
വെളിയം പഞ്ചായത്തിലെ തുറവൂര്‍ സ്വദേശിയായ ഓമന ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ദുരിത ജീവിതം നയിക്കുകയായിരുന്നു ഇതുവരെ. പോളിയോ ബാധിച്ച് വര്‍ഷങ്ങളായി കിടപ്പിലായ മകള്‍ സുമയുടെ പരിചരണം ദുരിതങ്ങള്‍ ഇരട്ടിപ്പിക്കുകയായിരുന്നു. ഒരു കട്ടില് പോലും ഇല്ലാത്ത വീട്ടില്‍ നിവര്‍ന്നിരിക്കാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്ന സുമയുടെ ജീവിതം മാറുകയാണ് ഇപ്പോള്‍.
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് ആണ് ഈ കുടുംബത്തിന് തണലായത്. രണ്ട് കിടപ്പ് മുറി, ഒരു ഹാള്‍, അടുക്കള, ശുചിമുറി എന്നിവയുള്ള വീടാണ് ഇവര്‍ക്കായി നിര്‍മിച്ചത്. തറയില്‍ ടൈല്‍ പാകിയിട്ടുണ്ട്. സുമയ്ക്കായി ഒരു കട്ടിലും പഞ്ചായത്ത് വഴി ലഭ്യമാക്കി.
മകളുടെ പരിചരണം നിര്‍വഹിക്കേണ്ടതിനാല്‍ തൊഴിലിന് പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഓമനയ്ക്ക്. പഞ്ചായത്തിന്റെ ആശ്രയ പദ്ധതി വഴി 600 രൂപയുടെ ഭക്ഷ്യധാന്യം നല്‍കിയാണ് ഈ പ്രതിസന്ധിക്കും പരിഹാരമൊരുക്കിയത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് മിഷന് മുഖേന വെളിയം ഗ്രാമ പഞ്ചായത്തില്‍ 125 വീടുകളാണ് അനുവദിച്ചത്. 117 എണ്ണവും പൂര്‍ത്തിയാക്കി. എട്ടു വീടുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. നാലു ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യമായ 25000 രൂപയുമാണ് ഗുണഭോക്താവിന് ലഭിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഇവിടെ ഭവന പദ്ധതിക്കായി വകയിരുത്തിയത് എന്ന് വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിംലാല്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ