പുനലൂര്‍:ടിപ്പർ ലോറിക്ക് മുകളിൽ സുരക്ഷിതമല്ലാതെ വെച്ചിരുന്ന ടയർ ഇളകി വീണു ഇരുചക്രവാഹന യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്ക്.
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ പുനലൂർ നെല്ലിപ്പള്ളി പോളിടെക്നിക്കിനു സമീപമാണ് സംഭവം. അമിത വേഗതയിൽ പത്തനാപുരത്തേക്കു പോയ ടിപ്പർ ലോറിക്ക് മുകളിൽ ലോഡ് ചെയ്തിരുന്ന പൈപ്പിനും മുളക്കും മുകളില്‍ അലക്ഷ്യമായി വെച്ചിരുന്ന സ്റ്റെപ്പിനി ടയർ തെറിച്ചു വീഴുകയും പുന്നല നിന്നും പുനലൂരേക്ക് വരികയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരായ ദമ്പതികളുടെ മുകളിലേക്ക് ടയര്‍ വീഴുകയായിരുന്നു. ബൈക്ക് യാത്രക്കാരായ പുന്നല അഖിൽഭവനിൽ അഖിൽ(32) ഭാര്യ അശ്വതി(22) എന്നിവർക്കാണ് ഗുരുതരമായിപരിക്കേറ്റത്. രണ്ടുപേരേയും ഉടന്‍ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ഇരുചക്ര വാഹനം ഓടിക്കുകയായിരുന്ന അഖിലിന്റെ തലയിലും കാലിലും ആണ് ടയർ വീണത്.ടിപ്പറില്‍ ലോഡ് ചെയ്തിരുന്ന മുളകളും,പൈപ്പും കെട്ടിവെക്കാതെ അലക്ഷ്യമായി ലോഡ് ചെയ്തിരുന്നു.ഈ ലോഡിനു മുകളില്‍ ആണ് ടയര്‍ വെച്ചിരുന്നത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം പൂര്‍ണ്ണമായി തകര്‍ന്നു.അഖില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.അപകടം കണ്ട ടിപ്പര്‍ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ പുനലൂർ ആർടിഒ റാംജി എസ് കരൺ ടിപ്പർ കസ്റ്റഡിയിലെടുത്തു.അപകടം ഉണ്ടായാല്‍ ഡ്രൈവര്‍ പാലിക്കേണ്ട മാനദണ്ടങ്ങള്‍ പാലിക്കാതെ ഇരുന്നതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പുനലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ