
മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം പൂര്‍ണമായും തൊഴിലാളികള്‍ക്ക് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മറൈന്‍ പ്ലൈവുഡ് വള്ളങ്ങള്‍ക്ക് പകരം ഫൈബര്‍ ഗ്ലാസ് വള്ളങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴി തിരഞ്ഞെടുക്കുന്ന ഗ്രൂപ്പുകള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നതിന് പദ്ധതി രൂപീകരിക്കും. ഇതിനായി നബാര്‍ഡുമായി ആശയ വിനിമയം നടത്തിക്കഴിഞ്ഞു. വിവിധ ദേശസാല്‍കൃത ബാങ്കുകളും സഹകരണ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇരുപതോ മുപ്പതോ പേരടങ്ങുന്ന ഗ്രൂപ്പിന് പൊതുവിലാണ് വായ്പ ലഭ്യമാക്കുക. ആസ്തിബാധ്യതകളുടെ ഉത്തരവാദിത്വം ഒരു വള്ളത്തില്‍ പോകുന്ന തൊഴിലാളികള്‍ ഒരുപോലെ പങ്കിടുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തില്‍ നിന്നും കടക്കെണിയില്‍ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം.
ലേലത്തില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി മത്സ്യഫെഡ് നേരിട്ട് മത്സ്യം സംഭരിക്കുന്ന നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറണം. ലേലക്കാരുടെ ദയാദാക്ഷണ്യത്തിന് തൊഴിലാളികളെ വിട്ടുകൊടുക്കാന്‍ ആകില്ല. മത്സ്യഫെഡ് എടുക്കുന്ന മത്സ്യം നേരിട്ട് മാര്‍ക്കറ്റില്‍ എത്തിക്കാനാകും. ഇതിനു സഹായകമായി തങ്കശ്ശേരിയിലും കരിക്കോട് മാര്‍ക്കറ്റിലും പ്രീ-പ്രൊസസിങ് സെന്ററുകള്‍ ആരംഭിക്കാനും ആലോചനയുണ്ട്.
മത്സ്യതൊഴിലാളി സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 11 മത്സ്യത്തൊഴിലാളികള്‍ക്ക് ഫൈബര്‍ വള്ളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരവ് വാടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കൈമാറി. ഒരു യൂണിറ്റിന് രണ്ട് ലക്ഷം രൂപ ക്രമത്തില്‍ 200 യാനങ്ങളാണ് 40 ശതമാനം സബ്‌സിഡിയോടെ നല്‍കുന്നത്. വിവിധ പദ്ധതികളിലായി 1.8 കോടി രൂപയുടെ ധനസഹായവിതരണവും ചടങ്ങില്‍ നടന്നു.
എം മുകേഷ് എം എല്‍ എ അധ്യക്ഷനായി. ആക്ടിങ് മേയര്‍ വിജയ ഫ്രാന്‍സിസ് മൈക്രോ ഫിനാന്‍സ് വായ്പ വിതരണം നടത്തി. മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, ഫിഷറീസ് ഡയറക്ടര്‍ എസ് വെങ്കിടേശപതി, മത്സ്യഫെഡ് എം ഡി ഡോ.ലോറന്‍സ് ഹാരോള്‍ഡ്, ഡയറക്ടര്‍മാരായ ജി രാജാദാസ്, സബീന സ്റ്റാന്‍ലി, ഫിഷറീസ് സര്‍വകാലശാല ഭരണ സമിതി അംഗം എച്ച് ബെയ്സില്‍ ലാല്‍, കൗണ്‍സിലര്‍ ഷീബ ആന്റണി, ജോയിന്റ് ഡയറക്ടര്‍ ശ്രീകണ്ഠന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി, സംഘടന നേതാക്കളായ എ അനിരുദ്ധന്‍, കെ രാജീവന്‍, ബിജു ലൂക്കോസ്, പി ജയപ്രകാശ്, ജി ശാന്തകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ