തൊഴില്‍മേള 18 ന്
ജില്ലയിലെ പിന്നാക്ക മേഖലകളിലുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി തൊഴില്‍മേള നടത്തുന്നു. ജനുവരി 18ന് രാവിലെ ഒമ്പതിന് തേവള്ളി സര്‍ക്കാര്‍ ബോയ്സ് ഹൈസ്കൂളിലാണ് മേള. ജില്ലാ ഭരണകൂടവും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
പ്രാഥമിക വിദ്യാഭ്യാസം നേടിയവരും അല്ലാത്തവരുമായ സാമ്പത്തിക പരാധീനതയുള്ളവര്ക്കാണ് അവസരം ഒരുക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും കഴിവും പ്രാപ്തിയും കണക്കിലെടുത്താണ് തൊഴില്‍ നല്‍കുക. പാര്‍ട്ട് ടൈം തൊഴിലവസരങ്ങളും ലഭ്യമാക്കും.
ആറു സെറ്റ് ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്നവര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും വിവരങ്ങള്‍ക്കുമായി 9995794641, 0474 2740615 നമ്പരുകളില്‍ ബന്ധപ്പെടാം.
അഷ്ടമുടി കായല്‍ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും
മൂന്നാം ഘട്ടം ഉദ്ഘാടനംജനുവരി 14ന്
അഷ്ടമുടി കായലിലെ കായല്‍ സമ്പത്ത് പുനരുജ്ജീവിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന അഷ്ടമുടി കായല്‍ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും പദ്ധതിയുടെ മൂന്നാം ഘട്ടം തുടങ്ങുന്നു. മത്സ്യ - കക്ക സംരക്ഷിത മേഖലകള്‍ സൃഷ്ടിക്കുക, കണ്ടല്‍ വനവത്കരണം, മത്സ്യവിത്ത് നിക്ഷേപം എന്നിവയാണ് നടപ്പിലാക്കുക.
മത്സ്യസങ്കേത മേഖലയായ തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളത്ത് ഉദ്ഘാടനവും മത്സ്യവിത്ത് നിക്ഷേപവും ഇന്ന് (ജനുവരി 14) വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിര്‍വഹിക്കും.
തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരന് പിള്ള അധ്യക്ഷനാകും. ഡോ. കെ.കെ. അപ്പുക്കുട്ടന് പദ്ധതി വിശദീകരിക്കും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ ശശിധരന്, ജില്ലാ പഞ്ചായത്തംഗം ഡോ രാജശേഖരന്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം ബീന, തൃക്കരുവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അനില്‍കുമാര്‍, നന്ദിനി, തങ്കച്ചന്, പഞ്ചായത്തംഗങ്ങളായ പെരിനാട് തുളസി, പ്രിയ, ശിവശൈല, രാധാകൃഷ്ണന്, പുന്തല മോഹന്‍, ജയശ്രീ, പി ആര് അനില്‍കുമാര്‍, സുധാമണി, ശോഭനകുമാരി, ജെസി, സിദ്ദിഖ് ലാല്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ് അനിത തുടങ്ങിയവര്‍ പങ്കെടുക്കും.
അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ മാര്‍ച്ച് ഏഴിന്
സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്കീമിന്റെ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷത്തെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് 2019-20 അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന കൊല്ലം/ആലപ്പുഴ ജില്ലകളിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി മാര്‍ച്ച് ഏഴിന് ഉച്ച കഴിഞ്ഞ് രണ്ട് മുതല്‍ നാലുവരെയാണ് പരീക്ഷ. കൊല്ലം ജില്ലാക്കാര്‍ക്ക് കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളും ആലപ്പുഴ ജില്ലക്കാര്‍ക്ക് ആലപ്പുഴ പുന്നപ്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുമാണ് കേന്ദ്രങ്ങള്‍. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും വാര്‍ഷിക കുടംബ വരുമാനം 50000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. പ്രതേ്യക ദുര്‍ബല ഗോത്രവര്‍ഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല.
പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ, പഠിക്കുന്ന ക്ലാസ്, സ്കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്, രണ്ടാം നില, പുനലൂര്‍. പി.ഒ, കൊല്ലം-691305 വിലാസത്തില്‍ ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം.
ആലപ്പുഴ, കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും അപേക്ഷ സമര്‍പ്പിക്കാം. ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല. മത്സരപരീക്ഷയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പായി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങുന്നതിനും പ്രതേ്യക ട്യൂഷന് ലഭിക്കുന്നതിനും ധനസഹായം നല്‍കും. ഇവയ്ക്ക് പുറമേ പത്താം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. വിശദ വിവരങ്ങള്‍ പുനലൂര്‍ ട്രൈബര്‍ ഡെവലപ്മെന്റ് ഓഫീസിലും 0475-2222353 നമ്പരിലും ലഭിക്കും.
പാചക വാതക അദാലത്ത് 23 ന്
ജില്ലയിലെ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് ജനുവരി 23 ന് വൈകിട്ട് 4.30 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റിലെ ആത്മ ഹാളില്‍ പാചകവാതക അദാലത്ത് നടത്തും. ഓയില്‍ കമ്പനി - വിതരണ ഏജന്‍സി പ്രതിനിധികള്‍, പൊതുവിതരണ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരാതികള്‍ ജനുവരി 21 നകം അതത് താലൂക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫീസിലോ സമര്‍പ്പിക്കണം.
കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് കോഴ്സ്
കെല്‍ട്രോണ്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് (യോഗ്യത: പ്ലസ് ടൂ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ്പ് ടെക്നോളജീസ് (എസ് എസ് എല്‍ സി), നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന് ആന്റ് ലിനക്സ് (എസ് എസ് എല്‍ സി), കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് (എസ് എസ് എല്‍ സി) എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ 0474-2731061 നമ്പരിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലും ലഭിക്കും.
കെ എ എസ് പരീക്ഷാ പരിശീലനം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കോളേജ് വിദ്യാഭ്യാസ ഡയറക്ടേറ്റിന്റെ സങ്കേതിക സഹകണത്തോടെ നടത്തുന്ന കേരള അഡ്മിനിസ്ട്രേറ്റീസ് സര്വീസ്പരീക്ഷയുടെ സൗജന്യ ഒണ്‍ലൈന്‍ കോച്ചിംഗ് ചവറ ഗവണ്മെന്റ് ബി ജെ എം കോളേജില്സംഘടിപ്പിക്കും. ക്ലാസ്സുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ അഞ്ചുവരെ. വിശദ വിവരങ്ങള്‍9847133866, 0474-2798440 എന്നീ നമ്പരുകളില്‍ ലഭിക്കും.
പൊതുയോഗം 15 ന്
ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഫോര്‍ ബോയ്സിലെ സ്കൂള്‍ വികസന സമിതി യോഗം ജനുവരി 15 ന് രാവിലെ 10 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരും.
ജില്ലാ ആസൂത്രണ സമിതി യോഗം 16 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 16 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ദര്‍ഘാസ് ക്ഷണിച്ചു
വെട്ടിക്കവല അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ 102 അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 30 ന് ഉച്ചയ്ക്ക് ഒരു മണിവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ കുളക്കട ദേശീയ വായനശാലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിലും 0474-2616660 നമ്പരിലും ലഭിക്കും.
ജലവിതരണം 16 മുതല്‍ ; ജാഗ്രത പാലിക്കണം
കല്ലട ജലസേചന പദ്ധതിയുടെ ഈ വര്‍ഷത്തെ വേനല്‍ക്കാല ജലവിതരണം ജനുവരി 16 മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഇടതുകര പ്രധാന കനാലാണ് രാവിലെ 11 മണിക്ക് തുറക്കുന്നത്.
തെ•ല, കരവാളൂര്‍, തലച്ചിറ, മാവിള, ചിരട്ടക്കോണം, സദാനന്ദപുരം, പനവേലി, തൃക്കണ്ണമംഗല്‍, ഇടിസി എന്നിവടങ്ങളിലുള്ളവര്‍ കനാലില്‍ ഇറങ്ങുന്നതും വളര്‍ത്തുമൃഗങ്ങളെ കനാലില്‍ ഇറക്കുന്നതും ഒഴിവാക്കണം. ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയപ്പ് നല്കി.
യുവതിയെ മര്‍ദ്ദിച്ച സംഭവം;വനിതാ കമ്മീഷന് കര്‍ശന നടപടി സ്വീകരിക്കും - ഡോ. ഷാഹിദാ കമാല്‍
കൊല്ലം കുണ്ടറയില്‍ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് കുണ്ടറ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പൊതുവഴിയില്‍ സ്ത്രീയെ ഉപദ്രവിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദാ കമാല്‍ അറിയിച്ചു.
ഭര്‍ത്താവുമായുളള തര്‍ക്കത്തിന്റെ പേരിലാണ് യുവതിയെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും സമാന സംഭവം ഉണ്ടായി. ഭര്ത്താക്കന്മാരുമായുളള പ്രശ്നത്തിന്റെ പേരില്‍ ഈ വിധം ഭാര്യമാരെ അക്രമിക്കുന്നവര്‍ക്കെതിരെ കമ്മീഷന് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ