*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പ്രസിഡന്റസ് ട്രോഫി ജലോത്സവം; മന്ത്രി ഡോ തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും

ഏഴാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം വര്‍ണപ്പകിട്ടോടെ നവംബര്‍ 23ന് നടക്കും. കൊല്ലം അഷ്ടമുടിക്കായലില്‍ നടക്കുന്ന ജലമാമാങ്കം സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഫൈനല്‍ മത്സരമായിട്ടാണ് അരങ്ങേറുന്നത്. ജലോത്സവം മന്ത്രി ഡോ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ടൂറിസം-ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷനാകും.
ഓളപ്പരപ്പില്‍ വീറും വാശിയും തുഴഞ്ഞെറിഞ്ഞ് 12 വാരം നീണ്ട  ജലോത്സവത്തിന് ശേഷം ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) ചുണ്ടന്‍ വള്ളം കളിക്കാണ് നാളെ(ശനി) പരിസമാപ്തിയാവുക.  കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയോടെ സി ബി എല്ലിന്റെ ആദ്യ സീസണ്‍ അവസാനിക്കുകയാണ്.
2011 ല്‍ ആരംഭിച്ച പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം അഷ്ടമുടിക്കായലിലാണ് നടക്കുന്നത്. സി ബി എല്‍ മത്സരങ്ങള്‍ക്ക് പുറമെ ചെറുവള്ളങ്ങളുടെ മത്സരവും സാംസ്‌ക്കാരികാഘോഷ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
കേരള ടൂറിസം മുന്‍കയ്യെടുത്ത് ഐ പി എല്‍ ക്രിക്കറ്റ് മാതൃകയില്‍ തുടങ്ങിയ സി ബി എല്‍ ആദ്യ സീസണില്‍ തന്നെ രാജ്യത്തെ ഏറ്റവും കാഴ്ചക്കാരുള്ള നാലാമത്തെ കായിക ഇനമായി മാറിക്കഴിഞ്ഞു. 20 ലക്ഷം പേര്‍ സി ബിഎല്‍ മത്സരങ്ങള്‍ വീക്ഷിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
ഓഗസ്റ്റ് 31ന് പുന്നമടക്കായലില്‍ നെഹൃട്രോഫി വള്ളം കളിയോടൊപ്പം ആരംഭിച്ച സിബിഎല്‍ കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയിലെത്തി നില്‍ക്കുമ്പോള്‍ ഉയര്‍ത്തെഴുന്നേറ്റത് കേരളത്തിന്റെ തനത് കായിക വിനോദം മാത്രമല്ല, പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന പത്തോളം ജലോത്സവങ്ങള്‍ കൂടിയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ തത്സമയ സംപ്രേഷണത്തോടെ ആഗോള കായിക മാമാങ്കമായി സിബിഎല്‍ മാറുമ്പോള്‍ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള വള്ളം കളി പ്രേമികള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഗൃഹാതുരത്വത്തിന്റെ അനുഭൂതി നുകര്‍ന്നു.
എണ്ണം പറഞ്ഞ ഒമ്പതു വള്ളങ്ങളാണ് സിബിഎല്ലിനായി യോഗ്യത നേടിയത്. പുന്നമടയില്‍ തുടങ്ങി കോട്ടയം താഴത്തങ്ങാടി, ആലപ്പുഴ കരുവാറ്റ, എറണാകുളത്തെ പിറവം, മറൈന്‍ ഡ്രൈവ്, തൃശൂരിലെ കോട്ടപ്പുറം, ആലപ്പുഴയിലെ കൈനകരി, പുളിങ്കുന്ന്, കായംകുളം, കൊല്ലത്തെ കല്ലട എന്നീ 11 ഇടങ്ങളിലാണ് മുന്‍ മത്സരങ്ങള്‍ നടന്നത്.
അര നൂറ്റാണ്ടിനു ശേഷം നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് സി ബി എല്ലിന്റെ ഒന്നാം മത്സരം ജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്റെ(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്)  സര്‍വാധിപത്യമാണ്(158 പോയിന്റ്) സി ബി എല്ലില്‍ കാണാന്‍ കഴിയുന്നതെങ്കിലും പലപ്പോഴും സെക്കന്‍ഡിന്റെ  നൂറിലൊരംശത്തിലാണ് വിജയികള്‍ തീരുമാനിക്കപ്പെട്ടത്. വരുംവര്‍ഷങ്ങളില്‍ സി ബി എല്ലിലുണ്ടാകുന്ന വീറും വാശിയുമാണ് ഇത് സൂചിപ്പിക്കുന്നത്. പോലീസ് ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാല്‍(റേജിംഗ് റോവേഴ്‌സ്) 78 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
സി ബി എല്ലില്‍ അട്ടിമറി വിജയം നേടിയ ഒരേയൊരു ടീമാണ് യു ബി സി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്‌സ്). മറൈന്‍ഡ്രൈവിലെ മത്സരത്തില്‍ 17 മില്ലി സെക്കന്റുകള്‍ക്കാണ് ചമ്പക്കുളം നടുഭാഗത്തെ മറികടന്നത്. എല്ലാ മത്സരത്തിലും സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ മുന്നേറുന്ന എന്‍ സി ഡി സി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടനും (മൈറ്റി ഓര്‍സ്) ചമ്പക്കുളവും 69 പോയിന്റുമായി മൂന്നാം സ്ഥാനം പങ്കിടുകയാണ്.
ആദ്യ അഞ്ച് മത്സരത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്‌സ്) 56 പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. താഴത്തങ്ങാടിയില്‍ ഹീറ്റ്‌സിലും ഫൈനലിലുമായി ഏറ്റവും മികച്ച സമയത്തിന് ഫിനിഷ് ചെയ്ത വീയപുരം (പ്രൈഡ് ചേസേഴ്‌സ്) 48 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്. തുല്യ പോയിന്റ് നേടിയാല്‍ അടുത്ത സ്ഥാനം ഒഴിച്ചിടുകയാണ് ചെയ്യുന്നത്.
പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്‌സ് 32 പോയിന്റുമായി ഏഴാം സ്ഥാനത്തും മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്), സെന്റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ) എന്നിവ 25 പോയിന്റുമായി എട്ടാം സ്ഥാനവും പങ്കിടുന്നു. 10, 8, 7, 6, 5, 4, 3, 2, 1 എന്നിങ്ങനെയാണ് അതത് ദിവസത്തെ ഒന്നു മുതല്‍ ഒമ്പത് സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് ലഭിക്കുന്ന പോയിന്റ്. ഇതുകൂടാതെ ഹീറ്റ്‌സിലും ഫൈനലിലും ഏറ്റവും മികച്ച സമയം കുറിക്കുന്ന ടീമിന് നെരോലാക് എക്‌സ് എല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ പ്രകാരം അഞ്ച് പോയിന്റ് അധികം ലഭിക്കും.
പന്ത്രണ്ട് മത്സരങ്ങളിലെ ആകെ പോയിന്റ് നിലയില്‍ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.
ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും. പുറമെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 4 ലക്ഷം രൂപ വീതവും ലഭിക്കും.
ബുക്ക്‌മൈ ഷോ വഴിയും വേദികളിലെ 20 കൗണ്ടറുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. 200 രൂപ മുതല്‍ 2000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തമിഴ്, ഏഷ്യാനെറ്റ് വേള്‍ഡ് വൈഡ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്‌സ്‌ററാര്‍, എന്നീ ചാനലുകളില്‍ വൈകീട്ട് നാലു മുതല്‍ അഞ്ച് വരെ മത്സരങ്ങള്‍ തത്സമയം കാണാം ഇടിവി ആന്ധ്രാപ്രദേശ്, ഇടിവി തെലങ്കാന എന്നീ ചാനലുകളില്‍ റെക്കോര്‍ഡ് ചെയ്ത സംപ്രേഷണവുമുണ്ടാകും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.