വിവരാവകാശ അപേക്ഷകള്‍ക്കുള്ള മറുപടി നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍, വിവരാവകാശ കമ്മീഷണര്‍ കെ. വി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗിലാണ് കമ്മീഷന്റെ പരാമര്‍ശം.
സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപകന്‍ സര്‍വീസ് ബുക്കിലെ വിവരങ്ങള്‍ക്കായി നല്‍കിയ അപേക്ഷയില്‍ അപേക്ഷകന്റെ ജനനദിവസവും സര്‍വീസില്‍ പ്രവേശിച്ച ദിവസവും ഒരേ തീയതിയെന്ന് മറുപടി നല്‍കിയ പശ്ചാത്തലത്തിലാണ് വിവരാവകാശ കമ്മിഷന്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ചൂണ്ടിക്കാട്ടിയത്.
വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. കടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് ഫയല്‍ കാണാനില്ലെന്ന് മറുപടി കൊടുത്തത് പരിശോധിക്കവെയാണ് ഉത്തരവാദിത്തം സംബന്ധിച്ച ഓര്‍മപ്പെടുത്തല്‍. ഫയല്‍ കണ്ടെത്താനായില്ലെങ്കില്‍ അതിനുള്ള കാരണം ബോധിപ്പിക്കണം എന്നും നിര്‍ദ്ദേശിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 30 അപേക്ഷകള്‍ പരിഗണിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ