ആഹാരം ലഭ്യമാകാതെ വിശപ്പ് അനുഭവിക്കുന്നവര്‍ക്കായി സുഭിക്ഷ പദ്ധതി വരുന്നു. വിശപ്പ്രഹിത കേരളത്തിന്റെ ഭാഗമായി ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. 45 ലക്ഷം രൂപ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.
പ്രാരംഭഘട്ടത്തില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് നടപ്പിലാക്കുക. ദിവസം കുറഞ്ഞത് 100 പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കും. താലൂക്കുകളില്‍ തുടങ്ങുന്ന പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. താലൂക്കുകളില്‍ പദ്ധതിക്കായി സ്ഥലം കണ്ടെത്തുന്നത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായുള്ള ആലോചനാ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്ന പദ്ധതി വഴി കിടപ്പുരോഗികള്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിക്കും. മറ്റുള്ളവര്‍ക്ക് 30 രൂപ നിരക്കിലായിരിക്കും ഭക്ഷണം നല്‍കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുക.
സൗജന്യമായി ഭക്ഷ്യസാധനങ്ങള്‍ നല്കാന് താല്‍പ്പര്യമുള്ള വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനുകള്‍ എന്നിവയ്ക്കും പദ്ധതിയുടെ ഭാഗമാകാം.
പുനലൂര്‍, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കുകളില്‍ പ്രാരംഭ നടപടികള്‍ തുടങ്ങി. തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. റെഫ്രിജറേറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജില്ലാ സപ്ലൈ ഓഫീസര്‍ ആര്. അനില്‍രാജ്, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ