ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ശസ്ത്രക്രിയയ്ക്കൊപ്പം ഇനി സ്വകാര്യ ആശുപത്രി ചികിത്സയും സൗജന്യം. സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലാണ് മുച്ചിറി, മുറി അണ്ണാക്ക് എന്നിവയ്ക്കുള്ള ശസ്ത്രക്രിയയ്ക്ക് സ്വകാര്യ ആശുപത്രി വഴി സൗജന്യ ചികിത്സയ്ക്കുള്ള സൗകര്യം പുതുതായി ഏര്‍പ്പെടുത്തിയത്. 2014 മുതല്‍ സൗജന്യ ശസ്ത്രക്രിയകള്‍ക്ക് ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം (ഡി.ഇ.ഐ.സി) സൗകര്യം ഒരുക്കിയിരുന്നു.
നവജാതശിശു മുതല്‍ പ്രായമായവര്‍ക്കുവരെ പ്രയോജനപ്പെടുത്താനാകും വിധമാണ് മുച്ചിറി-മുറി അണ്ണാക്ക് ചികിത്സാ പദ്ധതി നടപ്പിലാക്കുന്നത്. ചെങ്ങന്നൂര്‍ സെന്റ് തോമസ് ആശുപത്രിയിലാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. ശസ്ത്രക്രിയ, യാത്രാപ്പടി, രോഗിയുടെ താമസം, മരുന്നുകള്‍ എന്നിവ പൂര്‍ണമായും സൗജന്യമാണ്.
അഞ്ച് ഘട്ടങ്ങളിലായി മൂന്നു ലക്ഷം രൂപ വരെ ചെലവ് വരുന്നതാണ് ശസ്ത്രക്രിയ. ഡോ. എ.കെ. ചെറിയാന് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് ചെലവ് വഹിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷമുള്ള സ്പീച് തെറാപ്പി ഉള്‍പ്പെടെയുള്ള തുടര്‍ പരിശോധനകള്‍ക്കുള്ള സൗകര്യം ഡി.ഇ.ഐ.സി യില്‍ ഒരുക്കുകവഴി രോഗികള്‍ക്ക് യാത്രാബുദ്ധിമുട്ടും ഒഴിവാക്കാം. ഇതുവരെ 12 ശസ്ത്രക്രിയകള്‍ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ നിര്‍വഹിച്ചതായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആര്. സന്ധ്യ പറഞ്ഞു.
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.ഇ.ഐ.സി. സംഘടിപ്പിച്ച ബോധവല്‍ക്കരണ സ്ക്രീനിങ് ക്യാമ്പ് വിക്ടോറിയ ആശുപത്രിയില്‍ ആര്.സി.എച് ഓഫീസര്‍ ഡോ. കൃഷ്ണവേണി ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ പരിശോധന അടിസ്ഥാനമാക്കി 38 പേര്‍ക്കാണ് ശസ്ത്രക്രിയക്ക് ശുപാര്‍ശ നല്‍കിയത്. ഇതില്‍ 10 പേര് നവജാതശിശുക്കളാണ്.
ഡോ. എസ.് ഹരികുമാര്‍, ഡോ. മണികണ്ഠന്, ഡോ. ശ്രീകുമാരി, ഡി.ഇ.ഐ.സി മാനേജര്‍ ശങ്കര്‍, മറ്റു ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സെന്റ് തോമസ് ആശുപത്രി ഡയറക്ടര്‍ ഡോ. മാത്യു, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ