
വിവരാവകാശ നിയമം; ശില്പശാല 23 ന്
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെയും ഒന്നാം അപ്പീല്‍ അധികാരികളുടെയും ചുമതലകളും കടമകളും എന്ന വിഷയത്തിലുള്ള ശില്പശാല ജനുവരി 23 ന് രാവിലെ 10 മുതല്‍ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കും. ശില്പശാലയില്‍ പങ്കെടുക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി രാവിലെ ഒന്‍പതിന് എത്തണമെന്ന് എ.ഡി.എം അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ ധന്വന്തരി കേന്ദ്ര മെഡിക്കല്‍ സ്റ്റോറിലേക്ക് ആവശ്യമായ ജെനറിക് മരുന്നുകള്‍, ട്രേഡ് നെയിമിലുള്ള കമ്പനി മരുന്നുകള്‍, സര്‍ജിക്കല്‍ ഐറ്റം, ഓര്‍ത്തോ അപ്ലയന്‍സ് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 30 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2750206, 2742004, 7358645451 എന്നീ നമ്പരുകളില്‍ ലഭിക്കും.
ജില്ലാ പഞ്ചായത്ത് യോഗം 23 ന്
ജില്ലാ പഞ്ചായത്തിന്റെ സാധാരണ യോഗം ജനുവരി 23 ന് രാവിലെ 10 ന് പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ ചേരും.
പി എസ് സി; അപേക്ഷ നിരസിച്ചു
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി അറ്റന്‍ഡന്‍ (കാറ്റഗറി നമ്പര്‍ 280/2017) തസ്തികയുടെ തിരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ തസ്തികയുടെ ഗസറ്റ് വിജ്ഞാനപ്രകാരമുള്ള രണ്ടാം യോഗ്യതയായ അംഗീകൃത മെഡിക്കല്‍ ലബോറട്ടറിയില്‍ അസിസ്റ്റന്റ്/ഹെല്‍പ്പര്‍ ആയുള്ള രണ്ട് വര്‍ഷത്തെ പരിചയം തെളിയിക്കുന്ന പരിചയ സര്‍ട്ടിഫിക്കറ്റ് ഗസറ്റ് വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത മാതൃകയില്‍ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട നിയന്ത്രണാധികാരി കൗണ്ടര്‍ സൈന്‍ ചെയ്ത് ഹാജരാക്കാത്ത അപേക്ഷകള്‍ നിരസിച്ചു.
മസ്റ്ററിംഗ് നടത്തണം
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് നടത്താത്തവര്‍ അക്ഷയ കേന്ദ്രം മുഖേന ജനുവരി 31 നകം മസ്റ്ററിംഗ് നടത്തണം. ക്ഷേമ ബോര്‍ഡ് ഓഫീസില്‍ നേരിട്ട് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടുള്ള പെന്‍ഷന്‍കാരും അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
മദ്യ നിരോധനം ഏര്‍പ്പെടുത്തി
ആനയടി ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവ സമാപന ദിവസമായ ജനുവരി 25 ന് ക്ഷേത്രവും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും മദ്യ നിരോധന മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
നിധി ആപ്കെ നികട് ഫെബ്രുവരി 10ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കൊല്ലം റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ പരിപാടി നിധി ആപ്കെ നികട് ഫെബ്രുവരി 10 ന് ചിന്നക്കട പരമേശ്വര്‍ നഗര്‍, പൊന്നമ്മ ചേംബേഴ്സിലെ പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ നടക്കും. തൊഴിലാളികള്‍ക്ക് രാവിലെ 10.30 മുതലും തൊഴില്‍ ഉടമകള്‍ക്കും യൂണിയന്‍ പ്രതിനിധികള്‍ക്കും ഉച്ചയ്ക്ക് 12 മുതലും പങ്കെടുക്കാം.
അപേക്ഷ ജനുവരി 31 നകം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, റീജിയണല്‍ ഓഫീസ്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, പൊന്നമ്മ ചേംബേഴ്സ്, പരമേശ്വര്‍ നഗര്‍, ചിന്നക്കട, കൊല്ലം - 691001 വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫെസിലിറ്റേറ്റര്‍; അപേക്ഷിക്കാം
ആത്മ നടത്തുന്ന ദേശി - ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് കോഴ്‌സിന്റെ 2019-20 വര്‍ഷത്തെ നടത്തിപ്പിന് ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി. എസ്.സി/എം. എസ്.സി യും അഗ്രിക്കള്‍ച്ചറല്‍/ഹോര്‍ട്ടികള്‍ച്ചറില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൃഷി വകുപ്പിലോ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലോ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസ വേതനം 17,000/- രൂപ. അപേക്ഷ ജനുവരി 25 വരെ ആത്മ പ്രോജക്ട് ഡയറക്‌ട്രേറ്റില്‍ സമര്‍പ്പിക്കാം.
തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ നിലവിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള കരട് പ്രസിദ്ധീകരിച്ചു. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും.
2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവര്‍ക്ക് പേരു ചേര്‍ക്കാം. പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകള്‍, സ്ഥാനമാറ്റം എന്നിവയ്ക്കും അവസരം ലഭിക്കും.
പുതിയതായി പേര് ഉള്‍പ്പെടുത്തുന്നതിനും(ഫാറം 4) തിരുത്തല്‍ വരുത്തുന്നതിനും(ഫോം 6) പോളിംഗ് സ്റ്റേഷന്‍/വാര്‍ഡ് മാറ്റത്തിനും(ഫോം 7) ഓണ്‍ലൈന്‍ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. പേര് ഒഴിവാക്കുന്നതിന് ഫോം അഞ്ചില്‍ നേരിട്ടോ തപാലിലൂടെയോ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.lsgelection.kerala.gov.in സൈറ്റിലാണ് സമര്‍പ്പിക്കേണ്ടത്.
വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും. www.lsgelection.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്. അംഗീകൃത ദേശീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന പാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പട്ടികയുടെ പകര്‍പ്പ് സൗജന്യമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് നിശ്ചിത നിരക്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിമാരുമാണ് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍.
അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ നിശ്ചിത ദിവസത്തിനകം അപ്പീലുകള്‍ സമര്‍പ്പിക്കാം. പഞ്ചായത്തുകളെ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംബന്ധിച്ച് നഗരകാര്യ റീജിയണല്‍ ഡയറക്ടര്‍മാരുമാണ് അപ്പീല്‍ അധികാരികള്‍ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍
ഐ.എച്ച്.ആര്‍.ഡി യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ് ടൂ/പ്രീ ഡിഗ്രി), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി), ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിഗ്രി) എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. അപേക്ഷ ജനുവരി 31 വരെ സമര്‍പ്പിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ 9447488348, 0476-2623597 എന്നീ നമ്പരുകളില്‍ ലഭിക്കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 24 ന്
ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഡി/സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 24 ന് രാവിലെ 10 ന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം/എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയോ ബി. ടെക് ബിരുദമോ ആണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപകര്‍പ്പുകളും സഹിതം ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2594579 നമ്പരില്‍ ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ