍ വിതരണം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം ശോഭന, കോര്പ്പറേഷന് ചെയര്മാന് ടി കെ സുരേഷ്, മാനേജിംഗ് ഡയറക്ടര്‍ കെ ടി ബാലഭാസ്കരന്‍, ഡയറക്ടര്‍മാരായ എ പി ജയന്, എ മഹേന്ദ്രന്, പി എന്‍ സുരേഷ്കുമാര്‍, ജില്ലാ മാനേജര്‍ ജി അജിത, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ